- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുജിസിയെ കൂടെ കൂട്ടി കണ്ണൂരിലെ വാദം പൊളിക്കും; ലോകായുക്ത ബിൽ അംഗീകരിക്കാതെ പിണറായിയെ വെട്ടിലാക്കും; വിധി വേഗത്തിലാക്കാൻ ഹൈക്കോടതിയിൽ നീക്കം; ദുരിതാശ്വാസ നിധിയിലെ ആരോപണം തെളിഞ്ഞാൽ മുഖ്യമന്ത്രിക്കെതിരായ ശുപാർശ ലോകായുക്തി നൽകുക ഗവർണ്ണർക്ക്; രണ്ടും കൽപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ; സിപിഎമ്മിൽ 'പകരം' ചർച്ച സജീവം
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിന്റെ നിയമനം തടഞ്ഞ് സർക്കാരുമായി കൊമ്പുകോർത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടും കൽപ്പിച്ചുള്ള നീക്കത്തിൽ. മുഖ്യമന്ത്രിക്കെതിരായ കേസിൽ ലോകായുക്താ വിധി വേഗത്തിലാക്കാനുള്ള നിയമ പോരാട്ടവും ശക്തമാണ്. ലോകായുക്ത വിധി പുറപ്പെടുവിച്ചാൽ അത് ഗവർണ്ണർക്കാണ് ശുപാർശയായി നൽകേണ്ടത്. മുഖ്യമന്ത്രിക്കെതിരായ വിധി ആയതിനാലാണ് ഇത്. ഇത് മുന്നിൽ കണ്ടാണ് നിയമ പോരാട്ടങ്ങൾ. പുതിയ ലോകായുക്താ നിയമം വരുന്നതിന് മുമ്പ്് മുഖ്യമന്ത്രിക്ക് എതിരായ വിധിയുണ്ടായാൽ അത് കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കും. മുഖ്യമന്ത്രിക്ക് സ്ഥാനം ഒഴിയേണ്ടിയും വരും.
ഇത് സിപിഎമ്മും മുന്നിൽ കാണുന്നുണ്ട്. അങ്ങനെ മുഖ്യമന്ത്രി സ്ഥാനം പിണറായിക്ക് ഒഴിയേണ്ടി വന്നാൽ പകരം സംവിധാനത്തെ കുറിച്ച് പോലും ചർച്ച തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി മാറിയിൽ അടിമുടി അഴിച്ചു പണിയുമായി മന്ത്രിസഭയ്ക്ക് പുതിയ മുഖം സിപിഎം നൽകും. എല്ലാ മന്ത്രിമാരേയും മാറ്റാൻ പോലും ആലോചനയുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഇത്തരം ചർച്ചകൾ നടക്കുന്നതായാണ് സൂചന. ഇതിനൊപ്പം പ്രതിസന്ധിയുണ്ടാകാതിരിക്കാനുള്ള മുൻകരുതലും പാർട്ടി എടുക്കും. ഹൈക്കോടതിയിലേയും മറ്റും നീക്കങ്ങൾ സസൂക്ഷ്മം പരിശോധിക്കുന്നുണ്ട് സിപിഎമ്മും. ഗവർണ്ണറെ രാഷ്ട്രീയമായി കടന്നാക്രമിച്ച് അജണ്ട തുറന്നു കാണിക്കാനാകും ശ്രമിക്കുക. ഇതിനുള്ള നിർദ്ദേശവും സിപിഎം നേതാക്കൾക്ക് പാർട്ടി നൽകിയിട്ടുണ്ട്.
ഡൽഹിയിലാണ് ഗവർണ്ണറുള്ളത്. കണ്ണൂർ സർവ്വകലാശാല വിഷയത്തിൽ എല്ലാ വിധ നിയമ വഴികളും ഗവർണ്ണറും തേടുന്നുണ്ട്. ഗവർണ്ണർക്കെതിരെ പ്രിയാ വർഗ്ഗീസും കണ്ണൂർ സർവ്വകലാശാലയും കോടതിയെ സമീപിക്കുമെന്നാണ് പുറത്തു പറയുന്നത്. ഈ കേസിൽ യുജിസിയെ അടക്കം കൂടെ നിർത്തി പ്രിയാ വർഗ്ഗീസിന്റെ വാദങ്ങളെ പൊളിക്കും. ഇതിനൊപ്പമാണ് ദുരിതാശ്വാസനിധിയിലെ സ്വജന പക്ഷപാതത്തിൽ മുഖ്യമന്ത്രിക്കെതിരായ കേസിലും സാധ്യതകൾ കാണുന്നത്. ഇത് മറികടക്കാനാണ് ലോകായുക്താ ഓർഡിനൻസ് പാസാക്കിയത്. ഇത് ഗവർണ്ണർ ഒപ്പിട്ടു. എന്നാൽ രണ്ടാമത് അതിന് വിസമ്മതം കാട്ടി. ഇതോടെ ഓർഡിനൻസ് അസാധുവായി. പഴയ നിയമമാണ് ഇപ്പോൾ പ്രാബല്യത്തിൽ. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസുണ്ട്. പുതിയ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന വാദമായിരുന്നു ആ ഹർജി.
അത് പരിഗണിച്ച ഹൈക്കോടതി അക്കാര്യത്തിൽ തീർപ്പുണ്ടാകും വരെ വിധി പറയരുതെന്ന് ലോകായുക്തയോട് ആവശ്യപ്പെട്ടു. എന്നാൽ ഓർഡിനൻസ് റദ്ദായ ഈ സാഹചര്യത്തിൽ ആ ഹർജി പ്രസക്തമല്ല. അതുകൊണ്ട് തന്നെ വിധി പറയുന്നതിലെ വിലക്ക് നീക്കാൻ ഹൈക്കോടതിയിൽ നിയമ വഴികളിലൂടെ നീങ്ങിയിട്ടുണ്ട് പരാതിക്കാർ. ഈ ഹർജിയിൽ തീരുമാനം എത്രയും വേഗം ഉണ്ടായാൽ താമസം വിനാ മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ വിധി വരും. കേസിൽ വാദം കേൾക്കൽ നേരത്തെ പൂർത്തിയായിരുന്നു. അങ്ങനെ വിധി വരികയും അത് മുഖ്യമന്ത്രിക്ക് എതിരാവുകയും ചെയ്താൽ മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ശുപാർശ ഗവർണ്ണറുടെ കൈയിലെത്തും. ഇത് ഇടതു സർക്കാരിന് വലിയ തലവേദനയായി മാറും.
ഇതിനൊപ്പം നിയമസഭ പാസാക്കുന്ന ബില്ലുകൾ തള്ളുകയോ തടഞ്ഞുവയ്ക്കുയോ ഗവർണണർ ചെയ്യുമെന്ന ആശങ്കയിലാണ് സർക്കാർ. തള്ളിയാൽ ആ നിയമനിർമ്മാണം അനിശ്ചിതത്ത്വത്തിലാകും. നിയമപരമായ പരിശോധനകൾ ചൂണ്ടിക്കാട്ടി അനുമതി നൽകാതെ, ലോകായുക്ത ഭേദഗതി ഉൾപ്പെടെ ചില ബില്ലുകളെങ്കിലും പിടിച്ചുവയ്ക്കാനും സാദ്ധ്യതയേറെയാണ്. ഗവർണർ ഒപ്പിടാത്തതു കാരണം റദ്ദായ 11 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കുക, ഓർഡിനൻസ് നിലവിലുണ്ടായിരുന്ന കാലയളവിലെ നടപടികൾ സാധൂകരിക്കാനുള്ള നിബന്ധന സഹിതമായിരിക്കും.
ഈ കാലയളവിലെ നടപടികൾക്ക് സാധൂകരണം നൽകാനുള്ള നിബന്ധനയാണ് ഉൾപ്പെടുത്തുക. ഇതു സഹിതം ബില്ലുകൾ പാസാക്കിയാലും ഒപ്പിടാതെ ഗവർണർക്ക് പിടിച്ചുവയ്ക്കാമെന്നതാണ്‌സർക്കാർ നേരിടുന്ന വെല്ലുവിളി. കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ 2016-17ൽ ക്രമവിരുദ്ധമായി പ്രവേശനം നേടിയ 180വിദ്യാർത്ഥികളെ സംരക്ഷിക്കാൻ 2018 ഏപ്രിലിൽ നിയമസഭയിൽ പാസാക്കിയ 'കേരളാ മെഡിക്കൽ കോളേജ് പ്രവേശനം സാധൂകരിക്കൽ ബില്ലിന്'അന്നത്തെ ഗവർണർ പി.സദാശിവം അംഗീകാരം നൽകിയിരുന്നില്ല. സുപ്രീംകോടതി ഉത്തരവ് മറികടക്കാനുള്ള കുറുക്കുവഴിയെന്നാണ് ഗവർണർ നിലപാടെടുത്തത്.
ബില്ലിൽ ഒപ്പിടാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ പോയെങ്കിലും, ബിൽ കൊണ്ടുവന്ന നടപടി കോടതിയലക്ഷ്യമാണെന്നായിരുന്നു ഉത്തരവ്. ലോകായുക്ത നിയമഭേദഗതി ബില്ലിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചാലോ പിടിച്ചുവച്ചാലോ ആണ് സർക്കാരിന് വലിയ കുരുക്കാവുക. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ, ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ മാർച്ച് 18ന് വിചാരണയും തെളിവെടുപ്പും പൂർത്തിയാക്കി ഉത്തരവിനായി മാറ്റിയിരിക്കുകയാണ്. പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ അവർ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്തയ്ക്കു വിധിക്കാൻ കഴിയുന്ന 14ാം വകുപ്പാണ് സർക്കാർ ഭേദഗതി ചെയ്തത്.
ഇതിനിറക്കിയ ഓർഡിനൻസ് അസാധുവായതോടെ, ഭേദഗതിക്കു മുൻപുള്ള നിയമം പുനഃസ്ഥാപിക്കപ്പെട്ടു. ബിൽ ഗവർണർ പിടിച്ചുവച്ചാൽ, ലോകായുക്തയ്ക്ക് പഴയ നിയമപ്രകാരം ഉത്തരവിറക്കാം. ഇതുപ്രകാരം മന്ത്രിമാർക്കെതിരായ ഉത്തരവുകൾ മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായത് ഗവർണർക്കും ലോകായുക്ത അയയ്ക്കണം. ഉത്തരവ് ആ അധികാരി സ്വീകരിച്ചാൽ ,ആരോപണ വിധേയൻ രാജി വയ്‌ക്കേണ്ടി വരും. ബന്ധു നിയമനക്കേസിൽ കെ.ടി.ജലീലിനു മന്ത്രി സ്ഥാനം തെറിച്ചത് ഇങ്ങനെയാണ്. അതുകൊണ്ടാണ് ഓർഡിനൻസിലൂടെ പഴുതടയ്ക്കാൻ പിണറായി ശ്രമിച്ചത്.
മറുനാടന് മലയാളി ബ്യൂറോ