ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സ്ഥാനാർത്ഥിയായി മാറിയിരിക്കുകയാണ് ഇരുപത്തിയേഴുകാരിയായ അരിത ബാബു. കായംകുളത്ത് നിന്നും പ്രതിഭയോട് മത്സരിച്ച് വിജയിക്കാമെന്ന ആത്മവിശ്വാസത്തോടെയാണ് ഈ 27കാരി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ചീട്ടിൽ കന്നി അംഗം കുറിക്കുന്നത്. എല്ലാ അർത്ഥത്തിലും പാർശ്വവൽക്കരിക്കപ്പെട്ട കുടുംബത്തിലെ അംഗമാണ് അരിതയെന്നായിരുന്നു പേര് പ്രഖ്യാപിച്ച്കൊണ്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയത്.

കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം അജേഷ് നിവാസിലെ കാലിത്തൊഴുത്തിലാണ് സ്ഥാനാർത്ഥിയുടെ ഓരോ ദിവസവും തുടങ്ങുന്നത്. കുറച്ചുകാലം മുൻപ് അച്ഛൻ തുളസീധരന് ഹൃദ്രോഗബാധയുണ്ടായതോടെയാണ് അരിത കുടുംബ ഭാരം തോളിലേറ്റുന്നത്. പിതാവ് വളർത്തിയ പുശുക്കളുടെ ചുമതല സ്വയം ഏറ്റെടുത്തു. പുലർച്ചെ നാലിന് ഉണർന്ന് ആറ് പശുക്കളുടെ പാൽ 15 വീടുകളിലും ഗോവിന്ദമുട്ടം ക്ഷീരോൽപാദക സഹകരണ സംഘത്തിലുമായി സ്‌കൂട്ടറിൽ എത്തിക്കും.

2015 ൽ ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് അരിത വീണ്ടും തിരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറങ്ങുന്നത്. കൃഷ്ണപുരം ഡിവിഷനിൽ നിന്നു മത്സരിക്കുമ്പോൾ അരിതയ്ക്കു പ്രായം 21 തികഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ അരിത വിജയിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പുന്നപ്ര ഡിവിഷനിൽ സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക നൽകിയെങ്കിലും നേതൃത്വത്തിന്റെ നിർദേശ പ്രകാരം മത്സരത്തിൽ നിന്നു മാറി നിന്നു.

പത്രിക പിൻവലിക്കാനുള്ള അവസാന സമയത്തിനു മുൻപ് എത്താൻ വൈകിയതിനാൽ സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ അരിതയുമുണ്ടായിരുന്നു. മത്സരിച്ചില്ലെങ്കിൽ പോലും ആയിരത്തോളം വോട്ടുകൾ നേടാൻ അരിതയ്ക്കു കഴിഞ്ഞു. കെഎസ്‌യു കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ബികോം ബിരുദധാരിയായ അരിത സജീവ രാഷ്ട്രീയ പ്രവർത്തകയുമായാണ്. 21-ാം വയസിൽ കൃഷ്ണപുരം ജില്ലാ പഞ്ചായത്ത് അംഗമായി. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി. കുടുംബം പോറ്റാൻ പശുക്കളെ കറന്ന് വീടുകളിൽ പാലെത്തിക്കുന്നത് മുതൽ പ്രാദേശിക ചിട്ടി നടത്തിപ്പ് വരെ ചെയ്ത് ജീവിക്കുന്ന പൊതുസ്വീകാര്യത ഉള്ള സ്ഥനാർത്ഥിയാണ ഇവർ.

ചെറിയപ്രായത്തിലെ വലിയ ഉത്തരവാദിത്വമാണ് പാർട്ടി തന്നെ ഏൽപിച്ചിരിക്കുന്നത്. സ്ഥാനാർത്ഥി പട്ടികയിൽ വന്നത് വലിയ അംഗീകാരമാണ്. കായംകുളത്ത് ഞാൻ ജയിക്കും, പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി എന്റെ കൂടെയുണ്ടന്നും അരിത പറയുന്നു. ദേവികുളങ്ങര ഗോവിന്ദമുട്ടം അജീഷ് നിവാസിൽ തുളസിധരന്റെയും ആനന്ദവല്ലിയുടെയും മകളാണ് അരിത. ആദ്യം മുതൽ സ്ഥാനാർത്ഥി പട്ടികയിൽ പേരുണ്ടായിരുന്നെങ്കിലും പ്രതിസന്ധി നിലവിൽ വന്നതോടെ ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനം.

അച്ഛൻ തുളസീധരൻ, സജീവ കോൺഗ്രസ് പ്രവർത്തകനാണ്. അദ്ദേഹത്തിന്റെ വിളിപ്പേരാണു പേരിന്റെ കൂടി ചേർത്തത്. അച്ഛനൊപ്പം പരിപാടികൾക്കുപോയാണു തുടക്കം. സ്‌കൂളിലും കോളജിലും കെഎസ്‌യു പ്രവർത്തകയായിരുന്നു. ഡിഗ്രിക്കു പ്രൈവറ്റായി കേരള യൂണിവേഴ്‌സിറ്റിക്കു കീഴിലാണു പഠിച്ചത്. അപ്പോഴും സജീവമായി വിദ്യാർത്ഥി സംഘടനാപ്രവർത്തകയായിരുന്നു. അങ്ങനെയാണു ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കുന്നതും ജയിക്കുന്നതും. അച്ഛനെ സഹായിച്ചാണു ക്ഷീരകർഷകയാകുന്നതും.