- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിംപിക് ഫുട്ബോൾ: ക്വാർട്ടർ കാണാതെ അർജന്റീന പുറത്ത്; ഗോൾ ശരാശരിയിൽ കോപ്പ അമേരിക്ക ചാമ്പ്യന്മാരെ മറികടന്ന് ഈജിപ്ത്; ജർമനിയെ സമനിലയിൽ കുരുക്കി ഐവറി കോസ്റ്റ്; സൗദിയെ കീഴടക്കി ബ്രസീൽ മുന്നോട്ട്
ടോക്യോ: ഒളിമ്പിക് ഫുട്ബോളിൽ ക്വാർട്ടർ കാണാതെ അർജന്റീനയും ജർമനിയും പുറത്ത്. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ സ്പെയ്നിനോട് സമനില വഴങ്ങിയതാണ് ലാറ്റിനമേരിക്കൻ ടീമിന് തിരിച്ചടിയായത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടുകയായിരുന്നു. 66-ാം മിനിറ്റിൽ മെറീനോ സ്പെയ്നിനായി ലക്ഷ്യം കണ്ടപ്പോൾ 87-ാം മിനിറ്റിൽ ബെൽമോന്റെ അർജന്റീനയുടെ സമനില ഗോൾ നേടി.
എന്നാൽ അർജന്റീനയ്ക്ക് ക്വാർട്ടറിലെത്താൻ ഈ സമനില മതിയാകുമായിരുന്നില്ല. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് രണ്ടു ഗോളിന് തോറ്റ അർജന്റീന രണ്ടാം മത്സരത്തിൽ ഈജിപ്തിനെതിരേ വിജയം കണ്ടിരുന്നു.
മൂന്നു മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുള്ള അർജന്റീന ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്. രണ്ടാമതുള്ള ഈജിപ്തിനും ഇതേ പോയിന്റാണെങ്കിലും ഗോൾ ശരാശരിയിൽ അർജന്റീനയെ മറികടക്കുകയായിരുന്നു. അഞ്ച് പോയിന്റുമായി ഒന്നാമതെത്തിയ സ്പെയിനും ഈജിപ്തുമാണ് ഗ്രൂപ്പിൽ നിന്ന് ക്വാർട്ടറിലേക്ക് മുന്നേറിയത്.
അതേ സമയം സൗദി അറേബ്യയുടെ കടുത്ത വെല്ലുവിളി മറികടന്ന് ബ്രീസിൽ ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഡിയിൽ സൗദിക്കെതിരെ 3-1നായിരുന്നു കാനറികളുടെ ജയം. ഗ്രൂപ്പിൽ നിന്ന് ജർമനി പുറത്തായി. ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റുമായി സമനിലയിൽ പിരിഞ്ഞതോടെ ജർമനി പുറത്തായി. ഗ്രൂപ്പ് ബിയിൽ നിന്ന് ദക്ഷിണ കൊറിയ, ന്യൂസിലൻഡ് ടീമുകളും ക്വാർട്ടറിലെത്തി.
സൗദിക്കെതിരെ 14-ാം മിനിറ്റിൽ മതേയൂസിന്റെ ഗോളിൽ ബ്രസീൽ മുന്നിലെത്തി. എന്നാൽ 27-ാം ബ്രസീലിനെ ഞെട്ടിച്ച് സൗദി ഗോൾ തിരിച്ചടിച്ചു. അബ്ദുലേല അലമ്രിയുടെ വകയായിരുന്നു ഗോൾ. പിന്നീട് 75-ാം മിനിറ്റ് വരെ നിലവിലെ ചാംപ്യന്മാരെ പിടിച്ചുകെട്ടാൻ സൗദിക്കായി. 76-ാം മിനിറ്റിലും ഇഞ്ചുറി സമയത്തും റിച്ചോർലിസൺ ഗോൾ നേടിയതോടെ ബ്രസീൽ വിജയം പൂർത്തിയാക്കി.
ജർമനിയെ ഐവറി കോസ്റ്റ് സമനിലയിൽ തളയ്ക്കുകയായിരുന്നു. 67-ാം മിനിറ്റിൽ ബെഞ്ചമിൻ ഹെന്റിച്ചിന്റെ സെൽഫ് ഗോളിനാണ് ഐവറി കോസ്റ്റ് മുന്നിലെത്തുന്നത്.73-ാം മിനിറ്റിൽ എഡ്വേർഡ് ലോവൻ ജർമനിക്കായി സമനില ഗോൾ നേടി. എന്നാൽ ക്വാർട്ടറിലെത്താൻ ഈയൊരു ഗോൾ മതിയായിരുന്നില്ല.
ഗ്രൂപ്പ് ബിയിൽ ഹോണ്ടുറാസിനെ എതിരില്ലാത്ത ആറ് ഗോളിനാണ് ദക്ഷിണ കൊറിയ ജയിച്ചത്. ന്യൂസിലൻഡ്- റൊമാനിയ മത്സരം ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. ഫ്രാൻസിനെ ആതിഥേയരായ ജപ്പാൻ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് കീഴടക്കി.
സ്പോർട്സ് ഡെസ്ക്