ദുബായ്: ഖത്തറിനെതിരായുള്ള ഉപരോധം കൂടുതൽ കർശനമാക്കാൻ സൗദി സഖ്യ രാജ്യങ്ങൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ന് മനാമയിൽ നടന്ന സൗദി, ഈജിപ്ത്, യുഎഇ, ബഹ്റൈൻ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇക്കാര്യം തീരുമാനമായതാണ് സൂചന.

ഇറാനുമായുള്ള ബന്ധത്തെ തുടർന്ന് തീവ്രവാദ ഗ്രൂപ്പുകൾക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ച് ജൂൺ അഞ്ചിനാണ് അഞ്ച് അറബ് രാഷ്ട്രങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്. ഖത്തറിന്റെ സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ബാധിക്കുന്ന തരത്തിലുള്ള ഉപരോധമായിരിക്കും ഇനി ഏർപ്പെടുത്താൻ പോകുകയെന്നാണ് റിപ്പോർട്ടുകൾ.

ഭീകരവാദത്തിനെതിര സൗദി, ഈജിപ്ത്, യുഎഇ എന്നിവരോടൊപ്പം ബഹ്റൈൻ ഉറച്ച് നിന്ന് പോരാടുമെന്ന് ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫ പറഞ്ഞു.

അറബ് രാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്ന പരിഹാരത്തിനായി കുവൈത്ത്, തുർക്കി, അമേരിക്ക എന്നീ രാജ്യങ്ങൾ നിരവധി തവണ ശ്രമിച്ചിരുന്നെങ്കിലും മഞ്ഞുരുകിയിരുന്നില്ല.