- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എആർ നഗർ ബാങ്കിലെ തട്ടിപ്പു പുറത്തുവരാതിരിക്കാൻ ലീഗ് അനുഭാവിയെ സഹകരണ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയ നയതന്ത്രം; മന്ത്രിയുടെ സെക്രട്ടറിയുടെ മകന് ലീഗ് ബാങ്കിൽ ജോലി നൽകി പ്രത്യുപകാരം; സഹകരണ രജിസ്ട്രാറെ തള്ളി വിരമിച്ച സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്റർ ഓഫീസറാക്കിയത് കടകംപള്ളി; മലപ്പുറത്തേത് സിപിഎം-മുസ്ലിം ലീഗ് സഹകരണ കൊള്ള
മലപ്പുറം: ആദായനികുതിവകുപ്പ് കേരള ചരിത്രത്തിൽ ഏറ്റവും വലിയ കള്ളപ്പണ നിക്ഷേപമായ 103 കോടി രൂപ കണ്ടുകെട്ടിയ മലപ്പുറം എ.ആർ നഗർ സഹകരണബാങ്കിലെ തട്ടിപ്പുപുറത്തുവരാതിരിക്കാൻ കൈകോർത്തത് മുസ്ലിം ലീഗും സിപിഎമ്മും. അണികൾ തമ്മിലടിക്കുമ്പോഴും കള്ളപ്പണ നിക്ഷേപത്തിനും ഇരുപാർട്ടി നേതാക്കളുടെയും സുരക്ഷിത താവളമാണ് എ.ആർ നഗർ സഹകരണ ബാങ്ക്. മുസ്ലിം ലീഗ് തനിച്ച് ഭരിക്കുന്ന ബാങ്കിൽ അസിസ്റ്റന്റ് സെക്രട്ടറി സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന്റെ മാതൃസഹോദരീ പുത്രി ഇ.എൻ ചന്ദ്രിക. സെക്രട്ടറിയാവട്ടെ ഭർത്താവ് വി.കെ ഹരികുമാർ.
യു.ഡി.എഫ് ഭരണത്തിൽ മുസ്ലിം ലീഗും എൽ.ഡി.എഫ് ഭരണത്തിൽ ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസുമാണ് ബാങ്കിലെ തട്ടിപ്പുകളും കള്ളപ്പണനിക്ഷേപവും പുറത്തുവരാതിരിക്കാൻ പ്രതിരോധകവചം തീർക്കുന്നതെന്നാണ് ആരോപണം. 2018ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തിരൂരങ്ങാടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലെ പരിശോധന വിഭാഗം പരിശോധന നടത്തി ക്രമക്കേട് സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്ന ഘട്ടത്തിലാണ് ലീഗ് അനുഭാവിയെ സിപിഎം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി നിയമിച്ച് സംഘം വിഷയം ഒതുക്കിത്തീർതെന്ന് ചില ഭാരവാഹികൾ തന്നെ രഹസ്യമായി സമ്മതിക്കുന്നു.
യു.ഡി.എഫ് ബാങ്കുകളായ വേങ്ങര, വള്ളിക്കുന്ന് എന്നിവിടങ്ങളിൽ ദീർഘകാലം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ലീഗ് അനുഭാവി പരപ്പനങ്ങാടി സ്വദേശിയ അബ്ദുൽ റഷീദിനെയാണ് ലോക്കൽ, ഏരിയാ കമ്മിറ്റി നേതൃത്വങ്ങൾപോലും അറിയാതെ ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന്റെ ശുപാർശയിൽ സഹകരണ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി വാഴിച്ചതെന്നാണ് ആരോപണം.
അബ്ദുൽറഷീദ് മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാറായിരിക്കെ മുസ്ലിം ലീഗ് ഭരണത്തിലുള്ള തെയ്യാല സഹകരണ ബാങ്ക് സെക്രട്ടറിയായ ഇയാളുടെ സഹോദരൻ മുഹമ്മദ് അൻവറിനെ സ്വർണപണയ തട്ടിപ്പടക്കമുള്ള ക്രമക്കേടിനെ തുടർന്ന് ബാങ്ക് ഭരണസമിതി സസ്പെന്റ് ചെയ്തിരുന്നു. ഈ അന്വേഷണം അട്ടിമറിക്കാൻ ഇടപെട്ടന്ന പരാതി ഉയർന്നതോടെ അബ്ദുൽറഷീദിനെ കോഴിക്കോടേക്ക് സ്ഥലം മാറ്റിയിരുന്നു.
ഇടതുപക്ഷയൂണിയൻ നേതാവായിരുന്ന മുൻസഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാർ കണ്ണൂർ സ്വദേശി രമേശ്ബാബുവിനെ മാറ്റിയാണ് പകരം ലീഗ് അനുഭാവി അബ്ദുൽറഷീദിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കയിതെന്നതും ആശ്ചര്യമാണ്.
പാർട്ടി ഘടകങ്ങൾ അറിയാതെ സിപിഎം അനുഭാവിപോലുമല്ലാത്ത അബ്ദുൽറഷീദിന് സഹകരണമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയതിനെതിരെ സിപിഎം തിരൂരങ്ങാടി ഏരിയാ സമ്മേളനത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ എല്ലാ പ്രതിഷേധവും ജില്ലാ സെക്രട്ടറിയുടെ താൽപര്യത്തിനു മുന്നിൽകെട്ടടങ്ങി.
അബ്ദുൽറഷീദ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായതോടെ എ.ആർ നഗർ സഹകരണ ബാങ്കിനെതിരായ അന്വേഷണങ്ങളെല്ലാം തടസപ്പെട്ടു. ഒതുക്കുങ്ങൽ, തേങ്ങിപ്പലം എന്നീ മുസ്ലിം ലീഗ് ഭരിക്കുന്ന സഹകരണ ബാങ്കുകൾക്കെതിരായ കേസുകളും അന്വേഷണങ്ങളുമെല്ലാം അട്ടിമറിച്ചു. യു.ഡി.എഫ് ഭരണത്തിൽപോലും അനുവദിക്കാൻ ധൈര്യം കാണിക്കാത്ത തരത്തിൽ പരപ്പനങ്ങാടി സർവീസ് സഹകരണബാങ്കിന് ഹോളിഡേ ബ്രാഞ്ച് അടക്കം ലഭിച്ചു.
എ.ആർ നഗർ സഹകരണബാങ്ക് അടക്കം ലീഗ് ബാങ്കുകളിലെയും സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് പ്രസിഡന്റായിരുന്ന കോഡൂർ സഹകരണബാങ്കിലെയുമടക്കമുള്ള തട്ടിപ്പുകൾ മൂടിവെക്കപ്പെട്ടതായും ആരോപണമുണ്ട്. എ.ആർ നഗർബാങ്കിൽ ബിനാമി അക്കൗണ്ടുകൾ വഴി കോടികളുടെ അഴിമതിയും ക്രമക്കേടും നടത്തിയെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ ബാങ്ക് സെക്രട്ടറി വി.കെ ഹരികുമാറിന് വിരമിച്ച ശേഷം സഹകരണ നിയമത്തിനു വിരുദ്ധമായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി വഴിവിട്ട് നിയമിച്ചു. എസ്.എസ്.എൽ.സിയും ജെ.ഡി.സിയും മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള ഹരികുമാറിനെയാണ് സംസ്ഥാനത്താദ്യമായി വിദഗ്ദനെന്ന നിലയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചതെന്നും ആരോപണമുണ്ട്. ഇതോടെ സിപിഎം സഹകരണ ബാങ്കുകൾക്ക്പോലും ലഭിക്കാത്ത ആനുകൂല്യമാണ് എ.ആർ നഗർ ബാങ്ക് സെക്രട്ടറിക്ക് ലഭിച്ചത്.
സഹകരണ നിയമത്തിൽ പറയാത്തതാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയെന്നും ബാങ്കിൽ അഴിമതി നടത്തിയ ഹരികുമാറിനെ നിയമിക്കരുതെന്നും യൂണിറ്റ് ഇൻസ്പെക്ടർ മുതൽ സഹകരണ രജിസ്ടാർ വരെ 26 കുറ്റങ്ങളോളം കണ്ടെത്തിയാണ് ഹരികുമാറിന്റെ അപേക്ഷ അന്നത്തെ സഹകരണ രജിസ്ട്രാർ മിനി ആന്റണി ഐ.എ.എസ് തള്ളിയത്. തുടർന്ന് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അപ്പീൽ നൽകിയാണ് ഹരികുമാറിനെ വഴിവിട്ട് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. സഹകരണ രജീസ്ട്രാറുടെ ഉത്തരവുപോലും തള്ളിക്കൊണ്ട് നോട്ടെഴുതിയാണ് ഹരികുമാറിനെ 60,000 രൂപ മാസശമ്പളത്തിൽ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്.
ഈ നിയമനനോട്ടെഴുതിയതുപോലും അബ്ദുൽറഷീദാണ്. ഇതിനു പുറമെ അഴിമതിക്കാരനാണെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ ഹരികുമാറിനെ ബാങ്കിങ്മേഖല ആധുനീകരിക്കാനുള്ള സംസ്ഥാനതല കമ്മിറ്റി സ്ഥാനവും നൽകി . ഈ വഴിവിട്ട സഹായങ്ങൾക്കുള്ള പ്രത്യുപകാരമായി സിപിഎം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അബ്ദൽറഷീദിന്റെ മകൻ അസീമിന് മുസ്ലിം ലീഗ് ഭരിക്കുന്ന വേങ്ങര സഹകരണബാങ്കിൽ ജോലിയും നൽകി.
യൂത്ത്ലീഗ് നേതാക്കൾക്കുവരെ 17 ലക്ഷം കോഴവാങ്ങി നൽകിയ തസ്തികയാണ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് സൗജന്യമായി നൽകിയത്. മലപ്പുറത്ത് സഹകരണമേഖലയിലെ ഈ അന്തർധാരകണ്ട് മൂക്കത്ത് വിരൽവെക്കുകയായിരുന്നു സഹകരണവകുപ്പ് ജീവനക്കാർ. എ.ആർ സഹകരണബാങ്കിനെതിരായ പന്ത്രണ്ടോളം അന്വേഷണ റിപ്പോർട്ടുകളാണ് ഈ സംഘം മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ പൂഴ്ത്തിവെച്ചത്.