- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഴിവു സമയങ്ങളിൽ നേരമ്പോക്കിനായി തുടങ്ങിയത് അറബി തല തിരിച്ചെഴുതൽ; സുഹൃത്തുക്കളുടെ പ്രോത്സാഹനം കൂടിയായപ്പോൾ ആവർത്തനം; റെക്കോർഡുകളെ കുറിച്ചറിയു്നതും താത്പര്യം ജനിക്കുന്നതും സോഷ്യൽ മീഡിയ വഴി; ഒടുവിൽ തലകുത്തനെ അറബിയെഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ജലീൽ
പാലക്കാട്: തലകുത്തനെ അറബിയെഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഒരാൾ പാലക്കാടുണ്ട്. പാലക്കാട് എന്നല്ല ലോകത്ത് തന്നെ ഇത്തരത്തിൽ റെക്കോർഡ് നേടുന്ന ആദ്യവ്യക്തിയാണ് ജലീൽ. സാധാരണ വലതു നിന്നും ഇടത്തോട്ട് എഴുതുന്ന അറബി ഭാഷയിൽ ഇടതു നിന്നും വലത്തോട്ടും അധോമുഖമായും അതായത് തലകുത്തനെ വളരെ വേഗത്തിൽ ജലീൽ അറബി എഴുതും. ഇങ്ങിനെ അറബിയെഴുതിയാണ് ജലീൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചത്. ലോകത്ത് തന്നെ ആദ്യമായി ഇത്തരത്തിൽ റെക്കോർഡ് നേടുന്ന ആദ്യത്തെ വ്യക്തി കൂടിയാണ് ജലീൽ. 24 കാരനായ ജലീൽ പാലക്കാട് പുതുശ്ശേരി സ്വദേശിയാണ്.
കണ്ണൂർ സർവകലാശാലയിൽ നിന്നും അറബിയിൽ ബിരുദാനന്തര ബിരുദം നേടിയ ജലീൽ ഒഴിവുസമയങ്ങളിൽ നേരമ്പോക്കിനായി തുടങ്ങിയതാണ് അറബി തല തിരിച്ചെഴുതുന്നത്. സുഹൃത്തുക്കളുടെ പ്രോത്സാഹനം ജലീലിന്റെ കഴിവ് വളരുന്നതിന് കാരണമായി. റെക്കോർഡുകളെക്കുറിച്ചറിയുന്നതും താത്പര്യം ജനിക്കുന്നതും സോഷ്യൽ മീഡിയ വഴിയാണ്. പിന്നീടങ്ങോട്ട് റെക്കോർഡ് നേട്ടത്തിനായുള്ള പരിശ്രമം ആരംഭിച്ചു. ഓരോ ദിവസവും രണ്ട് മണിക്കൂർ വീതം രാത്രികളിൽ പരിശീലനത്തിനായി ജലീൽ മാറ്റിവെച്ചു. പടി പടിയായി ലോക റെക്കോർഡ് നേടാനുറപ്പിച്ച ജലീൽ ആദ്യം ഐബിആറിൽ ഇടം പിടിക്കാൻ തീരുമാനിച്ചു.
ഒന്നര മാസത്തെ പരിശീലനത്തിനൊടുവിലാണ് റെക്കോർഡ് നേട്ടത്തിനായുള്ള പ്രകടനം കാഴ്ച വെക്കുന്നത്. ആദ്യ ശ്രമത്തിൽ തന്നെയാണ് ജലീൽ റെക്കോർഡ് നേട്ടം കൈവരിച്ചത്. പ്രകടനത്തിന് ഇൻവിജിലേറ്ററായി എത്തിയത് മണ്ണാർക്കാട് തഹസിൽദാർ എൻ.എം. റാഫി ആയിരുന്നു. 2 മിനിറ്റ് 47 സെക്കന്റ് കൊണ്ടാണ് ജലീൽ റെക്കോർഡിട്ടത്. ഇനി ലോക റെക്കോർഡ് നേടണം പിന്നെ ഒരു അദ്ധ്യാപകനുമാകണം ഇതാണ് ജലീലിന്റെ ഇനിയുള്ള ലക്ഷ്യം. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം ഇതെല്ലാം സാധിക്കുമോ എന്ന ഒരു ആശങ്കയും ജലീലിനുണ്ട്.
ആദ്യം 100 രക്തസാക്ഷികളുടെ പേരുകൾ അറബിയിൽ ഇത്തരത്തിൽ എഴുതാമെന്നാണ് തീരുമാനിച്ചതെങ്കിലും അവരുടെ പേരുകൾ പഠിച്ചെടുക്കാൻ തന്നെ വലിയ സമയം വേണ്ടി വരുമെന്ന് മനസ്സിലാക്കിയതോടെ സുപരിചിതമായ ഇന്ത്യൻ ദേശീയ ഗാനം ഇത്തരത്തിൽ എഴുതുവാൻ തീരുമാനിക്കുകയായിരുന്നു. ദേശീയ ഗാനം ഇത്തരത്തിൽ വേഗത്തിൽ എഴുതുമ്പോൾ തെറ്റ് കൂടാതെ ചെയ്യുക എന്നത് വലിയൊരു ഉത്തരവാദിത്വമായിരുന്നെന്ന് ജലീൽ പറയുന്നു.
വളരെ ചെറുപ്പം മുതലേ കഷ്ടപ്പാടുകൾക്ക് നടുവിലൂടെയായിരുന്നു അബ്ദുൾ ജലീലിന്റെ ജീവിതം. ചെറുപ്പത്തിലേ പിതാവ് ഉപേക്ഷിച്ച് പോയ ജലീലിനും രണ്ട് സഹോദരങ്ങൾക്കും താങ്ങും തണലുമായത് ഉമ്മ നസർ ജഹാനാണ്. പാലക്കാട് നഗരത്തിലെ വാടക മുറിയിൽ തുണി തുന്നിയും തുന്നലിന് പരിശീലനം നൽകിയും നസർജഹാന് ലഭിക്കുന്ന പണമാണ് കുടുംബത്തിന്റെ ഏക വരുമാന മാർഗം.
ജലീലിന്റെ താഴെയുള്ള രണ്ട് സഹോദരങ്ങളും വിദ്യാർത്ഥികളാണ്. ഇവരുടെ പഠനത്തിന് തന്നെ ഭീമമായ തുക ആവശ്യമായി വരുന്നുണ്ട്. ചെറുപ്പം മുതൽ തന്നെ പുതുശ്ശേരിയിലെ വാദി റഹ്മ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള അനാഥ മന്ദിരത്തിൽ നിന്നാണ് ജലീൽ പഠിക്കുന്നത്. ജലീലിന്റെ പഠനത്തിലുള്ള താത്പര്യവും ജീവിത സാഹചര്യവും തിരിച്ചറിഞ്ഞ പി.കെ. ഹഫീസുള്ള പഠനത്തിനായുള്ള സൗകര്യങ്ങളെല്ലാം ചെയ്തു നൽകി. പെരിന്തൽമണ്ണ സ്വദേശിയായ ഉണ്ണീൻ കുട്ടിയും ജലീലിന് താങ്ങാകാറുണ്ട്.