- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല പ്രിന്റ്... ഹെഡ് സെറ്റ് ഉപയോഗിച്ചാൽ ഓഡിയോയും സൂപ്പർ; സിനിമാ കൊട്ടകയിൽ മരയ്ക്കാറെ എത്തിച്ചത് കാഞ്ഞിരപ്പള്ളിക്കാരൻ; മൊബൈൽ കടയുടമയെ പൊക്കിയത് ഏരുമേലിയിലെ വീട്ടിൽ നിന്നും; നസീഫിനെ കുടുക്കിയ സൈബർ സെൽ അന്വേഷണം വ്യാപിപ്പിക്കുന്നു; അറബിക്കടലിന്റെ സിംഹത്തെ ചതിച്ചവർ കുടുങ്ങും
കോട്ടയം: നെഗറ്റീവ് റിവ്യൂകളെ സോഷ്യൽ മീഡിയയിലെ ബദൽ കാമ്പൈനിലൂടെ അതിജീവിക്കുകായണ് 'മരക്കാർ അറബിക്കടലിന്റെ സിംഹം'. ഇതിനിടെയാണ് വ്യാജൻ എത്തിയത്. ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് എന്നയാളെയാണ് കോട്ടയം എസ്പി ഡി. ശിൽപ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
സിനിമ കമ്പനി എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് ഇയാൾ ചിത്രത്തിന്റെ വ്യാജപ്രിന്റ് അപ്ലോഡ് ചെയ്ത് പ്രചരിപ്പിച്ചത്. നല്ല പ്രിന്റ് ആണെന്നും ഓഡിയോ ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കണമെന്നും പറഞ്ഞ് സിനിമ പല ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുത്ത ഇയാളെ സൈബർ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. സിനിമാ കൊട്ടകയെന്ന ഗ്രൂപ്പിലായിരുന്നു ഇയാൾ വീഡിയോ ഇട്ടു കൊടുത്തത്.
മൊബൈൽ കടയുടമയാണ് നസീഫ്. മരക്കാർ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന. ഇവരിൽ പലരും സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇന്റർനെറ്റിലെ ഒരു ലിങ്കിലാണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്. വിപിഎൻ ഉപയോഗിച്ചു മാത്രമേ ഈ ലിങ്കിൽ കയറാനാകൂ. ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്താണ് പ്രചരണം.
സിനിമയുടെ പതിപ്പ് സിനിമ ഇറങ്ങിയ ദിവസം തന്നെ പുറത്തു വന്നതിന്റെ അമ്പരപ്പിലാണ് അണിയറപ്രവർത്തകർ. ചിത്രത്തെ തകർക്കുക എന്ന ബോധപൂർവമായ ഉദ്ദേശ്യത്തോടെ ഒരുകൂട്ടം ആളുകൾ വ്യാജപതിപ്പ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അവരെല്ലാം കുടുങ്ങുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രം പ്രീ ബുക്കിംഗിലൂടെ തന്നെ നൂറു കോടി ക്ലബ്ബിൽ കയറി ചരിത്രം സൃഷ്ടിച്ചിരുന്നു. തുടക്കത്തിൽ നെഗറ്റീവ് റിവ്യൂ ആയിരുന്നു ഏറെയും. പിന്നീട് അത് മാറി.
മരക്കാർ: അറബിക്കടലിന്റെ സിംഹം പോലൊരു സിനിമ നമ്മുടെ അഭിമാനമാണെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ജൂഡ് ആന്റണി ഇക്കാര്യം പറഞ്ഞത്.ഞാൻ ഒരു കടുത്ത ലാലേട്ടൻ ഫാനാണ് , ഞാനൊരു കടുത്ത പ്രിയദർശൻ ഫാനാണ് . ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് ഞാൻ മരക്കാർ കണ്ടത് . 90 ദിവസം കൊണ്ട് ഇതുപോലെ ഒരു സിനിമ ഷൂട്ട് ചെയ്ത പ്രിയൻ സാറിനൊരു ബിഗ് സല്യൂട്ട് .
ഒരുസിനിമയെയും എഴുതി തോൽപ്പിക്കാൻ പറ്റില്ല. എന്നാലും അതിനു ശ്രമിക്കുന്ന ചേട്ടന്മാരോട് ഒരു കാര്യം മാത്രം പറയാം . ഇത് പോലൊരു സിനിമ നമ്മുടെ അഭിമാനമാണ് . ചെറിയ ബഡ്ജറ്റിൽ അത്ഭുതങ്ങൾ കാണിക്കാൻ ഇനിയും മലയാള സിനിമക്ക് കഴിയട്ടെ,? ജൂഡ് ആന്റണി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മറുനാടന് മലയാളി ബ്യൂറോ