ശബരിമല: അരവണ ക്ഷാമം പരിഹരിക്കാൻ അരവണ വീണ്ടും പ്ലാസ്റ്റിക് ടിന്നുകളിലേക്ക് എത്തുന്നു. നിലവിൽ അരവണ പ്രസാദം പേപ്പർ കണ്ടെയ്‌നറുകളിലാണ് വിതരണം ചെയ്തിരുന്നത്. പേപ്പർ ടിന്നുകൾ സ്റ്റോക്കില്ലാത്തതാണ് പ്ലാസ്റ്റിക്ക് ടിന്നുകൾ ഉപയോഗിക്കാൻ കാരണം. ഇന്നലെ രാവിലെ മുതൽ പ്ലാസ്റ്റിക് ടിന്നുകളിലാണ് അരവണവിതരണം നടന്നത്.

പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് ടിന്നുകൾ ഉപയോഗിച്ച് അരവണ വിതരണം നടത്തുന്നത് നിറുത്തിയത്. എന്നാൽ പേപ്പർ ടിന്നുകൾ കുറഞ്ഞതോടെ പ്ലാസ്റ്റിക്കിലേക്ക് മാറി. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ കരുതിവച്ചിരുന്ന പ്ലാസ്റ്റിക് ടിന്നുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. യന്ത്രങ്ങൾ കേടായാൽ പേപ്പർ കണ്ടെയ്‌നറുകളിൽ നിറയ്ക്കാനാവില്ല. ഈ പ്രതിസന്ധി നേരിടാൻ വാങ്ങി സൂക്ഷിച്ച പ്ലാസ്റ്റിക് ടിന്നുകളാണ് ഇപ്പോൾ അധികൃതർ പുറത്തെടുത്തത്.

കൊല്ലം, ആലുവ, ചെന്നൈ എന്നീ സ്ഥലങ്ങൾ ആസ്ഥാനമായ മൂന്ന് കമ്പനികളാണ് പേപ്പർ കണ്ടെയ്‌നറുകൾ നിർമ്മിച്ച് നൽകുന്നത്. ഇവർക്ക് ദേവസ്വം അധികൃതർ ഓർഡർ നൽകാൻ വൈകിയതുമൂലമാണ് പ്ലാസ്റ്റിക് ടിന്നുകൾ ഉപയോഗിക്കേണ്ടിവന്നത്. മകരവിളക്ക് മുന്നിൽക്കണ്ട് പേപ്പർ കണ്ടെയ്‌നറുകൾക്ക് കുറവ് സംഭവിക്കാതിരിക്കാനാണ് വീണ്ടും പ്ലാസ്റ്റിക്കിലേക്ക് മടങ്ങിപ്പോയതെന്നും പറയുന്നു.

മകരവിളക്ക് മഹോത്സവ കാലത്ത് 50 ലക്ഷത്തിൽപ്പരം കണ്ടെയ്‌നർ അരവണയാണ് വില്പന നടക്കുന്നത്. എല്ലാവർഷവും ഇത് വർദ്ധിക്കാറുണ്ട്. പേപ്പർ കണ്ടെയ്‌നറുകളുടെ പുതിയ സ്റ്റോക്കെത്തുന്നതുവരെ ഇടവിട്ട് പ്ലാസ്റ്റിക് ടിന്നുകളും പേപ്പർ കണ്ടെയ്‌നറുകളും മാറി മാറി നൽകാനാണ് അധികൃതരുടെ നീക്കം.