തിരുവനന്തപുരം: ഐഎഫ്എഫ്‌കെ സംഘാടക സമിതി ഓഫീസിനുമുന്നിലേക്ക് അരിസ്റ്റോ സുരേഷ് എത്തി. തന്റെ മാസ്റ്റർപീസ് ആയ 'മുത്തേ പൊന്നേ പിണങ്ങല്ലേ' പാടി ചലച്ചിത്രപ്രേമികളെ സന്തോഷിപ്പിക്കാൻ വന്നതാണെന്നു കരുതി എല്ലാവരും ചുറ്റുംകൂടി. പക്ഷേ പാട്ടൊക്കെ പിന്നെപ്പാടാമെന്ന ലൈനിലായിരുന്നു മൂപ്പരുടെ നിൽപ്പ്. 'എനിക്ക് സിനിമ കാണാൻ പാസ് വേണം'. അതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ചലച്ചിത്രപ്രവർത്തകരെല്ലാം അടുത്തെത്തി. 'ചേട്ടന്റെ രജിസ്റ്റർ നമ്പർ അറിയാമോ'? എന്നായി ചിലർ. ഞാൻ രജിസ്റ്ററൊന്നും ചെയ്തിട്ടില്ല. പക്ഷേ പാസ് വേണം... നിലപാടിൽനിന്ന് സുരേഷ് പിന്മാറിയില്ല.

സമീപത്തുണ്ടായിരുന്ന ചലച്ചിത്ര അക്കാഡമി ചെയർമാൻ തന്നെ സ്ഥലത്തെത്തി സുരേഷിനോട് സംസാരിച്ചു. ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്ന കാര്യമൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും, സിനിമ കാണാൻ പാസ് ലഭിക്കുമോ എന്നും സുരേഷ് കമലിനോട് തുറന്നു ചോദിച്ചു. പഴയ അരിസ്റ്റോ സുരേഷ് അല്ല തന്റെ മുന്നിലുള്ളതെന്നും, ഇപ്പോൾ മലയാള സിനിമയിലെ അറിയപ്പെടുന്ന നടൻകൂടിയാണെന്നും ബോധ്യമുള്ള കമൽ ഉടൻതന്നെ സുരേഷിന് പാസ് നൽകാനുള്ള നടപടികൾ സ്വീകരിക്കാൻ ഉത്തരവ് നൽകിയതോടെ എല്ലാവരും ഹാപ്പി.

പിന്നെ അമാന്തിച്ചില്ല, കൂടെക്കൂടിയവർ തുടങ്ങി. 'മുത്തേ പൊന്നേ പിണങ്ങല്ലേ'....രണ്ടുവരി കൂടെപ്പാടിയശേഷം, 'ഇന്നുവേണ്ട, ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ, നമുക്ക് അപ്പോൾ ശരിയാക്കാം' എന്നു പറഞ്ഞ് സുരേഷ് സ്ഥലംവിട്ടു. കഴിഞ്ഞ 20 വർഷവും ചലച്ചിത്രമേള നടക്കുന്ന തമ്പാനൂരിലെ സ്ഥിരം സാന്നിധ്യമായിരുന്ന സുരേഷ് ഈ വർഷമാണ് സിനിമ കാണാനെത്തുന്നത്. കഴിഞ്ഞ വർഷംവരെ തമ്പാനൂർ ഓട്ടോറിക്ഷാ സ്റ്റാൻഡിലും പരിസരത്തുമായി ചെലവഴിച്ചിരുന്ന അദ്ദേഹം ഇപ്പോൾ മലയാളികൾക്ക് അറിയാവുന്ന താരമാണ്. നിവിൻപോളിയുടെ സൂപ്പർഹിറ്റ് സിനിമയായ 'ആക്ഷൻഹീറോ ബിജു'വിലെ ഒരൊറ്റ പാട്ടുകൊണ്ടുതന്നെ യുവാക്കളും, മുതിർന്നവരും ഒരുപോലെ സുരേഷിന്റെ ആരാധകരായി മാറിയിട്ടുണ്ട്.

ഒരൊറ്റ സിനിമകൊണ്ടുതന്നെ നടൻ, ഗായകൻ, ഗാനരചയിതാവ്, ഹാസ്യനടൻ തുടങ്ങിയ നിരവധി നിർവചനങ്ങൾ സിനിമാലോകം അദ്ദേഹത്തിന് നൽകിക്കഴിഞ്ഞു. സിനിമാ താരമായി എന്ന തോന്നലൊന്നും ഇല്ലാത്തതുകൊണ്ടുതന്നെ മറ്റ് സിനിമാതാരങ്ങളുടേതുപോലെ ആഡംബരങ്ങളോടൊന്നും താൽപര്യമില്ലാതെയാണ് അദ്ദേഹം ഇപ്പോഴും ജീവിക്കുന്നത്.

ചലച്ചിത്രമേളയുടെ വേദിയിലെ സ്ഥിരം സാന്നിധ്യമായിരുന്ന കവി അയ്യപ്പന്റെ കുറവ് ഇതുവരെ ആരും നികത്തിയിട്ടില്ല. പാട്ടും കവിതയുമൊക്കെയായി ചലച്ചിത്രപ്രേമികളെ എന്നും ആനന്ദിപ്പിച്ചിരുന്ന അയ്യപ്പന്റെ കുറവ് ഇനി സുരേഷിന്റെ പാട്ടുകൾ നികത്തുമെന്നാണ് സ്ഥിരമായി എത്തുന്ന ഡെലിഗേറ്റുകൾ പ്രതീക്ഷിക്കുന്നത്.