ർണവെറിയുടെയും വംശീയ വിദ്വേഷത്തിന്റെയും കാലത്തിലൂടെയാണ് ദക്ഷിണാഫ്രിക്ക കടന്നുപോയത്. നെൽസൺ മണ്ടേലയെപ്പോലുള്ള നേതാക്കളുടെ വർഷങ്ങൾ നീണ്ട ചെറുത്തുനിൽപ്പിന്റെയും പ്രതിരോധത്തിന്റെയും ഫലമായി രാജ്യത്തിന്റെ ഭരണം കറുത്തവർഗക്കാരുടെ കൈയിലെത്തിയെങ്കിലും, ദക്ഷിണാഫ്രിക്കയിൽ വർണവെറി ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് ഈ ദൃശ്യങ്ങൾ തെളിയിക്കുന്നു. വെള്ളക്കാരുടെ ക്രൂരത അതിന്റെ പാരമ്യത്തിൽത്തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വിഡിയോ.

കറുത്തവർഗക്കാരനായ തൊഴിലാളിയെ ബലംപ്രയോഗിച്ച് ശവപ്പെട്ടിയിൽ കയറ്റുന്നതും ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതുമാണ് വീഡിയോയിലുള്ളത്. വിക്ടർ മ്ലോത്ഷ്വ എന്ന യുവാവാണ് വീഡിയോയിൽ ജീവനുവേണ്ടി ഇരക്കുന്നത്. വിക്ടറിനെ ഭീഷണിപ്പെടുത്തുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തതിന് വില്യം ഊസ്തൂസിയൻ, തിയോ ജാക്‌സൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിചാരണ ചെയ്യുന്ന വേളയിൽ വീഡിയോ പ്രദർശിച്ചപ്പോൾ കോടതിയിലുണ്ടായിരുന്നവർ പൊട്ടിക്കരഞ്ഞു.

വയലിലൂടെ നടന്നുപോവുകയായിരുന്ന വിക്ടറിനെ പിടികൂടിയ വില്യമും തിയോയും ഇയാളെ ശവപ്പെട്ടിയിലാക്കുകയായിരുന്നു. അതിലേക്ക് പെട്രോൾ ഒഴിച്ചശേഷം തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി. മാത്രമല്ല, ശവപ്പെട്ടിക്കുള്ളിലേക്ക് ഒരുപാമ്പിനെ കയറ്റിവിടുമെന്നും ഇവർ ഭീഷണിപ്പെടുത്തുന്നുണ്ട്.

യുവാവിനെ ശവപ്പെട്ടിക്കുള്ളിലാക്കിയവർ തന്നെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തൊഴുകൈയുമായി ജീവനുവേണ്ടി ഇരക്കുന്ന വിക്ടറാണ് ദൃശ്യത്തിലുള്ളത്. ഇയാളെ പ്രതികൾ ബൂട്ടിച്ച് ചവിട്ടുന്നതും കാണാം. കിഴക്കൻ പ്രവിശ്യയായ എംപുമലാംഗയിൽ കഴിഞ്ഞവർഷമാണ് ഈ സംഭവമുണ്ടായത്. പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ആക്രമിക്കൽ, വധശ്രമം, ആയുധം കൈവശംവെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

എന്നെ കൊല്ലല്ലേ എന്നു നിലവിളിക്കുകയാണ് വിക്ടർ. ഞങ്ങളുടെ വയൽമുഴുവൻ നശിപ്പിക്കുന്ന നിന്നെ കൊ്ല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുന്നു. ഒരുഘട്ടത്തിൽ, ശവപ്പെട്ടി പൂർണമായി മൂടാനും അവർ ശ്രമിക്കുന്നുണ്ട്. വയലിൽനിന്ന് ചെമ്പുകമ്പികൾ മോഷ്ടിക്കവെയാണ് വിക്ടറിനെ പിടികൂടിയതെന്ന് പ്രതികൾ കോടതിയിൽ ബോധിപ്പിച്ചു. വീഡിയോ രാജ്യമാകെ പ്രചരിച്ചതോടെ, ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെയും പ്രതിപക്ഷമായ ഡെമോക്രാറ്റിക് അലയൻസിന്റെയും പ്രവർത്തകർ വിചാരണ നടക്കുന്ന കോടതിക്ക് മുന്നിൽ പ്രതിഷേധപ്രകടനം നടത്തി.