ബ്യൂണസ് ഐറിസ്: ജൂൺ 13ന് തുടക്കമാകുന്ന കോപ്പ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്റിനുള്ള മുന്നൊരുക്കത്തിൽ അർജന്റീന ദേശീയ ടീം. വിവിധ യൂറോപ്യൻ ഫുട്‌ബോൾ ലീഗുകളിൽ കളിക്കുന്ന താരങ്ങൾ അടക്കം തിരിച്ചെത്തിയാൽ ശക്തമായ ബയോ ബബിൾ ഒരുക്കി കോവിഡ് പ്രതിരോധം കടുപ്പിക്കാനാണ് തീരുമാനം.

കോപ്പ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്റിനു മുമ്പ് തന്നെ ദേശീയ ടീമിനൊപ്പം ചേരുന്ന കളിക്കാർക്കും സ്റ്റാഫിനും കടുത്ത നിയന്ത്രണങ്ങളാണ് അർജന്റീന ദേശീയ ടീമിനായി ഒരുക്കിയിരിക്കുന്നത്.

കളിക്കാർ എത്തിക്കഴിഞ്ഞാൽ അവരുടെ കോവിഡ് പരിശോധനാഫലം വരുന്നതുവരെ ഐസൊലേഷനിൽ കഴിയണം. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഇത്തരത്തിൽ പരിശോധനയുണ്ടാകും. പുറത്തുനിന്നുള്ള ആർക്കും തന്നെ ബബിളിനുള്ളിൽ താരങ്ങളെ സന്ദർശിക്കാനാകില്ല.

കോവിഡ് മഹാമാരി ആരംഭിച്ച ശേഷം രാജ്യം ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ടീം തീരുമാനിച്ചത്.

മെയ് 26 മുതൽ ടൂർണമെന്റ് അവസാനിക്കുന്നതുവരെ എസെയ്സയിലെ ദേശീയ ടീം കോപ്ലക്സായിരിക്കും ടീം അംഗങ്ങളുടെയും മറ്റും താമസസ്ഥലം. ജൂൺ 13 മുതൽ ജൂലായ് 10 വരെയാണ് കോപ്പ അമേരിക്ക ടൂർണമെന്റ്.

എല്ലാ കളിക്കാർക്കും സിംഗിൾ റൂമുകൾ ആവശ്യമായതിനാൽ കോച്ച് ലയണൽ സ്‌കലോണിക്കും സ്റ്റാഫിനുമായി 17 ട്രെയ്ലറുകളും വാടകയ്ക്ക് എടുത്തിട്ടുണ്ട്.

ഫിറ്റ്നസ് സെന്റർ, റസ്റ്റോറന്റ്, കോവിഡ് പരിശോധനാ കേന്ദ്രം എന്നിവയ്ക്കായി വലിയ ടെന്റുകളാണ് അർജന്റീന സോക്കർ ഫെഡറേഷൻ (എ.എഫ്.എ) സ്ഥാപിച്ചിരിക്കുന്നത്. സാമൂഹിക അകലം എല്ലായിടത്തും പാലിക്കുക എന്നത് മുൻനിർത്തിയാണിത്. മാത്രമല്ല ഓരോ കളിക്കാർക്കും വസ്ത്രം മാറാൻ പ്രത്യേക മുറികളുണ്ട്.