ചെന്നൈ: 'ഞങ്ങളുടെ അസ്തിത്വത്തിന്റെ വേര് തമിഴാണ്' എന്ന വരി ഉൾപ്പെടുത്തിയുള്ള സംഗീത ഇതിഹാസം എ.ആർ. റഹ്മാന്റെ ട്വീറ്റ് വൈറലാകുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ 'ഇംഗ്ലീഷിന് പകരം ഹിന്ദി' എന്ന വിവാദ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് 'തമിഴനങ്ക്' അഥവാ തമിഴ് ദേവതയുടെ ചിത്രം എ.ആർ. റഹ്മാൻ ട്വീറ്റ് ചെയ്തത്. കവി ഭാരതിദാസന്റെ 'ഞങ്ങളുടെ അസ്തിത്വത്തിന്റെ വേര് തമിഴാണ്' എന്ന വരിയോടെയാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

 

പരമ്പരാഗത തമിഴ് ശൈലിയിൽ വെളുത്ത സാരിയണിഞ്ഞ്, മുടി വിടർത്തിയിട്ട്, കുന്തവുമേന്തി നൃത്തം ചെയ്യുന്ന സ്ത്രീയാണ് ചിത്രത്തിലുള്ളത്. പങ്കുവെച്ച് മണിക്കൂറുകൾക്കകം ട്വീറ്റ് വൈറലായി. കഴിഞ്ഞദിവസം രാത്രി 11 മണിക്ക് ചെയ്ത ട്വീറ്റ് പതിമൂവായിരത്തിലേറെ തവണ റീട്വീറ്റ് ചെയ്യപ്പെട്ടു.

തമിഴ് വാഴ്‌ത്ത് അഥവാ തമിഴ് ദേശീയ ഗാനത്തിലെ ഒരു വാക്കാണ് തമിഴ് ദേവത എന്നർത്ഥമുള്ള തമിഴനങ്ക്. മനോന്മണ്യം സുന്ദരംപിള്ളയുടെ വരികൾക്ക് എം.എസ്. വിശ്വനാഥനാണ് സംഗീതം പകർന്നത്.

പാർലമെന്റിലെ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തിൽ സംസാരിക്കവേയാണ് വ്യത്യസ്ത സംസ്ഥാനക്കാർ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലീഷിലല്ല ഹിന്ദിയിൽ സംസാരിക്കണമെന്ന് അമിത് ഷാ പറഞ്ഞത്. പ്രാദേശിക ഭാഷകൾക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു.