റിയാദ്: ഖത്തറിന് മേലുള്ള ഉപരോധം പിൻവലിക്കണമെങ്കിൽ അൽ ജസീറ ചാനൽ പൂട്ടണമെന്നത് ഉൾപ്പെടെ പതിമൂന്നോളം ഉപാധികൾ മുന്നോട്ടുവച്ച് സൗദി അറേബ്യ ഉൾപ്പെടെയുള്ള ജിസസി രാജ്യങ്ങൾ. ഉപാധികളടങ്ങിയ പട്ടിക മധ്യസ്ഥശ്രമം നടത്തുന്നു കുവൈത്തിന് സമർപ്പിച്ചതായാണ് റിപ്പോർട്ട്.

സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ സംയുക്തമായാണ് ആവശ്യങ്ങളുടെ പട്ടിക കുവൈത്തിന് സമർപ്പിച്ചത്. കുവൈത്ത് ഉപാധികളുടെ പട്ടിക ഖത്തറിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഉപരോധ രാജ്യങ്ങൾ സമർപ്പിച്ച പട്ടികയ്ക്ക് ഖത്തറോ കുവൈത്തോ അനുമതി നൽകിയിട്ടില്ലെന്നാണ് സൂചന. ഇറാനുമായുള്ള അടുപ്പം കുറയ്ക്കണമെന്ന ആവസ്യവും ഉപാധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഉപാധികൾ പിൻവലിക്കാതെ അനുരഞ്ജന ചർച്ചകൾക്കില്ലെന്ന് കഴിഞ്ഞ ദിവസം ഖത്തർ വ്യക്തമാക്കിയിരുന്നു. അൽ ജസീറ ഉൾപ്പെടെയുള്ള ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചക്കും രാജ്യത്തിന്റെ വിദേശനയം അടിയറവച്ച് കീഴടങ്ങാൻ തയ്യാറല്ലെന്നുമുള്ള നിലപാട് നേരത്തെ തന്നെ ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ഔദ്യോഗിക വാർത്താചാനലായ അൽജസീറ അടച്ചുപൂട്ടണമെന്ന ഉപാധികൾ ഖത്തർ തള്ളിക്കളയാനാണ് സാധ്യത. ഉപരോധ രാജ്യങ്ങൾ സമർപ്പിച്ച പട്ടിക സംബന്ധിച്ച് ഖത്തറിന്റെയോ കുവൈത്തിന്റെയോ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.

ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങൾ അതിനുള്ള കാരണങ്ങൾ വ്യക്തമാക്കണമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉപാധികൾ അടങ്ങിയ പട്ടിക ഉപരോധക്കാർ കൈമാറിയത്.