തിരുവനന്തപുരം: സർവകലാശാലാ ചാൻസലർ സ്ഥാനത്ത് സ്വതന്ത്രമായി പ്രവർത്തിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനു നൽകിയ കത്തിനെത്തുടർന്നുണ്ടായ ഗവർണർ-സർക്കാർ തർക്കത്തിൽ പ്രതിപക്ഷം കരുതലോടെ മാത്രമേ ഇടപെടൂ. സർക്കാരും ഗവർണ്ണറും തമ്മിലെ ഒത്തു തീർപ്പ് സാധ്യത മുന്നിൽ കണ്ടാണ് ഇത്. അതിനിടെ സർക്കാരും ഗവർണ്ണറും തമ്മിലെ പ്രശ്‌നം തുടരുകയാണ്. ഇത് സർവ്വകലാശാലാ പ്രവർത്തനത്തെ ബാധിക്കും. ഈ സാഹചര്യത്തിൽ ഗവർണ്ണർ സഹകരിച്ചില്ലെങ്കിൽ സർക്കാർ സർവ്വകലാശാലകളുടെ നടത്തിപ്പിന് പുതിയ ഓർഡിനൻസ് കൊണ്ടു വരും. മുഖ്യമന്ത്രി ചാനൻസലറുമാകും.

തിരുത്താൻ സർക്കാരിന് ഒന്നുമില്ലെന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. മാത്രവുമല്ല, ഗവർണറാണ് നിലപാട് മാറ്റേണ്ടതെന്നും അദ്ദേഹം പറഞ്ഞുവെച്ചു. മുഖ്യമന്ത്രിക്ക് മറുവാക്ക് നൽകാനില്ലെന്നു വിശദീകരിച്ച ഗവർണർ, നിലപാടിൽ മാറ്റമില്ലെന്ന് വീണ്ടും ഉറപ്പിച്ചു. ഇതാണ് പ്രതിസന്ധി തുടരാൻ കാരണം. മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടി ഗവർണ്ണർ നൽകി. ആ പദവി തനിക്ക് വേണ്ടെന്നാണ് ഗവർണ്ണറുടെ നിലപാട്. തുടർന്നാൽ സർവ്വാധികാരത്തോടെ പ്രവർത്തിക്കുമെന്നും പറയുന്നു. ഇത് സർക്കാരും അംഗീകരിക്കില്ല.

ചാൻസലർ പദവി ഭരണഘടനാപരം ആയിട്ടുള്ളതല്ലെന്നും സംസ്ഥാന നിയമസഭ നൽകിയ അധികാരം മാത്രമാണെന്നുമാണ് ഗവർണർ പറയുന്നത്. അതുകൊണ്ട്, ഒർഡിനൻസിലൂടെ ചാൻസലർ പദവി ഗവർണറിൽനിന്ന് മാറ്റി മുഖ്യമന്ത്രിക്ക് കൈമാറാനുള്ള നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിനൊപ്പം, ചാൻസലർ എന്ന നിലയിൽ ഗവർണർക്ക് വരുന്ന ഫയലുകൾ ഇനി മുഖ്യമന്ത്രിക്ക് കൈമാറാനുള്ള നിർദ്ദേശം ഗവർണർ തന്റെ ഓഫീസിനു നൽകിയിട്ടുണ്ട്.

കണ്ണൂർ സർവകലാശാലാ വി സി. നിയമനം, കാലടി സർവകലാശാലാ വി സി. നിയമന നടപടി ഇതിലൊന്നും മുഖ്യമന്ത്രി വീഴ്ച കാണുന്നില്ല. കലാമണ്ഡലം വി സി. ചാൻസലറായ ഗവർണർക്കെതിരേ കേസ് നൽകിയതിൽ മാത്രമാണ് വീഴ്ച കണ്ടത്. ആ കേസ് സർക്കാർ നിർദ്ദേശിച്ച് പിൻവലിപ്പിച്ചതോടെ ആ പ്രശ്‌നവും തീർന്നുവെന്ന നിലപാടിലാണ് മുഖ്യമന്ത്രി. എല്ലാം അംഗീകരിച്ചശേഷമുള്ള ഗവർണറുടെ തള്ളിപ്പറയലിനെ സംശയത്തിൽ നിർത്താനുള്ള രാഷ്ട്രീയതന്ത്രമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചതെന്നതും ശ്രദ്ധേയം. ഇത് ഗവർണ്ണറെ ചൊടിപ്പിച്ചിട്ടുണ്ട്.

തീരുമാനം പുനഃപരിശോധിക്കാൻ തക്ക കാരണങ്ങൾ ഇതുവരെയില്ല. സർക്കാരുമായും മുഖ്യമന്ത്രിയുമായി മാധ്യമങ്ങളിലൂടെ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കിയെങ്കിലും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ കാര്യങ്ങൾക്കെല്ലാം ഗവർണർ മറുപടി നൽകി. കാലടി വിസി നിയമനത്തിന് ഒരു പേരു മാത്രമാണു താൻ ആവശ്യപ്പെട്ടതെങ്കിൽ എന്തിന് ആ പേര് താൻ തിരിച്ചയയ്ക്കണം.

അഡ്വക്കറ്റ് ജനറലിന്റെ (എജി) അഭിപ്രായം തേടിയതു താനല്ല. തന്നെ സമ്മർദത്തിലാക്കാനായിരുന്നു ആ നിയമോപദേശം. മറ്റു സർവകലാശാലകളിലെ വിസി നിയമനത്തിൽ എജിയുടെ അഭിപ്രായം തേടുന്ന രീതിയില്ല. വിദഗ്‌ധോപദേശം ആവശ്യമുണ്ടായിരുന്നെങ്കിൽ തന്റെ ഓഫിസ് അത് ആവശ്യപ്പെടുമായിരുന്നു. തന്നെ ബലമായി ഒപ്പിടുവിക്കാമെന്നതിനാലാണ് സർക്കാർ എജിയുടെ അഭിപ്രായവുമായി വന്നതെന്നും ഗവർണർ പറഞ്ഞു

സർക്കാരും ഗവർണറും രണ്ടുതട്ടിൽത്തന്നെ നിന്നാൽ, കണ്ണൂർ വി സി. നിയമനം സംബന്ധിച്ച ഹൈക്കോടതിയിലെ കേസിന്റെ തീർപ്പ് ഏറെ പ്രധാനമാകും. നിയമനം നൽകിയ ഗവർണർതന്നെ നടപടിക്രമങ്ങളിൽ അവിശ്വാസം രേഖപ്പെടുത്തുന്നത് പരാതിക്കാർക്ക് അനുകൂലമാകും. വി സി. നിയമനത്തെ കോടതി തള്ളിയാൽ അത് സർക്കാരിനും ഗവർണർക്കും ഒരുപോലെ ക്ഷീണമുണ്ടാക്കും.

സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ ഒഴിവാക്കാൻ നിയമതടസ്സമില്ലെന്നാണ് നിയമവൃത്തങ്ങൾ വ്യക്തമാക്കുന്നത്. ചാൻസലർ പദവി മുഖ്യമന്ത്രിയെടുക്കണം എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെടുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. ഓരോ സർവകലാശാലയും അവയ്ക്കുവേണ്ടി നിർമ്മിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ഈ നിയമത്തിലാണ് ചാൻസലറെ നിശ്ചയിക്കുന്നത്. സർവകലാശാലാ നിയമം പാസാക്കുന്നത് സംസ്ഥാന നിയമസഭകളാണ്. അതിനാൽ നിയമസഭയിൽ ഭേദഗതി ബിൽ കൊണ്ടുവന്നോ നിയമസഭ ചേരാത്ത സമയത്ത്, ഗവർണർ ചൂണ്ടിക്കാട്ടിയതുപോലെ ഓർഡിനൻസിലൂടെയോ ചാൻസലറെ മാറ്റാം.

എന്നാൽ ഇതിന് മുൻ ഉദാഹരണങ്ങളില്ല. ഭരണഘടനാപരമായ ചുമതലയല്ലെങ്കിലും ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണറെ സർവകലാശാലകളുടെ ചാൻസലറാക്കുന്നത് കീഴ്‌വഴക്കമാണ്. ഇതിൽനിന്ന് മാറാൻ സംസ്ഥാനങ്ങൾ തയ്യാറായിട്ടില്ല. ഗവർണർ ചാൻസലർ അല്ലാത്ത സർവകലാശാലകളും രാജ്യത്തുണ്ട്. കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ (നുവാൽസ്) ചാൻസലർ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. പല സംസ്ഥാനങ്ങളിലെയും നിയമ സർവകലാശാലകളിൽ അവിടത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരാണ് ചാൻസലർമാർ.

വിദഗ്ധരെ ചാൻസലറാക്കുന്ന രീതിയുമുണ്ട്. ജവാഹർലാൽ നെഹ്രു സർവകലാശാലയുടെ ചാൻസലറായ വിജയകുമാർ സാരസ്വത് നീതി ആയോഗ് അംഗമാണ്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി ചാൻസലർ ജസ്റ്റിസ് എൽ.എൻ. റെഡ്ഡി സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അധ്യക്ഷനാണ്. തെലങ്കാന ഗവർണർ അവിടെ ചീഫ് റെക്ടറാണ്. ഡൽഹി സർവകലാശാലയുടെ ചാൻസലർ ഉപരാഷ്ട്രപതിയാണ്.