ബുറൈദ: അനധികൃതമായി മൊബൈൽ ഫോൺ റിപ്പയറിങ് നടത്തിവന്ന മലയാളി യുവാവ് മോഷണംകുറ്റം ആരോപിക്കപ്പെട്ട് ജയിലിൽ. കൊല്ലം സ്വദേശിയാണ് മോഷണക്കുറ്റത്തിന് പൊലീസ് പിടിയിലായത്്.

ബുറൈദയിൽ താമസസ്ഥലത്ത് മൊബൈൽ ഫോൺ റിപ്പയറിങ് നടത്തിവരുകയായിരുന്നു ഇദ്ദേഹം. അറ്റകുറ്റപ്പണിക്കെത്തുന്ന മൊബൈലുകൾ നന്നാക്കുന്നതിനായി സ്ഥലത്തെ മൊബൈൽ ഷോപ്പിലെ ജീവനക്കാർ തന്നെയാണ് ഇദ്ദേഹത്തിനു നൽകിയിരുന്നത്. ഇത്തരത്തിൽ ഒരു മാസം മുമ്പ് നൽകിയ മൊബൈൽ യുവാവ് നന്നാക്കിയ ശേഷം പരിശോധിക്കാനായി മറ്റൊരു കസ്റ്റമർ നൽകിയ മോബൈലിലെ സിം ഇട്ട് പരിശോധിക്കുകയും ചെയ്തു. ഇതോടെ കുറച്ചു സമയത്തിനകം സിം കാർഡിന്റെ ഉടമയെ തേടി പൊലീസ് എത്തുകയായിരുന്നു.

എന്നാൽ അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോഴാണ് സിംകാർഡ് അറ്റകുറ്റപ്പണിക്കേൽപിച്ച ഫോണിലാണെന്നും പ്രസ്തുത ഫോൺ സർവീസ് സെന്ററിലാണെന്നും അറിയുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് താമസകേന്ദ്രത്തിൽ ഇരുന്നു മൊബൈ ൽ അറ്റകുറ്റപ്പണി ചെയ്തുവരികയായിരുന്ന മലയാളി പിടിക്കപ്പെട്ടത്. ഇദ്ദേഹത്തെ പൊലീസ് വിളിച്ചുവരുത്തി തടവിലാക്കുകയായിരുന്നു.

ഏതാനും മാസം മുമ്പ് ഒരു സ്വദേശി പൗരന്റെ പക്കൽ നിന്നു മറ്റാരോ മോഷ്ടിച്ച ഫോണായിരുന്നു അറ്റകുറ്റപ്പണിക്കായി മലയാളിയെ ഏൽപിച്ചിരുന്നത്. ഈ വസ്തുതകൾ അറിയാതെയാണ് ഇദ്ദേഹം ഇത് അറ്റകുറ്റപ്പണി നടത്തിയത്.