- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശ്യാമണ്ണൻ ഒന്നു മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്; നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു'; എല്ലാവരും ക്ഷമിക്കണം, തനിക്ക് അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ പറ്റിയില്ലെന്നും അർച്ചന; ആറാട്ടുപുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ; കാരണക്കാരനായ യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തം
ആലപ്പുഴ: ആറാട്ടുപുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ കാമുകൻ കൈവിട്ടതോടെ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ബി.എസ്.സി. അവസാനവർഷ വിദ്യാർത്ഥിനിയായ അർച്ചന മരിക്കുന്നതിന് മുമ്പ് എഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. 'എല്ലാവരും എന്നോട് ക്ഷമിക്കണം, എനിക്ക് അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ പറ്റിയില്ല' എന്ന വരികളോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. സഹോദരിയോട് നന്നായി പഠിക്കണമെന്നും ജോലി വാങ്ങി അച്ഛനെയും അമ്മയെയും നോക്കണമെന്നും അർച്ചന പറയുന്നു. കാമുകന്റെ പേരെടുത്ത് പറഞ്ഞാണ് കുറിപ്പിലെ ബാക്കിയുള്ള വരികൾ. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിൽ രാമഞ്ചേരി വാർഡിലെ മുരിക്കിൻ വീട്ടിൽ വിശ്വനാഥന്റെ മകളാണ് അർച്ചന. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഒതളങ്ങ എന്ന വിഷക്കായ കഴിച്ച് അർച്ചന ആത്മഹത്യ ചെയ്യുന്നത്.
അർച്ചനയുടെ ആത്മഹത്യ കുറിപ്പിന്റെ പൂർണ രൂപം...
"എല്ലാവരും എന്നോട് ക്ഷമിക്കണം, എന്റെ അച്ഛന്റെ ആഗ്രഹം ഒന്നും നിറവേറ്റാൻ പറ്റിയില്ല. --- (അനിയത്തി) നന്നായി പഠിക്കണം. ജോലി വാങ്ങണം, അച്ഛനെയും അമ്മയെയും നീ നോക്കണം. പഠിത്തത്തിൽ ഉഴപ്പരുത്. എല്ലാവരും പറഞ്ഞു, ശ്യാമണ്ണനെ മറക്കാൻ,, എനിക്ക് പറ്റുന്നില്ല. ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരപോലെയാ. ശ്യാമണ്ണനും നന്നായി ജീവിക്ക്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ. അവർക്ക് കൊടുത്ത വാക്ക് പാലിക്ക്. ഞാൻ മരിച്ചാലും നിങ്ങൾക്ക് കുഴപ്പം ഇല്ല എന്നറിയാം. ശ്യാമണ്ണൻ ഒന്നു മനസിലാക്കണം. ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു",
കണ്ടല്ലൂർ സ്വദേശിയായ യുവാവും അർച്ചനയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. അർച്ചനയെ വിവാഹം ചെയ്ത് നൽകണമെന്ന് യുവാവ് അർച്ചനയുടെ വീട്ടുകാരോടും ആവശ്യപ്പെട്ടിരുന്നു. മകളുടെ പഠനം പൂർത്തിയാക്കതിന് ശേഷം വിവാഹം നടത്തിതരാമെന്നായിരുന്നു വീട്ടുകാരുടെ മറുപടി. എന്നാൽ വിവാഹത്തോട് അടുത്തപ്പോൾ യുവാവ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു. ഇത് നൽകാനാകില്ലെന്ന് പറഞ്ഞതോടെ അർച്ചനയുമായുള്ള വിവാഹത്തിൽനിന്ന് പിന്മാറിയ യുവാവ് മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞതോടെയാണ് അർച്ചന ജീവനൊടുക്കിയത്. കണ്ടല്ലൂർ സ്വദേശിയായ യുവാവാണ് അർച്ചനയുടെ മരണത്തിന് ഉത്തരവാദിയെന്നും ഇയാൾക്കെതിരേ നടപടിയെടുക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകളായിരുന്നു അർച്ചന. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടംബം. വലിയ സ്ത്രീധന തുക കൊടുത്ത് മകളെ വിവാഹം കഴിച്ച് അയക്കാൻ വിശ്വനാഥന് പ്രാപ്തിയില്ലായിരുന്നു. അർച്ചന പ്ലസ് ടുവിന് പഠിക്കുമ്പോൾ ഈ യുവാവ് വിവാഹ ആലോചനയുമായി വീട്ടിൽ വന്നിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ ആ സമയത്ത് വിവാഹം നടത്താൻ കഴിയില്ലെന്നായിരുന്നു അർച്ചനയുടെ മാതാപിതാക്കൾ പറഞ്ഞത്. പിന്നീട് അർച്ചന ബിഎസ് സി നഴ്സിങ് പഠിക്കാൻ പോയി. ഈ സമയത്തും യുവാവുമായി അടുപ്പമുണ്ടായിരുന്നതായി പറയുന്നു. എന്നാൽ ഇതിനിടയ്ക്ക് വിദേശത്ത് പോയ യുവാവ് സാമ്പത്തികമായി മെച്ചപ്പെടുകയും ചെയ്തു. ഇതിനുശേഷമാണ് പെൺകുട്ടിയിൽ നിന്നും ഇയാൾ അകലാൻ തുടങ്ങിയത്. അർച്ചന വിവാഹ കാര്യം പറയുമ്പോൾ സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് ഇയാൾ ഒഴിഞ്ഞു മാറുകയായിരുന്നു ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. തന്റെ സഹോദരിയെ 101 പവനും കാറും കൊടുത്താണ് വിവാഹം കഴിപ്പിച്ചതെന്നും ഇത്രയും തുക തന്നെ തനിക്കും വേണമെന്നുമായിരുന്നു യുവാവിന്റെ നിർബന്ധം. എന്നാൽ, ദിവസക്കൂലിക്കാരനായ വിശ്വനാഥന് ഇത്രയും തുക നൽകി മകളെ വിവാഹം കഴിപ്പിച്ചു കൊടുക്കാൻ കഴിയില്ലായിരുന്നു.
അച്ഛനും അമ്മയും ജോലിക്കു പോയ സമയത്തായിരുന്നു അർച്ചന ഒതളങ്ങ കഴിക്കുന്നത്. ഈ സമയത്ത് അനിയത്തി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വിഷക്കായ കഴിച്ച് അവശനിലയിലായ അർച്ചനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മാതാപിതാക്കളുടെ പരാതിയിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ യുവാവ് ഒളിവിലാണ്. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പഠനത്തിൽ മിടുക്കിയായിരുന്നു അർച്ചന വിശ്വനാഥൻ. 2016-17 ലെ പ്ലസ് ടു പരീക്ഷയിൽ കൊപ്പാറത്ത് എച്ച് എസ്സിൽ നിന്നും സയൻസിൽ ഒന്നാം റാങ്ക് നേടിയ സമയത്ത് അർച്ചനയെ അനുമോദിച്ചുകൊണ്ടുള്ള ഫ്ളക്സ് ബോർഡുകൾ ഇപ്പോഴും ആ നാട്ടിലുണ്ട്. ബിഎസ് സി നഴ്സിങ് പഠിച്ച് നല്ലൊരു ജോലി അർച്ചനയും സ്വപ്നം കണ്ടിരുന്നു. മകളിലൂടെ തങ്ങളുടെ ദുരിതങ്ങൾ എല്ലാം തീരുമെന്ന പ്രതീക്ഷയിലായിരുന്നു പെൺകുട്ടിയുടെ മാതാപിതാക്കളും. കുടുംബത്തിനു തന്റെ മേലുള്ള പ്രതീക്ഷകളെക്കുറിച്ച് നന്നായി അറിയാമായിരുന്നിട്ടും ഇനിയും ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ലെന്ന് സ്വയം വിശ്വസിച്ചായിരുന്നു അർച്ചന മരണത്തിന്റെ വഴി തെരഞ്ഞെടുക്കുന്നത്. അച്ഛന് കൊടുത്ത വാക്ക് തനിക്ക് പാലിക്കാൻ പറ്റിയില്ലെന്ന വിഷമം അർച്ചന ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. അതേസമയം, തന്നെ വഞ്ചിച്ചയാളോട് നന്നായി ജീവിക്കാനും പറഞ്ഞിട്ടാണ് മരണത്തിലേക്ക് ആ പെൺകുട്ടി പോയത്. യുവാവിന്റെ വീട്ടുകാരെയും കത്തിൽ പരാമർശിക്കുന്നുണ്ട്.
ശ്യാംലാലിന്റെ വിവാഹ നിശ്ചയത്തിന്റെ സമയം തീരുമാനിച്ച ദിവസമാണ് അർച്ചന ആത്മഹത്യ ചെയ്തത്. വിഷക്കായ കഴിച്ചതിന് ശേഷം താൻ ആത്മഹത്യ ചെയ്യുകയാണ് എന്ന് ശ്യാംലാലിനെ മെസ്സേജ് വഴി അറിയിച്ചു. മെസ്സേജ് ശ്യാംലാൽ കണ്ടതിന് ശേഷം അർച്ചന ഡിലീറ്റ് ചെയ്യുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു. ഇക്കാര്യം ഇയാൾ അർച്ചനയുടെ ഒരു സുഹൃത്തിനെ വിളിച്ചറിയിക്കുകയും അവർ ആറാട്ടുപുഴയിലെ വീട്ടിലെത്തിയപ്പോഴേക്കും അർച്ചന അവശനിലയിലായിരുന്നു. അവിടെ നിന്നും എത്രയും വേഗം ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്ക്കാരം നടത്തി. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. അർച്ചനയുടെ മരണ ശേഷം ശ്യാംലാൽ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ആവശ്യം. അർച്ചന സ്ക്കൂളിൽ പഠിക്കുന്ന കാലമാണ് ഇയാൾ പ്രണയവുമായി അർച്ചനയുടെ അടുത്ത് കൂടുന്നത്. പിന്നീട് പ്ലസ്ടുവിലെത്തിയപ്പോൾ വിവാഹം ആലോചിച്ച് വീട്ടിലെത്തുകയുമായിരുന്നു. എന്നാൽ പഠനം കഴിഞ്ഞിട്ടേ വിവാഹം കഴിപ്പിക്കുന്നുള്ളൂ എന്നും ഉത്തരവാദിത്തപ്പെട്ടവരുമായി അന്ന് വന്നാൽ ആലോചിക്കാമെന്നും അറിയിച്ചു.
ബി.എസ്.സി പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഇയാൾ വീട്ടുകാരുമായെത്തി വിവാഹം ആലോചിച്ചു. വലിയ സ്ത്രീധനമൊന്നും തരാൻ കഴിയില്ലെന്ന് കൂലിപ്പണിക്കാരനായ പിതാവ് ശ്യാംലാലിന്റെ വീട്ടുകാരെ അറിയിച്ചു. എന്നാൽ ഇയാളുടെ സഹോദരിക്ക് 100 പവനും കാറുമാണ് സ്ത്രീധനമായി കൊടുത്തതെന്നും അതിനാൽ സ്ത്രീധനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല എന്നും മാതാപിതാക്കൾ പറഞ്ഞു. അത് സാധ്യമല്ലെന്ന് അറിയിച്ചപ്പോൾ ശ്യാംലാലിന്റെ നിർബന്ധ പ്രകാരം വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളുകയായിരുന്നു.
ഇതിനിടെ ഇയാൾ ഗൾഫിൽ പോകുകയും സാമ്പത്തികമായി ഉയർച്ചയുണ്ടാവുകയും ചെയ്തു. ഇതോടെ ഇയാളുടെ സ്വഭാവത്തിൽ മാറ്റം വരികയായിരുന്നു. പിന്നീട് പെൺകുട്ടി അറിയാതെ മറ്റൊരു വിവാഹം കഴിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഈ വിവരം പെൺകുട്ടി അറിയുകയും മനോവിഷമം മൂലം ജീവനൊടുക്കുകയുമായിരുന്നു. മരണത്തിന് മുൻപ് കൂട്ടികാരിയുമായി ഇക്കാര്യത്തെ പറ്റി സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്. പൊലീസ് ഈ ഫോൺ സംഭാഷണങ്ങൾ ശേഖരിച്ചു. ഒളിവിൽ കഴിയുന്ന ശ്യാംലാലിനു വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്