കൊച്ചി: ഏറെ നാളുകൾക്ക് ശേഷമാണ് ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒരേ സ്‌ക്രീനിൽ ഒരുമിച്ച് വരുന്നത്. മുമ്പ് ഒരു മുത്തശ്ശിഗ്ഗദയിൽ ചെറിയ വേഷത്തിലാണ് ഇരുവരും എത്തിയത് എന്നാൽ അതിന് മുമ്പ് ശ്രീനിവാസൻ തിരക്കഥ ഒരുക്കിയ പത്മശ്രീ ഭരത് സരോജ് കുമാറിലായിരുന്നു ഒരുമിച്ച് എത്തിയിരുന്നത്. ഇപ്പോൾ വിനീത് ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി എം മോഹൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'അരവിന്ദന്റെ അതിഥികളിലാണ് ഇരുവരും ഒരുമിക്കുന്നത്.

നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ ശാന്തികൃഷ്ണയും ഉർവശിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫേസ്‌ബുക്ക് പോസിറ്റ് വഴിയാണ് വിനീത് ചിത്രത്തെക്കുറിച്ച് അറിയിച്ചത്.

'ഇന്നലെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പേര് അരവിന്ദന്റെ അതിഥികൾ ഏറെ നാളുകൾക്ക് ശേഷം അച്ഛനോടൊപ്പം അഭിനയിക്കുന്ന സിനിമ. ഒരു മികച്ച സിനിമ ജനിക്കട്ടെ എന്നാഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു'.. എന്നായിരുന്നു പോസ്റ്റ് ചെയ്തത്.

പതിയാറ എന്റർടെയ്ന്മെന്റിന്റെ ബാനറിൽ പ്രദീപ് കുമാർ നിർമ്മിക്കുന്ന അരവിന്ദന്റെ അതിഥികളിൽ സലീംകുമാർ, ഷമ്മി തിലകൻ, ദേവൻ, ബിജുക്കുട്ടൻ, നിയാസ് ബക്കർ, സുബീഷ് സുധി, കെപിഎസി ലളിത, സ്‌നേഹ ശ്രീകുമാർ എന്നിവരും അണിനിരക്കും.
ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് രാജേഷ് രാഘവനാണ്.