കോതമംഗലം: കാട്ടാനയുടെ ആക്രമണത്തിൽ പൊറുതിമുട്ടിയ ഗ്രഹനാഥൻ നീണ്ടപാറ കരിമണലിൽ ലോവർ പെരിയാർ പദ്ധതി പ്രദേശത്ത് ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. മൂന്നര മണിക്കൂറോളം പരിഭ്രാന്തി പരത്തി, ടവറിന് മുകളിൽ നിലയുറപ്പിച്ച കർഷകൻ താഴെയിറങ്ങിയത് ഉദ്യേഗസ്ഥരുടെ ഉറപ്പ് നേരിൽ ലഭിച്ചപ്പോൾ.

നീണ്ടപാറ ഓലിക്കൽ പീതാംബരനാണ് കരിമണലിൽ ലോവർപെരിയാർ പദ്ധതി പ്രദേശത്ത് ടവറിന് മുകളിൽ കയറി , താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്യുമെന്ന് വിളിച്ചു കൂവി മണിക്കൂറുകളോളം പരിഭാന്തി സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം വനം വകുപ്പും പഞ്ചായത്തു മുൾപ്പെടെ വിവിധ വകുപ്പുകൾ ചേർന്ന് എടുത്ത ഉടനടി ഫെൻസിങ് തീർക്കാമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ പണിയാരംഭിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിരുന്നില്ല. ഇതിൽ പ്രധിഷേധിച്ചാണ് ഇന്ന് പീതാംബരൻ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

പണി ആരംഭിച്ചാലെ താഴെ ഇറങ്ങുവെന്നായിരുന്നു ഇയാളുടെ പ്രഖ്യാപനം. കരിമണൽ പൊലീസും മറ്റു ജനപ്രധിനിതികളും സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും ആദ്യ ഘട്ടത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും ഇയാൾ തയ്യാറായില്ല. മൂന്നു മണിക്കൂറിലേറെ നീണ്ടു നിന്ന അനുനയ നീക്കം വിജയം കണ്ടു. താഴെയിറക്കി. സ്ഥലത്തെത്തിയ പൊലീസ്, ഫയർ ഫോഴ്‌സ്, ഫോറസ്റ്റ് ഉദ്യേഗസ്ഥരും ജനപ്രതിനിധികളും ഒത്തൊരു മച്ച് നടത്തിയ നീക്കമാണ് പീതാംബരനെ താഴെയിറക്കുന്നതിൽ നിർണ്ണായകമായത്.

വന്യമൃഗശല്യത്തിന് ഉടൻ പരിഹാരം കാണാമെന്നുള്ള ബന്ധപ്പെട്ട വകുപ്പു മേധാവികളുടെ ഭാഗത്തു നിന്നും ലഭിച്ച ഉറപ്പിൽ വിശ്വസിച്ചാണ് പീതാംബരൻ താഴെയിറങ്ങിയത്. ഇടുക്കി - കോതമംഗലം പാതയിൽ കരിമണലിൽ സ്ഥാപിച്ചിരുന്ന ടവറിൽ കയറിയാണ് പീതാംബരൻ ആത്മഹത്യ ഭീഷിണി മുഴക്കിയത്. രാവിലെ 8.30 തോടെയാണ് ഇയാൾ ടവറിന് മുകളിൽ കയറിയത്.

വിവരമറിഞ്ഞ് ഉടൻ കരിമണൽ പൊലീസ് സ്ഥലത്തെത്തി. പിന്നാലെ ഫയർ ഫോഴ്‌സും വനം വകുപ്പ് ഉദ്യേഗസ്ഥ സംഘവും സ്ഥലത്തെത്തി. ഇവർ പലതവണ കൂടിയാലോചനകൾ നടത്തി. ഇതിനുശേഷം പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കാമെന്ന് 12.30 തോടെ പീതാംബരന് ഉറപ്പു നൽകി. ഇതോടെയാണ് മനസ്സു മാറി ഇയാൾ താഴെയിറങ്ങാൻ സന്നദ്ധനായത്.