- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിയുടെ ഇടപെടലും വെറുതേയായി; അറാക്കപ്പ് ആദിവാസി കോളനി വാസികളുടെ പുനരധിവാസം എങ്ങുമെത്തിയില്ല; അറാക്കപ്പിൽ ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി പറഞ്ഞിട്ടും കേട്ടില്ല; താമസ സൗകര്യം ലഭിക്കും വരെ ഹോസ്റ്റലിൽ നിന്നും താമസം മാറില്ലെന്ന നിലപാട് ആവർത്തിച്ചു അന്തേവാസികൾ
കോതമംഗലം: ഇടമലയാർ ട്രൈബൽ സ്കൂൾ ഹോസ്റ്റലിൽ താമസിച്ചുവരുന്ന അറാക്കപ്പ് ആദിവാസി കോളനിവാസികളുടെ പുനരധിവാസ പ്രശനത്തിൽ മന്ത്രിയുടെ ഇടപെടലും ഫലം കണ്ടില്ല. ഇന്നലെ വൈകിട്ട് 5.30-തോടെ ഇടലയാർ കെ എസ് ഇ ബി ഐ ബിയിൽ താമസക്കാരുടെ പ്രതിനിധികളുമായി മന്ത്രി കെ രാധാകൃഷ്ണൻ കൂടിക്കാഴ്ച നടത്തിയിരുന്നു. അറാക്കപ്പിൽ ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും അതിനാൽ അവിടേയ്ക്ക് തിരിച്ചുപോകാൻ സന്നദ്ധരാവണം എന്നുമായിരുന്നു കൂടിക്കാഴ്ചയിൽ മന്ത്രിയുടെ ഭാഗത്തുനിന്നും ഉയർന്ന നിർദ്ദേശം.
മന്ത്രിയുടെ നിർദ്ദേശം അംഗീകരിക്കാൻ താമസക്കാർ തയ്യാറല്ല എന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷമുള്ള ഇവരുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാവുന്നത്. അറാക്കപ്പിലേയ്ക്ക് തങ്ങൾ മടങ്ങിപ്പോകില്ലന്നും സുരക്ഷിതമായ താമസ സൗകര്യം ലഭിക്കും വരെ ഹോസ്റ്റലിൽ നിന്നും താമസം മാറില്ലന്നുള്ള മുൻ നിലപാടിൽ മാറ്റമില്ലന്നുമാണ് ഇന്നലെ രാത്രിയിൽ താമസക്കാർ മറുനാടനോട് പ്രതികരിച്ചത്. ഇവരുമായി നടത്തിയ കൂടിക്കാഴ്ചയെ സംബന്ധിച്ച് മന്ത്രിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം ഇനിയും പുറത്തുവന്നിട്ടില്ല.
കൂടിക്കാഴ്ചയ്ക്ക് മുമ്പ് മന്ത്രി ചാലക്കുടിക്കടുത്ത് വനമേഖലയിലെ അറാക്കപ്പ് ആദിവാസികോളനി സന്ദർശിച്ച് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.അടിസ്ഥാന സൗകര്യവികസനത്തിനായി സർക്കാർ അറാക്കപ്പിൽ നടപ്പിലാക്കുന്ന വികസനപ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രി കോളനിവാസികളെ ധരിപ്പിച്ചു. അവരുടെ പരാതിയും പരിഭവങ്ങളുമെല്ലാം ശ്രദ്ധയോടെ കേട്ട മന്ത്രി,വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പുനൽകിയാണ് കോളനിയിൽ നിന്നും മടങ്ങിയത്.
രാവിലെ 7.45 ഓടെ ഇടമലയാറിൽ നിന്നും ബോട്ടിൽ യാത്ര തിരിച്ച സംഘം 11.30 തോടെ കോളനിയിലെത്തി.കോളനിവാസികളുടെ പ്രശ്നങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ മന്ത്രി അവർക്കൊപ്പം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. മന്ത്രിക്കായി കോളനിവാസികൾ സ്വീകരണവും ഒരുക്കിയിരുന്നു. സുരക്ഷതമായ താമസസൗകര്യം ഒരുക്കണമെന്നും കോളനിയിലേയ്ക്ക് തങ്ങൾ മടങ്ങില്ലന്നും ബലംപ്രയോഗിച്ച് ഹോസ്റ്റലിൽ നിന്നും ഇറക്കിവിട്ടാൽ കൂട്ട ആത്മഹത്യയ്ക്ക് മടിക്കില്ലന്നും കോളനിവാസികൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഊരുൾപൊട്ടലും വന്യമൃഗ ശല്യവും മൂലം ഊരിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വെളിപ്പെടുത്തി 11 കുടുംബങ്ങൾ മാസങ്ങൾക്ക് മുമ്പ് കോളനി വിട്ടിരുന്നു. ഇവരിപ്പോൾ ഇടമലയാറിലെ ട്രൈബൽ സ്കൂൾ ഹോസ്റ്റലിലാണ് താമസിച്ചുവരുന്നത്. സുരക്ഷിതമായ താമസസൗകര്യം ലഭിക്കാതെ ഇവിടെ നിന്നും ഇറങ്ങില്ലന്നാണ് ഇവരുടെ നിലപാട്.ഈ സാഹചര്യത്തിൽ മന്ത്രി പ്രശ്നത്തിൽ ഇടപെടുകയും അറാക്കപ്പിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി ,മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കാൻ ധാരണയാവുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ട്രൈബൽ ഹോസ്റ്റലിൽ താമസിക്കുന്നവരെ കോതമംഗലം തഹസിൽദാർ നോട്ടീസ് നൽകി വിളിച്ചുവരുത്തി വിവരങ്ങൾ ധരിപ്പിച്ചു.എന്നാൽ കോളനിലിലേയ്ക്ക് മടങ്ങില്ല എന്ന നിലപാട് വ്യക്തമാക്കി ഇവർ സ്ഥലം വിടുകയായിരുന്നു.
മറുനാടന് മലയാളി ലേഖകന്.