ആലപ്പുഴ: സിപിഎം ഏരിയാ സമ്മേളന പ്രതിനിധികൾക്ക് അയ്യപ്പന്റെ പ്രസാദമായ അരവണ പായസം വിതരണം ചെയ്തത് ചർച്ചയാകുന്നു. സിപിഎം മാവേലിക്കര ഏരിയാ സമ്മേളനത്തിൽ പ്രതിനിധികൾക്ക് വിതരണം ചെയ്തത് അരവണ പ്രസാദവും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഡയറിയുമാണ്. എന്നാൽ വിതരണം ചെയ്തത് ശബരിമലയിലെ അരവണ പായസമല്ലെന്നും കമ്മ്യൂണിസ്റ്റുകാർ പ്രസാദം കഴിച്ചാൽ എന്താണ് തെറ്റെന്നുമായിരുന്നു ഇത് നൽകിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ രാഘവന്റെ വിശദീകരണം.

കഴിഞ്ഞ ദിവസമാണ് സിപിഎം മാവേലിക്കര ഏരിയാ സമ്മേളനത്തിനെത്തിയ പ്രതിനിധികൾക്ക് പ്രസാദവും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഡയറിയും സമ്മാനമായി കിട്ടിയത്. തിരുവതാകൂർ ദേവസ്വം ബോർഡ് അംഗവും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ദേവസ്വംബോർഡ് അംഗം കെ. രാഘവനാണ് സഖാക്കൾക്ക് അരവണയും വിതരണം ചെയ്ത്ത്. ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ സംഭവം വിവാദമായി. പിന്നാലെ വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡംഗം കെ രാഘവൻ രംഗത്തെത്തുകയായിരുന്നു.

പന്തളത്തു നിന്നുമാണ് 200 ടിൻ അരവണ താൻ വാങ്ങിയത്. പതിമൂവായിരം രൂപ ഇതിനായി അടച്ചു. ഇതിനെച്ചൊല്ലി വിവാദം ഉണ്ടാക്കേണ്ട ആവശ്യമില്ല. താൻ പണം നൽകി വാങ്ങിയ പ്രസാദം സമ്മേളത്തിൽ വിതരണം ചെയ്തതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും കെ രാഘവൻ പറഞ്ഞു. അതേസമയം വിഷയത്ത ഗൗരവമായി കാണേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി ജില്ലാ നേതൃത്വം. കെ.രാഘവന്റെ നടപടിയിൽ അസ്വഭാവികതയില്ലെന്നും സിപിഎം ജില്ലാ നേതൃത്വം കരുതുന്നു.