ബ്യൂണസ് ഐറിസ്: അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ ചിത്രം രാജ്യത്തെ കറൻസികളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി അർജന്റീന പാർലമെന്റിൽ പ്രത്യേക ബിൽ. സെനറ്റർ നോർമ ഡുറാങ്കോയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഈ ആവശ്യം ഉന്നയിച്ച് പ്രത്യേക ബിൽ അവതരിപ്പിച്ചത്. അർജന്റീനയുടെ കറൻസിയായ 1000 പെസോ നോട്ടിന്റെ ഒരു ഭാഗത്ത് മാറഡോണയുടെ മുഖവും മറുവശത്ത് 1986-ലെ മെക്‌സിക്കോ ലോകകപ്പിൽ ജൂൺ 22-ന് മാറഡോണ ഇംഗ്ലണ്ടിനെതിരേ നേടിയ നൂറ്റാണ്ടിന്റെ ഗോളിന്റെ ചിത്രവും ആലേഖനം ചെയ്യണമെന്നാണ് നോർമ ഡുറാങ്കോയുടെ ആവശ്യം. അർജന്റീനയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയാണ് 1000 പെസോ. ഇക്കഴിഞ്ഞ നവംബർ 25-ന് ഹൃദയാഘാതത്തെ തുടർന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു മാറഡോണയുടെ അന്ത്യം.