- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ സ്ഥാപിച്ച അറബി പരസ്യ ബോർഡുകൾ നശിപ്പിച്ചതിനെതിരെ പരാതി; ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് മുതൽ സമൂഹമാധ്യമങ്ങളിൽ വർഗ്ഗീയ പ്രചരണങ്ങൾ നടന്നെന്ന് ആക്ഷേപം; ഹുമാക്സ് ഇന്ത്യ ലിമിറ്റഡ് പരസ്യം നൽകിയത് ഒരു വർഷത്തേക്കുള്ള അനുമതി വാങ്ങി
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിവിധയിടങ്ങളിലുള്ള ബസ് സ്റ്റോപ്പുകളിൽ സ്ഥാപിച്ചിരുന്ന പരസ്യബോർഡുകൾ നശിപ്പിച്ചതിനെതിരെ പൊലീസിൽ പരാതി നൽകി. പരസ്യം നൽകിയ ഹുമാക്സ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയുടെ അധികൃതരാണ് പരസ്യബോർഡുകൾ നശിപ്പിക്കപ്പെട്ടതിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കോഴിക്കോട് നഗരത്തിലെ ഏഴ് ഇടങ്ങളിലുള്ള ബസ് സ്റ്റോപ്പുകളിലാണ് കമ്പനി പരസ്യം നൽകിയിരുന്നത്.
അശോകപുരം, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലുള്ള റോഡുകളിലെ ബസ് സ്റ്റോപ്പുകളിലാണ് പരസ്യം പതിച്ചിരുന്നത്. റോഡ് നിർമ്മിച്ച് പരിപാലിക്കുന്ന ഊരാലുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പേറേറ്റീവ് സൊസൈറ്റിയിൽ നിന്നും ഒരു വർഷത്തേക്കുള്ള അനുമതി വാങ്ങിയാണ് കമ്പനി പരസ്യം സ്ഥാപിച്ചിരുന്നത്. വൈവിദ്ധ്യത്തിനായി പരസ്യങ്ങളിൽ കമ്പനിയുടെയും ഉത്പന്നത്തിന്റെയും പേര് അറബിയിലും എഴുതിയിരുന്നു. ഇത്തരത്തിൽ അറബിയിൽ എഴുതിയതാണ് ബോർഡുകൾ നശിപ്പിക്കപ്പെടാണ് കാരണമായത്.
ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് മുതൽ സമൂഹമാധ്യമങ്ങളിൽ വർഗ്ഗീയ പ്രചരണങ്ങൾ നടന്നിരുന്നു. ചില സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നാണ് ഇത്തരം പ്രചരണങ്ങൾ തുടക്കത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. അറബിയിൽ എഴുതിയ ബോർഡുകളുടെ ചിത്രങ്ങൾ സഹിതം ഇത് പാക്കിസ്ഥാനിലാണോ എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരണം ആരംഭിച്ചത്. പിന്നീട് ഫേസ്ബുക്കിലെ യുക്തിവാദികളുടെ ഗ്രൂപ്പായ എസ്സൻസ് ഗ്ലോബൽ എന്ന ഗ്രൂപ്പിലും അറബിയിൽ എഴുതിയ ബോർഡിനെതിരെ സമാനരീതിയിൽ വിദ്വേഷ പ്രചരണങ്ങൾ വന്നു.
ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരണം നടക്കുന്നതിനിടയിലാണ് രാത്രിയിൽ ഏഴിടങ്ങളിലായി സ്ഥാപിച്ച ബസ് സ്റ്റോപ്പുകളിലെ ബോർഡുകൾ നശിപ്പിക്കപ്പെട്ടത്. അറബിയിൽ പരസ്യം എഴുതിയതിനെതിരെ ഫോൺ വഴിയും ഭീഷണിയുണ്ടായിരുന്നതായി ഹ്യുമാക്സ് കമ്പനി അധികൃതർ പറഞ്ഞു. ഫോൺ വഴി ഭീഷണി വന്നതിന് പിന്നാലെയാണ് ബോർഡുകൾ നശിപ്പിക്കപ്പെട്ടത്. ബസ് സ്റ്റോപ്പുകളിൽ വിനൈൽ പേപ്പറിൽ പ്രിന്റെടുത്ത് ഒട്ടിച്ചിരുന്ന പരസ്യങ്ങൾ പൂർണ്ണമായും പറിച്ച്കൊണ്ടുപോവുകയാണ് ചെയ്തത്.
ഏഴു ബസ് സ്റ്റോപ്പുകളിൽ സ്ഥാപിച്ച പരസ്യ ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്. അതേ സമയം സമാന രീതിയിൽ നഗരത്തിനു പുറത്ത് സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ നഷ്ടമായിട്ടില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ