ഷിക്കാഗോ: അക്ഷമയോടെ കാത്തിരുന്ന ആരാധകവൃന്ദത്തെ അർജന്റീനയുടെ മിശിഹ നിരാശനാക്കിയില്ല. തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തെയും ടെലിവിഷനിലൂടെയും ഇന്റർനെറ്റിലൂടെയും ലോകമെങ്ങുമിരുന്നു മത്സരം കണ്ട പ്രേക്ഷകരുടെ മനസിനെയും അക്ഷരാർത്ഥത്തിൽ കീഴടക്കുകയായിരുന്നു സൂപ്പർ താരം ലയണൽ മെസി.

എതിരില്ലാത്ത അഞ്ചു ഗോളിനു പനാമയെ കീഴടക്കി അർജന്റീന ശതാബ്ദി കോപ്പയുടെ ക്വാർട്ടറിലെത്തിയതൊന്നും ആരാധകർക്കു വിഷയമായില്ല. ആരവങ്ങളിൽ 'മെസ്സി... മെസ്സി...' എന്ന നാമം മാത്രമായിരുന്നു.

ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ രണ്ടാം പകുതി തുടങ്ങി അൽപ്പം കഴിഞ്ഞാണു പകരക്കാരനായി മെസ്സി കളത്തിലിറങ്ങിയത്. അതുവരെ മത്സരത്തിൽ അർജന്റീനയോടു പിടിച്ചു നിന്ന പനാമ പിന്നീടു കാഴ്ചക്കാരുടെ റോളിലേക്കു മാറി. 25 മിനിറ്റിനിടെ മൂന്നു ഗോളാണു മെസ്സി പനാമയുടെ വലയിലേക്ക് അടിച്ചുകയറ്റിയത്.

കളിയുടെ തുടക്കത്തിൽ ഇരുടീമുകളും പരുക്കൻ അടവുകൾ പുറത്തെടുത്തിരുന്നു. മഞ്ഞക്കാർഡുകളും ആവശ്യത്തിലധികം രണ്ടു ടീമിനും ലഭിച്ചു. പനാമയുടെ ഫൗളിനെത്തുടർന്നു ലഭിച്ച ഫൗൾ കിക്കിൽ നിന്നാണ് അർജന്റീനയുടെ ആദ്യ ഗോൾ പിറന്നത്. എയ്ഞ്ചൽ ഡി മറിയയുടെ വലതു പോസ്റ്റ് കണക്കാക്കിയുള്ള പന്തിനു ഒന്നു മുന്നോട്ടു ചാടി തലവയ്ക്കുകയേ നിക്കോളാസ് ഒട്ടാമെൻഡിക്കു വേണ്ടിയിരുന്നു. സൂപ്പർ ഹെഡ്ഡറിലൂടെ ഒരു കിടിലൻ ഗോൾ. ഈ പ്രതിരോധ ഭടൻ രാജ്യത്തിനായി നേടുന്ന രണ്ടാം ഗോൾ. ഒന്നാം പകുതിയിൽ ഈ ഒരു ഗോൾ മാത്രമാണ് വീണത്.

മെസ്സി കളിക്കുമെന്നു കോച്ച് ജെറാർഡോ മാർട്ടിനോ ഉറപ്പു പറഞ്ഞിരുന്നതോടെ രണ്ടാം പകുതിയിൽ ആരാധകർ ആർപ്പുവിളി തുടങ്ങിയിരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ തന്നെ ലോകമെങ്ങുമുള്ള ആരാധകർ കാത്തിരുന്ന നിമിഷം സംജാതമായി. അഗസ്റ്റോ ഫെർണാണ്ടസിന്റെ പകരക്കാരനായി 61-ാം മിനുട്ടിലാണ് മെസ്സി കളത്തിലെത്തിയത്. മെസ്സി എത്തിയതോടെ അർജന്റീന കളം നിറഞ്ഞ് കളിക്കാൻ തുടങ്ങി. പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന മെസ്സി ചിലിയ്‌ക്കെതിരെയുള്ള ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. അതിന്റെ ക്ഷീണമെല്ലാം പനാമയ്‌ക്കെതിരെ മെസ്സി തീർത്തു.

68ാം മിനിറ്റിൽ പനാമയുടെ പ്രതിരോധത്തിന്റെ പിഴവിൽ നിന്നായിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. ഹിഗ്വെയ്ൻ നൽകിയ പാസ് ഇടംകാലുകൊണ്ട് പനാമ ഗോൾപോസ്റ്റിലേക്ക് അടിച്ചു കയറ്റുമ്പോൾ ഗോളി പെനോഡയ്ക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. പനാമയുടെ ഡിഫൻഡർ റോഡ്രിക് മില്ലർ പന്ത് ക്ലിയർ ചെയ്യുന്നതിനിടെ അത് ഹിഗ്വെയ്‌നിന്റെ കൈയിൽ തട്ടി. റഫറി ശ്രദ്ധിക്കാത്തതിനാൽ ഹാൻഡ് ബോൾ വിളിച്ചും ഇല്ല. ഹിഗ്വെയ്‌നിൽ നിന്നു പന്തു കിട്ടിയ മെസ്സി അവസരം സമർഥമായി വിനിയോഗിക്കുകയും ചെയ്തു.

മെസ്സിയുടെ രണ്ടാം ഗോൾ പിറന്നത് ട്രേഡ് മാർക്ക് ഫ്രീകിക്കിലൂടെ. 78-ാം മിനുട്ടിൽ ബോക്സിനു പുറത്ത് മെസ്സിയെ ഫൗൾ ചെയ്ത് വീഴ്‌ത്തിയതിനായിരുന്നു ഫ്രീകിക്ക് ലഭിച്ചത്. ലൂയിസ് ഹെന്റിക്സ് മഞ്ഞക്കാർഡും കണ്ടു. പിന്നീടു കണ്ടത് മെസ്സി മാജിക്ക് എന്ന് വിളിക്കാവുന്ന ഗംഭീര കിക്ക്. ഇടംകാലൻ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിലേക്ക് ഊർന്നിറങ്ങി. 78-ാം മിനിറ്റിലായിരുന്നു ഈ ഗോൾ.

അധിക നേരം കാത്തിരിയ്‌ക്കേണ്ടി വന്നില്ല, 87-ാം മിനിറ്റിൽ മെസ്സിയുടെ ബൂട്ടിൽ നിന്ന് മൂന്നാം ഗോളും പിറന്നു. പകരക്കാരനായിറങ്ങി ഹാട്രിക് തികയ്ക്കുക എന്ന അത്യപൂർവ നേട്ടം. മാർക്കോസ് റോജോയിൽ നിന്നും പന്ത് സ്വീകരിച്ച മെസ്സി പനാമ പ്രതിരോധത്തെ മറികടന്നത് അതി വേഗത്തിലായിരുന്നു. ഗോൾമുഖത്തേക്ക് വെട്ടിതിരിഞ്ഞ മെസ്സിയുടെ കിക്കിന് മറുപടിയേകാൻ പനാമ ഗോളിക്കു കഴിഞ്ഞില്ല.

കളി അവസാനിക്കാൻ മിനിട്ടുകൾ മാത്രം ശേഷിയ്‌ക്കേ അഞ്ചാം ഗോളും പനാമയുടെ പോസ്റ്റിൽ വീണു. ഈ ഗോളിന് വഴിവച്ചതും മെസ്സി ആയിരുന്നു.മെസ്സിയിൽ നിന്നു പാസ് സ്വീകരിച്ച റോജോ മെസ്സിക്കൊപ്പം നീങ്ങിയ അഗ്വേറയ്ക്കു പന്തു കൈമാറി. അനായാസം അഗ്വേറോ വല കുലുക്കുകയും ചെയ്തു. തൊട്ടുപിന്നാലെ റഫറിയുടെ ലോങ് വിസിൽ മുഴങ്ങുമ്പോൾ സ്‌കോർ: 5-0.

രണ്ട് തവണ മഞ്ഞക്കാർഡ് കണ്ട പനാമ താരം ആനിബോൾ ഗോഡേ പുറത്തുപോകേണ്ടി വന്നതിനാൽ ആദ്യ പകുതിയിൽ തന്നെ പനാമ പത്തുപേരായി ചുരുങ്ങിയിരുന്നു. വെറും 25 മിനിറ്റിനിടെ ശതാബ്ദി കോപ്പയിലെ ടോപ് സ്‌കോററായി. അർജന്റീന ജഴ്‌സിയിലെ നാലാം ഹാട്രിക്കാണ് ഇന്നത്തെ മത്സരത്തിൽ മെസ്സി കുറിച്ചത്.

ബൊളീവിയയെ തോൽപ്പിച്ചു ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി ചിലി

ഗ്രൂപ്പ് ഡിയിൽ നടന്ന ആദ്യ മത്സരത്തിൽ ബൊളീവിയയെ തോൽപ്പിച്ച ചിലി ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ചിലിയുടെ വിജയം. ആദ്യ മത്സരത്തിൽ അർജന്റീനയോടു തോറ്റ ചിലിക്ക് അടുത്ത മത്സരത്തിൽ പനാമയാണ് എതിരാളി. മത്സരത്തിൽ ജയിക്കുന്ന ടീം അർജന്റീനയ്‌ക്കൊപ്പം ഗ്രൂപ്പ് ഡിയിൽ നിന്ന് ക്വാർട്ടറിൽ കടക്കും. രണ്ടു തോൽവിയോടെ ബൊളീവിയ പുറത്തായി.