തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച തിയേറ്റർ ആയ തിരുവനന്തപുരം ഏരീസ് പ്ലെക്‌സ് പുതു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ്. മോഹൻലാൽ ചിത്രമായ മരക്കാറിന്റെ റിലീസ് വഴി ആണ് മലയാള സിനിമയിലെ സർവകാല റെക്കോർഡ് തകർക്കുന്നത്. മോഹൻലാൽ ആരാധകരും , സിനിമാ പ്രേമികളും ഏരീസ് പ്ലെക്‌സിലെ മാരത്തോൺ ഷോയുടെ വാർത്ത ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

തീയറ്ററിലെ 6 സ്‌ക്രീനുകളിൽ ആയി 42 ഷോകൾ ഒരു ദിവസം നടക്കും. ഡിസംബർ ഒന്നിന് പുലർച്ചെ 12 : 01 ന് പ്രദർശനം ആരംഭിക്കും.11 : 59 വരെ മാരത്തോൺ പ്രദർശനം തുടരും. പുലർച്ചെ 12 : 01 മുതൽ ഫാൻസ് ഷോ ആരംഭിക്കും. 12:01 am, 12: 30 am, 03:45 am,4: 15 am എന്നീ സമയങ്ങളിൽ ആണ് ഫാൻസ് ഷോ ക്രമീകരിച്ചിരിക്കുന്നത്.തിയേറ്റർ ഉടമ ഡോ. സോഹൻ റോയി ഫേസ്‌ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്.

ഷോ സമയങ്ങൾ

ഔഡി 1 മുതൽ 6 വരെ സ്‌ക്രീനുകളിൽ മരക്കാറിന്റെ പ്രദർശനം ഉണ്ടാകും. ഓരോ സ്‌ക്രീനിലും 7 ഷോ വീതം. ആദ്യമായാണ് തിയേറ്ററിലെ എല്ലാ സ്‌ക്രീനുകളും ഒരു സിനിമയ്ക്ക് വേണ്ടി മാറ്റി വയ്ക്കുന്നത് .

ഔഡി 1

12.01 AM, 03.45 AM, 07.30 AM, 11.30 AM, 03.30 PM, 07.30 PM, 11.30 PM

ഔഡി 2, 3, 4, 5 & 6

12.30 AM, 04.15 AM, 08.00 AM, 12.00 AM, 04.00 PM, 08.00 PM, 11.59 PM.

ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ഉടമകൾ

150 കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച ബാഹുബലി എന്ന ചിത്രം 2015 ഡിസംബറിൽ തിരുവനന്തപുരം ഏരീസ് പ്ലെക്‌സിൽ റിലീസ് ചെയ്തപ്പോൾ മൂന്ന് കോടി രൂപയാണ് വരുമാനം നേടിക്കൊടുത്തത്. ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതൽ വരുമാനം നേടിയ രാജ്യത്തെ ആദ്യത്തെ തീയേറ്റർ എന്ന റെക്കോർഡും അന്ന് ഏരീസ് പ്ലെക്‌സ് സ്വന്തമാക്കിയിരുന്നു. അത്തരത്തിലുള്ള നിരവധി ചരിത്രമാണ് ഏരീസ് പ്ലെകസിന് ഉള്ളത്.അതെ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.അത്യാധുനിക നിലവാരത്തിൽ ഏരീസ് പ്ലെക്‌സ് സജ്ജീകരിച്ചിരിച്ചതോടെയാണ് പ്രദർശനശാലകളുടെ ആധുനികവൽക്കരണ വിപ്ലവത്തിന് രാജ്യമാകമാനം തുടക്കം കുറിക്കപ്പെട്ടത്. ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പാണ് തിയേറ്ററിന്റെ പ്രധാന നിക്ഷേപകർ.