തൃക്കുന്നപ്പുഴ: കായംകുളം ആറാട്ടുപുഴയിൽ നഴ്‌സിങ് വിദ്യാർത്ഥിനി മുരിക്കൽ അർച്ചന ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ യുവാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഈ യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറിയതാണ് വിദ്യാർത്ഥിനി ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പെൺകുട്ടിയുമായുള്ള ബന്ധത്തിൽ നിന്ന് ഒരു വർഷം മുൻപു തന്നെ പിന്മാറിയിരുന്നെന്നു യുവാവ് പൊലീസിനു മൊഴി നൽകി. ശ്യാംലാൽ എന്ന യുവാവിൽ നിന്നാണ് പൊലീസ് മൊഴിയെടുത്തത്.

രണ്ടു വർഷത്തിനുള്ളിൽ വിവാഹം നടത്തണമെന്ന് അർച്ചനയോടും വീട്ടുകാരോടും ആവശ്യപ്പെട്ടെങ്കിലും പഠനം പൂർത്തിയാക്കി ജോലി ലഭിച്ച ശേഷമേ വിവാഹക്കാര്യം ആലോചിക്കൂ എന്നും ഇതിനു രണ്ടു വർഷമെങ്കിലും കഴിയണമെന്നും അർച്ചനയുടെ വീട്ടുകാർ നേരത്തെ പറഞ്ഞിരുന്നതായി യുവാവ് പറഞ്ഞു. ഇതേത്തുടർന്നാണ് ഒരു വർഷം മുൻപ് ബന്ധം അവസാനിപ്പിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം ഇയാൾ പൊലീസിനോടു നിഷേധിച്ചു. പ്രണയബന്ധം അവസാനിപ്പിച്ചെങ്കിലും സൗഹൃദത്തിന്റെ പേരിൽ ഫോൺ സംഭാഷണങ്ങൾ തുടർന്നിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. ഒമാനിൽ ജോലി ചെയ്തിരുന്ന യുവാവ് 6 മാസം മുൻപാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം തിരികെ ജോലിയിൽ കയറേണ്ടതായിരുന്നെങ്കിലും നാട്ടിലെ സംഭവങ്ങൾ കാരണംജോലിയിൽ നിന്നു നീക്കം ചെയ്തുവെന്നു പൊലീസ് പറഞ്ഞു.

കൊട്ടിയത്തെ റംസിയുടെ ആത്മഹത്യയ്ക്ക് സമാനമായ സംഭവമാണ് ഇതെന്ന ആക്ഷേപവും ശക്തമായിരുന്നു. ഏഴു വർഷം പ്രണയ ബന്ധമായിരുന്നു പെൺകുട്ടിയുമായി യുവാവിന് ഉണ്ടായിരുന്നത്. കൊല്ലം വി.എൻ.എസ്.എസ് നഴ്‌സിങ് കോളേജിലെ വിദ്യാർത്ഥിയും ആറാട്ടുപുഴ പെരുമ്പള്ളിൽ മുരിക്കിൽ ഹൗസിൽ വിശ്വനാഥൻ - ഗീതാ ദമ്പതികളുടെ മകളുമായ അർച്ചന(21)യാണ് ആത്മഹത്യ ചെയ്തത്. ശ്യാംലാലിന് എതിരായ ശബ്ദരേഖയും നേരത്തെ പുറത്തുവന്നിരുന്നു.

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം യുവാവ് വഞ്ചിച്ചതിൽ മനം നൊന്താണ് യുവതി ആത്മഹത്യ ചെയ്തത് എന്നായിരുന്നു അർച്ചനയുടെ വീട്ടുകാർ ആരോപണം ഉന്നയിച്ചത്. അർച്ചന ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുരിച്ച് അന്വേഷിച്ചു അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആലപ്പുഴ പൊലീസ് സൂപ്രണ്ടിന് കമ്മീഷൻ അംഗം അഡ്വ. എം.എസ്.താര നിർദ്ദേശം നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനുമാണ് നിർദ്ദേശിച്ചത്.

ഇരുവരുടെയും പ്രണയം രണ്ടു വീട്ടുകാരും അറിഞ്ഞിരുന്നു. വീട്ടുകാരുമൊത്ത് വന്ന് വിവാഹം ആലോചിച്ച് ഉറപ്പിച്ചതിന് ശേഷമാണ് സ്ത്രീധനം കുറവാണ് എന്ന കാരണം പറഞ്ഞ് ശ്യാംലാൽ മറ്റൊരു വിവാഹത്തിനായി ശ്രമം നടത്തുകയായിരുന്നു. നാളെ ശ്യാംലാലും കായംകുളം സ്വദേശിനിയായ പെൺകുട്ടിയുമായി വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് അർച്ചന ഒതളങ്ങ എന്ന വിഷക്കായ കഴിച്ച് മരിച്ചത്.

ശ്യാംലാലിന്റെ വിവാഹ നിശ്ചയത്തിന്റെ സമയം തീരുമാനിച്ച ദിവസമാണ് അർച്ചന ആത്മഹത്യ ചെയ്തത്. വിഷക്കായ കഴിച്ചതിന് ശേഷം താൻ ആത്മഹത്യ ചെയ്യുകയാണ് എന്ന് ശ്യാംലാലിനെ മെസ്സേജ് വഴി അറിയിച്ചു. മെസ്സേജ് ശ്യാംലാൽ കണ്ടതിന് ശേഷം അർച്ചന ഡിലീറ്റ് ചെയ്യുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു. ഇക്കാര്യം ഇയാൾ അർച്ചനയുടെ ഒരു സുഹൃത്തിനെ വിളിച്ചറിയിക്കുകയും അവർ ആറാട്ടുപുഴയിലെ വീട്ടിലെത്തിയപ്പോഴേക്കും അർച്ചന അവശനിലയിലായിരുന്നു. അവിടെ നിന്നും എത്രയും വേഗം ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

അർച്ചന പ്ലസ്ടു കഴിഞ്ഞപ്പോൾ ഇയാൾ വിവാഹ ആലോചനയുമായി ബന്ധുക്കളെ സമീപിച്ചു. എന്നാൽ ഇപ്പോൾ വിവാഹം നടക്കില്ലെന്നും പഠനം കഴിഞ്ഞിട്ടാകാമെന്നും രക്ഷിതാക്കൾ യുവാവിനെ അറിയിച്ചു. ഇരുവരും പ്രണയം തുടർന്നു. ഇതിനിടെ യുവാവ് വിദേശത്ത് പോയി. ഇതോടെ സാമ്പത്തിക നിലയും മെച്ചപ്പെട്ടു. ഇതിനിടെ വിവാഹത്തെ കുറിച്ച് അർച്ചന പറഞ്ഞപ്പോൾ സ്ത്രീധനം എത്ര തരുമെന്നായിരുന്നു ഇയാളുടെ ചോദ്യം. 30 പവൻ നൽകാമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ അറിയിച്ചെങ്കിലും, തന്റെ സഹോദരിക്ക് 101 പവൻ സ്വർണവും കാറും കൊടുത്താണു വിവാഹം കഴിപ്പിച്ചതെന്നും തനിക്കും അത്രയും തുക സ്ത്രീധനമായി വേണമെന്നും ഇയാൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യുവാവ് ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നൽകാൻ കൂലിപ്പണിക്കാരനായ പെൺകുട്ടിയുടെ പിതാവിന് സാധിച്ചിരുന്നില്ല.

ഇതിനിടെ ഇയാൾ ഗൾഫിൽ പോകുകയും സാമ്പത്തികമായി ഉയർച്ചയുണ്ടാവുകയും ചെയ്തു. ഇതോടെ ഇയാളുടെ സ്വഭാവത്തിൽ മാറ്റം വരികയായിരുന്നു. പിന്നീട് പെൺകുട്ടി അറിയാതെ മറ്റൊരു വിവാഹം കഴിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഈ വിവരം പെൺകുട്ടി അറിയുകയും മനോവിഷമം മൂലം ജീവനൊടുക്കുകയുമായിരുന്നു.