- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആഗ്രഹിച്ചത് പാലാരിവട്ടം മോഡലിൽ സുധാകരനെ അഴിമതിക്കാരനാക്കാൻ; വെള്ളക്കെട്ടിന്റെ പ്രശ്നത്തിന് പിന്നിലെ സാങ്കേതികത്വം എംപിക്ക് തിരിച്ചടിയായി; അരൂർ-ചേർത്തല ദേശീയപാതയിൽ കുടുങ്ങി ആലപ്പുഴ എംപി; ആരിഫിനെ സിപിഎം ശാസിച്ചേക്കും
ആലപ്പുഴ: അരൂർ-ചേർത്തല ദേശീയപാതയുടെ പേരിൽ ജി സുധാകരന്റെ കാലത്തിനെ കുറ്റപ്പെടുത്തുന്നതിന് പിന്നിൽ സിപിഎമ്മിലെ ഉൾപോരു തന്നെ. ഈ ദേശീയ പാത തകരുന്നതു തടയാൻ മീഡിയൻ പൊളിച്ചുപണിയണമെന്നു 2012-ൽത്തന്നെ റിപ്പോർട്ട് നൽകിയിരുന്നു. ഈ റോഡിന്റെ ഉത്തരവാദിത്തമാണ് മുൻ പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ തലയിൽ കെട്ടി വയ്ക്കാൻ ആരിഫ് എംപി ശ്രമിച്ചതെന്നാണ് വ്യക്തമാകുന്നത്.
അതിനിടെ ചേർത്തല-അരൂർ ദേശീയപാത പുനർനിർമ്മാണത്തിലെ അപാകം അന്വേഷിക്കണമെന്നാവശ്യപ്പെട്ട എ.എം. ആരിഫ് എംപി.യുടെ നിലപാടിനെ പാർട്ടിയും തള്ളിയതോടെ അദ്ദേഹം പ്രതിരോധത്തിലായി. സുധാകരനെ അഴിമതിക്കാരനാക്കാനുള്ള അതിബുദ്ധി ആരിഫിന് വിനയായുകയാണ്. അമ്പലപ്പുഴയിലെ അന്വേഷണത്തിൽ സുധാകരനെ തളയ്ക്കാനുള്ള നീക്കത്തിനും ഇത് തിരിച്ചടിയായി. അനുമതി വാങ്ങാതെയാണ് എംപി. പൊതുമരാമത്തുമന്ത്രി മുഹമ്മദ് റിയാസിനു പരാതി നൽകിയതെന്നു സിപിഎം. ജില്ലാ സെക്രട്ടറി ആർ. നാസർ ആവർത്തിച്ചു.
ഗൗരവമായി വിഷയം പഠിക്കാതെ പ്രശ്നമുന്നയിച്ചതു തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയന് അടിയിലുള്ള വെള്ളക്കെട്ടാണ് റോഡുതകരാൻ കാരണമെന്നായിരുന്നു വിലയിരുത്തൽ. ഇതുപരിഹരിക്കാൻ വലിയതുക വേണമെന്നതിനാൽ ദേശീയപാത അഥോറിറ്റി അംഗീകരിച്ചില്ല. ഈ റിപ്പോർട്ട് തനിക്കു ലഭിച്ചിരുന്നില്ലെന്ന് ആരിഫ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ആരിഫിന് എതിരാണ്. പാലാരിവട്ടം പാലം അഴിമതിയുടെ മാതൃകയിൽ സുധാകരനെ കുറ്റപ്പെടുത്താൻ അരിഫ് ഇറങ്ങിയെന്നാണ് പിണറായി പറയുന്നത്. ആരിഫിനെ പാർട്ടി താക്കീത് ചെയ്യാനും സാധ്യതയുണ്ട്.
അരൂർ പള്ളി, അരൂർ മേഴ്സി സ്കൂൾ, ചന്തിരൂർ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മീഡിയനിൽനിന്നു വെള്ളമിറങ്ങുന്നതാണ് റോഡ് തകരാനുള്ള കാറണം. റോഡിന്റെ ഉപരിതലത്തിൽനിന്നു വെള്ളം ഏറ്റവും അടിത്തട്ടിലേക്കു (ഗ്രാനുലാർ സബ് ബേസ് ലെവൽ-ജി.എസ്.ബി.) പോകുന്നില്ല. മീഡിയൻ പൊളിച്ചു വെള്ളമിറങ്ങാൻ സൗകര്യമൊരുക്കണമെന്നു സമിതി ശുപാർശചെയ്തു. ഈ രീതിയിൽ 23.68 കിലോമീറ്റർ പണിയാൻ 60 കോടിയോളം രൂപയുടെ എസ്റ്റിമേറ്റാണു പൊതുമരാമത്തു വകുപ്പ് ദേശീയപാത അഥോറിറ്റിക്കു നൽകിയത്. ഇത് നടക്കാത്തതാണ് ഈ റോഡിന്റെ പ്രശ്നം.
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (എ.ഐ.സി.ടി.ഇ.) മെമ്പർ സെക്രട്ടറി ഡോ. കുഞ്ചറിയ പി. ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്നു സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് തയ്യാറാക്കിയത്. സംസ്ഥാന പൊതുമരാമത്തു വകുപ്പിന്റെ ആവശ്യപ്രകാരമായിരുന്നു സന്ദർശനം. ദേശീയപാത ആറുവരിയാക്കുമ്പോൾ അങ്ങനെ ചെയ്താൽമതിയെന്നു നിർദ്ദേശിച്ച് എസ്റ്റിമേറ്റ് കേന്ദ്രം തള്ളി. തുടർന്ന് മീഡിയനുകൾ പൊളിക്കാതെ 36 കോടിയോളം രൂപയ്ക്കാണു പണിനടത്തിയത്.
അരൂർ മുതൽ കൃഷ്ണപുരംവരെയുള്ള ദേശീയപാതയെക്കുറിച്ച് ആക്ഷേപങ്ങൾ ഉയർന്നപ്പോഴാണ് അന്നു വിദഗ്ധസമിതി സന്ദർശിച്ചത്. ദേശീയപാത ചീഫ് എൻജിനിയർ ജെ.എസ്. ലീന, ഉന്നതോദ്യോഗസ്ഥരായ പി.കെ. രാജീവ്, ശ്രീകണ്ഠൻ നായർ, എ.വി. തോമസ്, ഡി. ഹരിലാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചേർത്തല ഒറ്റപ്പുന്ന ഭാഗത്തു റോഡിൽ കുഴികളുണ്ടാകുന്നതിനു പ്രധാന കാരണം കാനയില്ലാത്തതാണെന്നും സമിതി കണ്ടെത്തി.
ചേർത്തല-അരൂർ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് അസി.എക്സിക്യുട്ടീവ് എൻജിനിയർ കഴിഞ്ഞവർഷം ഡെപ്യൂട്ടി ചീഫ് എൻജിനിയർക്കു നൽകിയ റിപ്പോർട്ടിലും കേന്ദ്രസംഘത്തിന്റെ നിഗമനങ്ങൾ ചേർത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ