ടോക്കിയോ: ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ.ജോസഫ് ചേന്നോത്ത് അന്തരിച്ചു. 77 വയസ്സുകാരനായിരുന്ന അദ്ദേഹം പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിയാരുന്നു. ഇന്ത്യൻ സമയം ഇന്നലെ രാത്രി 10.15 നായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ടോക്കിയോയിലെ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ചേർത്തല കോക്കമംഗലം സ്വദേശിയാണ്. 1943 ഒക്ടോബർ 13ന് എറണാകുളം -അങ്കമാലി അതിരൂപതയിലെ ചേർത്തല കോക്കമംഗലം സെന്റ് തോമസ് ഇടവകയിലാണ് ആർച്ച്ബിഷപ് ചേന്നോത്തിന്റെ ജനനം. കോക്കമംഗലം ചേന്നോത്ത് പരേതരായ ജോസഫും മറിയവുമാണു മാതാപിതാക്കൾ. 1969 മെയ്‌ നാലിനു തായ്വാനിലെ ബിഷപ് ഡോ. പോൾ ചെങ് ഷീകുവാങ്ങിൽനിന്നു പൗരോഹിത്യമേറ്റു.

കൊരട്ടി, കൊറ്റമം, എറണാകുളം ബസിലിക്ക ഇടവകകളിൽ സഹവികാരി, കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. തുർക്കി, ഇറാൻ, കാമറൂൺ, ആഫ്രിക്ക, ബെൽജിയം, സ്പെയിൻ, നോർവേ, സ്വീഡൻ, തായ്വാൻ, ടാൻസാനിയ എന്നിവിടങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. 1999 മുതൽ ആർച്ച്ബിഷപ്പാണ്. അന്നു മുതൽ വത്തിക്കാൻ നയതന്ത്ര സർവീസിലുണ്ട്. 2011 ഓഗസ്റ്റ് മുതൽ ജപ്പാനിലാണ്.

സഹോദരങ്ങൾ: ലില്ലിക്കുട്ടി ജോർജ്, സി.ജെ. ആന്റണി, മേരിക്കുട്ടി ജെയിംസ്, പ്രഫ. സി.ജെ. പോൾ, ഡോ. സി.ജെ. തോമസ്, സി.ജെ. ജെയിംസ്, പരേതനായ സി.ജെ. വർഗീസ്.