- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർക്കാറുമായി ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നില്ല; ആരെ വേണമെങ്കിലും സർക്കാരിന് സർവകലാശാലകളിൽ വൈസ് ചാൻസിലറായി നിയമിക്കാം, എന്നാൽ തന്നെ ചാൻസിലറായി മുൻ നിർത്തി അത് വേണ്ട; പരിഹാരം കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചാൻസിലറാക്കുക; നിലപാടിൽ ഉറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: സർക്കാറിനോട് നിലപാട് മയപ്പെടുത്താതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി നിയമന വിവാദത്തിൽ നിലപാടിൽ ഉറച്ചു നിൽക്കാനാണ് ഗവർണറുടെ നിലപാട്. സർക്കാരുമായി ഒരു ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നും ഇതിന് പരിഹാരം മുഖ്യമന്ത്രി പിണറായി വിജയനെ ചാൻസിലറാക്കുക എന്നതാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ ഇടപെടൽ ഉണ്ടാവില്ല എന്ന പരിപൂർണ ഉറപ്പ് ലഭിക്കാതെ തന്റെ നിലപാട് പുനഃപരിശോധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരെ വേണമെങ്കിലും സർക്കാരിന് സർവകലാശാലകളിൽ വൈസ് ചാൻസിലറായി നിയമിക്കാം, എന്നാൽ തന്നെ ചാൻസിലറായി മുൻ നിർത്തി അത് വേണ്ട. സർക്കാരുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ വേണ്ടിയാണ് ചാൻസിലർ സ്ഥാനം ഒഴിയാമെന്ന് പറഞ്ഞത്. ചാൻസിലർ സ്ഥാനം ഒഴിവാക്കി കൊണ്ട് സർക്കാരിനെ ഓർഡിനൻസ് ഇറക്കാം. അതിൽ താൻ ഒപ്പിട്ടു നൽകാം. ഗവർണർ എന്നത് പേരിന് മാത്രമാണുള്ളതെങ്കിൽ തന്റെ സമയം നഷ്ടപ്പെടുത്താൻ താൽപ്പര്യമില്ല. സംഭാഷണങ്ങൾ കൊണ്ടൊന്നും കാര്യമില്ല, രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുകയാണ് വേണ്ടത്.
സർക്കാർ നിയമിച്ച കലാമണ്ഡലം വിസി തനിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും സർവകലാശാലകളുടെ സ്വയംഭരണാധികാരം തകർക്കാന താൻ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഇന്ന് ഉച്ച കഴിഞ്ഞ് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിവാദ നിലപാടുകൾക്കെതിരെ ഏറ്റുമുട്ടലിലേക്ക് പോകുന്നെന്ന തോന്നലുണ്ടാക്കുകയും സമവായ പാത സ്വീകരിക്കുകയുമാണ് മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫും എന്നും സ്വീകരിച്ചത്.
കേന്ദ്രത്തിന്റെ രാഷ്ട്രീയ നിയമനമായ ആരിഫിനെ പിണക്കരുതെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. വിദേശ മൂലധനത്തോടെ വൻകിട വികസന പദ്ധതികൾ നടപ്പാക്കാൻ ആഗ്രഹിക്കുന്ന സർക്കാറിന് രാഷ്ട്രീയ നിലപാടുകളെക്കാൾ പ്രാമുഖ്യം പ്രായോഗിക രാഷ്ട്രീയത്തിനാണ്. സംസ്ഥാനത്തെ എല്ലാ സർക്കാറുകളെയുംപോലെ സർവകലാശാലകളിൽ സ്വജനപക്ഷപാതിത്വ നിയമനം പിണറായി സർക്കാറിന്റെയും ദൗർബല്യമാണ്. മന്ത്രിയും സ്പീക്കറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും എംഎൽഎയും ഉൾപ്പെടെ അഞ്ച് സിപിഎം നേതാക്കളുടെ അടുത്ത ബന്ധുക്കൾക്കാണ് നിയമനം നൽകിയത്. പി. രാജീവ്, എം.ബി. രാജേഷ്, കെ.കെ. രാഗേഷ്, പി.കെ. ബിജു, എ.എൻ. ഷംസീർ എന്നിവരുടെ ബന്ധുക്കളാണ് സർക്കാറിന്റെ തലോടൽ ഏറ്റുവാങ്ങിയത്. ഷംസീറിന്റെ ബന്ധു നിയമനം ഹൈക്കോടതി ഇടപെടലിൽ പൊലിഞ്ഞു.
നിയമിതരായവർക്കെല്ലാം യോഗ്യതയുണ്ടെന്നാണ് വാദം. ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ള നിയമനം മുമ്പുണ്ടായിട്ടില്ലെന്നാണ് യു.ഡി.എഫിന്റെ ആക്ഷേപം. എന്നാൽ, വി സി നിയമനത്തിൽ അടക്കം കേന്ദ്രഇടപെടൽ മറച്ചുവച്ചാണ് തങ്ങൾക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നതെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ തുടങ്ങിയതല്ല ഈ നീക്കങ്ങളെന്നും അവർ പറയുന്നു. 1980കൾ മുതൽ മോദി സർക്കാറിന്റെ വരവുവരെ ഇടക്കാലത്തൊഴികെ കേന്ദ്രത്തിലെ കോൺഗ്രസ് നിയമിക്കുന്ന ഗവർണർമാരും എൽ.ഡി.എഫ് സർക്കാറുകളും തമ്മിൽ ഉരസലുകൾ ഉണ്ടായിട്ടുണ്ട്. മോദിയുടെ വരവോടെ ഹിന്ദുത്വ രാഷ്ട്രീയം ഗവർണർ നിയമനത്തിലും പ്രതിഫലിച്ചുവെന്നാണ് ആക്ഷേപം.
ജസ്റ്റിസ് പി. സദാശിവം ഗവർണറായ കാലത്ത് ആരോഗ്യ സർവകലാശാല വി സി നിയമനത്തിലാണ് ഇതാദ്യം പ്രകടമായത്. സി. അച്യുതമേനോന്റെ മകനും ആരോഗ്യരംഗത്തെ വിദഗ്ധനുമായ ഡോ. വി. രാമൻകുട്ടിയുടെ പേര് ഉൾപ്പെടെയാണ് ഒന്നാം പിണറായി സർക്കാർ നിർദേശിച്ചത്. എന്നാൽ, കേന്ദ്രമന്ത്രി വി. മുരളീധരനുമായി അടുപ്പമുള്ള ഡോ. മോഹൻ കുന്നുമ്മലിനെയാണ് ഗവർണർ സദാശിവം വി സിയായി നിയമിച്ചത്.
മറുനാടന് മലയാളി ബ്യൂറോ