ആലപ്പുഴ : പാട്ടുപാടി മത്സരിക്കാൻ ഇത് ഐഡിയാ സ്റ്റാർ സിംഗർ അല്ല.... ആലത്തൂരിൽ പാർലമെന്റ് പിടിക്കാനെത്തിയ രമ്യാ ഹരിദാസിനെ കളിയാക്കിയത് ഇങ്ങനെയായിരുന്നു. ഇത് തന്നെയാണ് കായംകുളത്തും ഇപ്പോൾ സംഭവിക്കുന്നത്. കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച് എ.എം ആരിഫ് എംപി അധിക്ഷേപിച്ച വീഡിയോ ഇപ്പോൾ വൈറലാണ്. ജയ്ഹിന്ദ് ടിവിയാണ് ഇത് പുറത്തുവിട്ടത്. ആലത്തൂരിൽ രമ്യാ ഹരിദാസിനെ ആക്ഷേപിച്ച അതേ കളിയാക്കലാണ് ഇവിടേയും നടക്കുന്നത്.

പാൽ വിൽക്കുന്നവർ പാൽ സൊസൈറ്റിയിൽ മത്സരിച്ചാൽ മതിയെന്നായിരുന്നു ആരിഫിന്റെ പരാമർശം. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കിൽ അത് പറയണം. ഇത് നിയമസഭാ തെരഞ്ഞെടുപ്പാണെന്നും ആരിഫ് പറഞ്ഞു. ആലപ്പുഴയിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാണത്തിനിടെയായിരുന്നു അധിക്ഷേപ പരാമർശം. പരിപാടിക്കിടെ എടുത്ത വീഡിയോ ആണ് വൈറലാകുന്നത്. ഇതോടെ പ്രതിഷേധവും അതിശക്തമായി.

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനുപിന്നാലെ സിപിഎമ്മുകാരിൽ നിന്നും സൈബർ പോരാളികളിൽ നിന്നും വലിയ അധിക്ഷേപമാണ് അരിതയക്ക് നേരിടേണ്ടി വന്നത്. കറവക്കാരി എന്ന് വിളിച്ചായിരുന്നു സമൂഹമാധ്യമങ്ങളിലെ അധിക്ഷേപം. അരിതയുടെ വീടിന് നേരെയും സിപിഎം ആക്രമണമുണ്ടായി.

'കറവക്കാരി' എന്ന വിളിയിൽ അഭിമാനമുണ്ടെന്നായിരുന്നു അരിതയുടെ പ്രതികരണം. 'കഷ്ടപ്പെട്ട് ജീവിക്കുന്ന ഏതൊരാൾക്കും അഭിമാനമുള്ള കാര്യമല്ലേ അത്? ഇതെല്ലാം പോസിറ്റീവായി കണ്ടുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. നാളെ കായംകുളത്തിന്റെ ജനപ്രതിനിധിയായാലും കുഞ്ഞുനാൾ മുതൽ കണ്ടു വളർന്ന പശുക്കളെ വിറ്റുകളയാൻ പറ്റുമോ. അപ്പോഴും അച്ഛനെ സഹായിച്ച് മുന്നോട്ട് പോകണം.

കഴിഞ്ഞ അഞ്ച് വർഷക്കാലം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോഴും ഇതുപോലെ ആയിരുന്നു. രാവിലെ അച്ഛന്റെ കൂടെ പശുവിനെ കുളിപ്പിക്കാൻ കൂടും. തീറ്റ എടുക്കാൻ പോകും. പാല് കൊടുക്കാൻ പോകും. അതിന് ശേഷം ട്യൂഷൻ സെന്ററിലേക്ക്. 10 മണിക്ക് ശേഷം രാഷ്ട്രീയ പ്രവർത്തനത്തിലും പൊതുപ്രവർത്തനത്തിലും സജീവമാകുക എന്നതായിരുന്നു രീതി. ഇനിയും അത് തന്നെ തുടരും'.-അരിത പറയുന്നു.

ഇതിനുപുറമെ, നാട്ടിൻപുറത്തെ ട്യൂഷൻ സെന്ററിലെ അദ്ധ്യാപിക കൂടിയാണ് അരിത. രാവിലെ നാലരയ്ക്ക് അച്ഛനൊപ്പം ഉറക്കമുണരും. അച്ഛനൊപ്പം പശുക്കളെ കുളിപ്പിക്കാൻ കൂടും. പിന്നെ പാലുമായി സൊസൈറ്റിയിലേക്ക്. സൊസൈറ്റിക്ക് പുറമേ ഇരുപതോളം വീടുകളിലും പാല് നൽകിയിരുന്നു. അവിടെനിന്ന് ടീച്ചറായി ടൂഷൻ സെന്ററിലേക്ക്. സാധാരണ ദിവസങ്ങളിൽ 7.30 മുതൽ 10 വരെ ക്ലാസുണ്ടാകും.

വൈകുന്നേരങ്ങളിലും ക്ലാസുണ്ടായിരുന്നു. ശനിയാഴ്ച മുഴുവൻ സമയവും ക്ലാസുണ്ട്. ഇതിന് പുറമേ വൈകുന്നേരങ്ങളിൽ വീടുകളിൽ പോയി കുട്ടികൾക്ക് ക്ലാസ് എടുത്തിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഹോം ട്യൂഷൻ നിർത്തിയെന്നും അരിത പറയുന്നു. പാൽ വിൽക്കുന്നവർ മത്സരിക്കേണ്ടത് പാൽ സൊസൈറ്റിയിലേയ്ക്കാണെന്ന് കനൽ ഒരു തരി. കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാ ബാബുവിനെക്കുറിച്ചാണ് ആലപ്പുഴ എംപി എ.എം ആരിഫിന്റെ പരിഹാസം. പാൽ വിറ്റാണ് അരിതാ ബാബു കുടുംബം പുലർത്തുന്നത്. അതിൽ അരിതയ്ക്കും അരിതയെ സ്ഥാനാർത്ഥിയാക്കിയ പാർട്ടിക്കും അഭിമാനമേയുള്ളൂ. അരിതയെ കണ്ടു മടങ്ങിയ പ്രിയങ്ക ഗാന്ധി എത്ര വേദികളിലാണ് അവരെക്കുറിച്ചു പരാമർശിച്ചത്. അവരുടെ സ്ഥാനാർത്ഥിത്വത്തിൽ അഭിമാനം കൊണ്ടത്-ഇതാണ് സോഷ്യൽ മീഡയിയിൽ എത്തിയ കമന്റ്.

തൊഴിലാളികളുടെ പാർട്ടി എന്നവകാശപ്പെടുന്ന പാർട്ടിയുടെ പ്രതിനിധിയാണ് ഈ പരാമർശം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. സിപിഎമ്മിന്റെ കാപട്യം വെളിപ്പെടുത്തുന്ന മറ്റൊരു സന്ദർഭം.
പാട്ട് പാടുന്ന രമ്യ ഹരിദാസിന് മത്സരിക്കാൻ ഇത് ഐഡിയ സ്റ്റാർ സിംഗർ അല്ല എന്നായിരുന്നു ഒരു ഇടതുപക്ഷ profile പാർലമെന്റ് തെരഞ്ഞെടുപ്പിനിടെ അധിക്ഷേപിച്ചത്. രമ്യയെ പാർലമെന്റിലേക്ക് അയച്ചാണ് ആലത്തൂർ ജനത മറുപടി നൽകിയത്. ഇത് ഒരു വല്ലാത്ത പാർട്ടി ആണ്. സ്ത്രീവിരുദ്ധതക്കും തൊഴിലാളി വിരുദ്ധ സമീപനവും ആണ് കൈമുതൽ. ഇടയ്ക്കിടെ മതിൽ കെട്ടിയും ചങ്ങല പിടിച്ചുമാണ് ഈ യാഥാർത്ഥ്യം മറച്ചുപിടിക്കുന്നത്-ഇതും സോഷ്യൽ മീഡിയയിൽ പ്രതിഷേധമായി നിറയുന്നു.