പാരീസ്: സൂപ്പർ താരം കിലിയൻ എംബാപ്പെയെ നിലനിർത്തിയതിന് പിന്നാലെ മറ്റൊരു സൂപ്പർ താരം പിഎസ്ജി വിടുന്നു. അർജന്റീന സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ ആണ് ക്ലബ്ബ് വിടാനൊരുങ്ങുന്നത്. പിഎസ്ജിയുമായുള്ള ഡി മരിയയുടെ കരാർ ഈ സീസണൊടുവിൽ അവസാനിക്കും.

34കാരനായ ഡി മരിയയുമായുള്ള കരാർ പുതുക്കില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കി. പി എസ്ജിക്കായി 295 മത്സരങ്ങളിൽ നിന്ന് 91 ഗോളുകളും ക്ലബ്ബ് റെക്കോർഡായ 111 അസിസ്റ്റുകളും ഡി മരിയയുടെ പേരിലുണ്ട്. ഡി മരിയ ക്ലബ്ബിന്റെ ചരിത്രത്തിൽ ഇടം പിടിച്ചാണ് മടങ്ങുന്നതെന്ന് ക്ലബ്ബ് പ്രസിഡന്റ് നാസർ അൽ ഖലാഫി പറഞ്ഞു.

ആരാധകരുടെ മനസിലും ഓർമകളിലും ഡി മരിയ എല്ലായ്‌പ്പോഴും മധുരമുള്ള ഓർമയായിരിക്കുമെന്നും അൽ ഖലാഫി വ്യക്തമാക്കി. നാളെ എഫ്സി മെറ്റ്‌സ്- പിഎസ്ജിയുടെ മത്സരമാകും ഡി മരിയയുടെ ക്ലബ്ബിനുവേണ്ടിയുള്ള അവസാന മത്സരം. ഡി മരിയക്ക് ഉചിതമായ യാത്രയയപ്പ് നൽകാൻ ആരാധകരോട് സ്റ്റേഡിത്തിലെത്തണമെന്ന് ഖലാഫി ആഹ്വാനം ചെയ്തു.

2015ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാണ് ഡി മരിയ പിഎസ്ജിയിലെത്തുന്നത്. 2010-2014 സീസണിൽ റയൽ മാഡ്രിഡ് താരമായിരുന്ന ഡി മരിയ പി എസ് ജിയിലെത്തി ആദ്യ സീസണിൽ തന്നെ 15 ഗോളുകളും 25 അസിസ്റ്റുകളുമായി വരവറിയിച്ചു. ക്ലബ്ബിനൊപ്പം അഞ്ച് ലീഗ് വൺ കീരീടനേട്ടത്തിൽ ഡി മരിയ പങ്കാളിയായി. ഫ്രഞ്ച് കപ്പ്, നാലു തവണ ലീഗ് കപ്പ് നേട്ടത്തിലും ഡി മരിയ പിഎസ്ജിക്കൊപ്പമുണ്ടായിരുന്നു.

വിംഗറായും അറ്റാക്കിങ് മിഡ് ഫീൽഡറായും പിഎസ്ജിയിൽ തിളങ്ങിയ ഡി മരിയയുടെ കരിയറിൽ പലപ്പോഴും പരിക്ക് വില്ലനായി. പി എസ് ജി വിടുന്ന ഡി മരിയയുടെ അടുത്ത ക്ലബ്ബ് ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല.