- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാർ ഒരു സ്റ്റാർ വാല്യുവും ഇല്ലാത്ത വേസ്റ്റ് സിനിമ; അത്തരം സിനിമകളുടെ പിറകേ പോകരുതെന്ന് ചർച്ചയിൽ പറഞ്ഞത് ജീവനക്കാരൻ; വിലക്കുമായി സിനിമാ സംഘടനകളും; തിരുവനന്തപുരത്തെ ഏരീസ് പ്ലസ് തിയേറ്ററിനെതിരെ നടപടി; ഇന്ന് മുതൽ ഇംഗ്ലീഷ് ഒഴികെയുള്ള സിനിമകൾക്ക് സോഹൻ റോയിയുടെ തിയേറ്ററിൽ നിരോധനം
തിരുവനന്തപുരം: സിനിമാ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളിലെ ചിലരുടെ അനാരോഗ്യകരമായ വ്യക്തിരാഷ്ട്രീയ നീക്കങ്ങൾ കാരണം തിരുവനന്തപുരത്തെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോവിഡ് സംരക്ഷിത തിയേറ്ററായ ഏരീസ് പ്ലെക്‌സ് മൾട്ടിപ്ലക്‌സ് അടച്ചുപൂട്ടലിലേക്ക് എന്ന് തിയേറ്റർ ഉടമ സോഹൻ റോയ്.
കോവിഡ് വ്യാപനം മൂലം സിനിമാ വ്യവസായം തകർച്ചയിലേക്ക് കൂപ്പുകുത്തിയ അപകടകരമായ സ്ഥിതിയിൽ നിന്ന് കരകയറുന്ന എല്ലാ സാഹചര്യങ്ങളും അനുകൂലമായപ്പോഴാണ് സിനിമാരംഗത്തെ സംഘടനകളുടെ പേരിൽ അനവസരത്തിലുള്ള ഇടപെടൽ മൂലം രാജ്യാന്തര നിലവാരമുള്ള ഏരീസ് പ്ലക്‌സ് പ്രവർത്തിപ്പിക്കാൻ സാധിക്കാതെ വരുന്നത്.
ശിവ കാർത്തികേയൻ നായകനായ ചിത്രമായ ഡോക്ടർ, ഒക്ടോബർ 9ന് തമിഴ്‌നാട്ടിൽ റിലീസ് ചെയ്തപ്പോൾ എക്കാലത്തേയും റെക്കോർഡുകൾ കടന്ന് ഒക്ടോബർ 28 നാണ് കേരളത്തിൽ എത്തിയത്. ആദ്യ ദിനം തന്നെ സിനിമ കാണാനായി നിരവധി ആളുകളാണ് തീയേറ്ററിൽ എത്തിയത്. ഈ സമയത്താണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന സിനിമാപ്രദർശനം തടഞ്ഞു രംഗത്തെത്തിയത്.
29 മുതൽ ഇംഗ്ലീഷ് ഒഴികെയുള്ള സിനിമയ്ക്കാണ് ഈ തീയറ്ററിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് തികച്ചും രാഷ്ട്രീയ നാടകമാണെന്നും സിനിമാ വ്യവസായത്തെ രക്ഷപ്പെടുത്താനുള്ള ഉദ്യമങ്ങളുമായി രംഗത്ത് വരുന്നവരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള നടപടിയാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും ഏരീസ് ഗ്രൂപ്പ് സി ഇ ഒയും സംവിധായകനുമായ ഡോ.സോഹൻ റോയ് പറഞ്ഞു.
സംസ്ഥാനത്ത് മലയാള സിനിമകളുടെ തീയറ്റർ റിലീസ് ആരംഭിക്കുകയാണ്. ജോജു ജോർജ് ചിത്രം 'സ്റ്റാർ' ആണ് ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ തീയറ്റർ ചിത്രം. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് നവംബർ 12ന് തീയറ്ററിലൂടെ പ്രേക്ഷകരിലേക്കെത്തും. ജോജു ജോർജും ,ഷീലു അബ്രഹാമും മുഖ്യ വേഷത്തിൽ എത്തുന്ന 'സ്റ്റാർ'ൽ അതിഥി താരമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ഒരു സൈക്കോളജിക്കൽ മിസ്റ്ററി ഗണത്തിൽ പെടുന്ന സിനിമ ആയിരിക്കും 'സ്റ്റാർ' എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
ഈ സ്റ്റാർ സിനിമയ്‌ക്കെതിരെ മോശമായി ഏരീസിലെ ജീവനക്കാരൻ സംസാരിച്ചുവെന്നതാണ് വിലക്കിന് കാരണം. സ്റ്റാർ എന്ന ഒരു സ്റ്റാർ വാല്യൂവും ഇല്ലാത്ത വേസ്റ്റ് സിനിമയെന്നായിരുന്നു പ്രദർശനം. സ്റ്റാർ വച്ച് വിലപേശരുതെന്ന് ഏരീസിന്റെ ജീവനക്കാരൻ തിയേറ്റർ സംഘടനകളുടെ ചർച്ചയിൽ പറഞ്ഞിരുന്നു. ഇതാണ് വിലക്കിന് കാരണം. സ്റ്റാർ ഒരു ചെറിയ സിനിമ ആണെന്നും ഈ സമയത്ത് മൽസരങ്ങൾ ഒഴിവാക്കണം എന്നുമാണ് ഉദ്ദേശിച്ചതെന്ന് ഏരീസ് മാനേജ്‌മെന്റ് പറയുന്നു.
150 കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച ബാഹുബലി എന്ന ചിത്രം 2015 ഡിസംബറിൽ തിരുവനന്തപുരം ഏരീസ് പ്ലെക്‌സിൽ റിലീസ് ചെയ്തപ്പോൾ മൂന്ന് കോടി രൂപയാണ് വരുമാനം നേടിക്കൊടുത്തത്. ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതൽ വരുമാനം നേടിയ രാജ്യത്തെ ആദ്യത്തെ തീയേറ്റർ എന്ന റെക്കോർഡും അന്ന് ഏരീസ് പ്ലെക്‌സ് സ്വന്തമാക്കിയിരുന്നു.
അത്യാധുനിക നിലവാരത്തിൽ ഏരീസ് പ്ലെക്‌സ് സജ്ജീകരിച്ചിരിച്ചതോടെയാണ് പ്രദർശനശാലകളുടെ ആധുനികവൽക്കരണ വിപ്ലവത്തിന് രാജ്യമാകമാനം തുടക്കം കുറിക്കപ്പെട്ടത്. ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പാണ് തിയേറ്ററിന്റെ പ്രധാന നിക്ഷേപകർ.
മറുനാടന് മലയാളി ബ്യൂറോ