ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ നൂറാം വർഷം പ്രമാണിച്ചു നടക്കുന്ന പ്രത്യേക ടൂർണമെന്റിൽ നിന്നു പിന്മാറില്ലെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടുന്നതിനാൽ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഇന്നലെ അസോസിയേഷൻ അറിയിച്ചിരുന്നു.

ഈ തീരുമാനം പുനഃപരിശോധിച്ചാണു ടൂർണമെന്റിൽ പങ്കെടുക്കാൻ അസോസിയേഷൻ സന്നദ്ധത അറിയിച്ചത്. ശതാബ്ദി കോപ്പ അമേരിക്കയിൽ നിന്ന് പിന്മാറില്ലെന്ന് അർജന്റൈൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയിസ് സെഗൂരയാണ് അറിയിച്ചത്.

താൻ രാജിവയ്ക്കേണ്ട സാഹചര്യം ഇല്ലെന്നും ടീം അർജന്റീന കോപ്പ അമേരിക്കയിൽ കളിക്കുമെന്നും സെഗൂര വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ന് ചേർന്ന അടിയന്തിര യോഗത്തിലാണ് ടീമിനെ പിൻവലിക്കേണ്ടെന്ന് തീരുമാനം അസോസിയേഷൻ എടുത്തത്.

അർജന്റീനൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് സർക്കാർ റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് കോപ്പ അമേരിക്ക ടൂർണമെന്റിൽനിന്ന് ടീമിനെ പിൻവലിക്കുമെന്ന് അസോസിയേഷൻ നേരത്തെ ഭീക്ഷണി മുഴക്കിയത്. ജൂൺ 30-ന് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കാനിരുന്ന തിരഞ്ഞെടുപ്പാണ് സർക്കാർ റദ്ദാക്കിയിരുന്നത്.

അതേസമയം പരിക്കിന്റെ പിടിയിലായ സൂപ്പർതാരം ലയണൽ മെസി കോപ്പയിൽ ഇറങ്ങുമെന്ന വാർത്തകളും ആരാധകർക്കു പ്രതീക്ഷയേകുന്നുണ്ട്. പുറംവേദനയെ തുടർന്ന് വിശ്രമത്തിലായിരുന്ന മെസി കഴിഞ്ഞ ദിവസം മുതൽ ഗ്രൗണ്ടിൽ പരിശീലനത്തിന് ഇറങ്ങുന്നുണ്ട്. കോപ്പ അമേരിക്ക ഫുട്ബോളിന് മുന്നോടിയായി ഹോണ്ടുറാസിനെതിരെയുള്ള സൗഹൃദ മത്സരത്തിനിടെയാണ് മെസിക്ക് പരിക്കേറ്റിരുന്നത്. ജൂൺ ആറിന് കാലിഫോർണിയയിൽ നിലവിലെ ജേതാക്കളായ ചിലിക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.