- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കായംകുളം സീറ്റിൽ കോൺഗ്രസിന്റെ പ്രായംകുറഞ്ഞ സ്ഥാനാർത്ഥി; 27കാരി അരിത ബാബു ഏറ്റെടുക്കുന്നത് മണ്ഡലം തിരിച്ചുപിടിക്കുകയെന്ന വലിയ വെല്ലുവിളി; സ്ഥാനാർത്ഥിത്വം വലിയ അംഗീകാരമെന്ന് അരിത; പശുവിനെ പോറ്റി, പാൽ വിറ്റു ഉപജീവനം നടത്തുന്ന കുടുംബത്തിലെ അംഗം; കെഎസ്യു പ്രവർത്തകയായി തുടങ്ങി ജില്ലാ പഞ്ചായത്തംഗായ വ്യക്തിത്വം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായി അരിത ബാബു. 27 വയസുകാരിയായ അരിത കായംകുളം മണ്ഡലത്തിലാണ് മത്സരിക്കുന്നത്. ദേവികുളങ്ങര ഗോവിന്ദമുട്ടം അജീഷ് നിവാസിൽ തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകളാണ് അരിത. ചെറിയ പ്രായത്തിലെ വലിയ ഉത്തരവാദിത്തം പാർട്ടി തന്നെ ഏൽപ്പിച്ച സന്തോഷത്തിലാണ് അരിത. സ്ഥാനാർത്ഥി പട്ടികയിൽ വന്നത് തന്നെ വലിയ അംഗീകാരമാണെന്ന് അരിത പറയുന്നു. ബികോം ബിരുദധാരി കൂടിയായ അരിത സജീവമായി രാഷട്രീയ പ്രവർത്തന രംഗത്തുണ്ട്. 21 ാം വയസിൽ കൃഷ്ണപുരം ജില്ലാപഞ്ചായത്ത് അംഗമായ അരിത യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ നിർധന കുടുംബത്തിലെ അംഗമെന്ന് പറഞ്ഞാണ് അരിതയെ മുല്ലപ്പള്ളി പരിചയപ്പെടത്തിയത്. പശുവിൻ പാല് വിറ്റ് ഉപജീവനം നടത്തുകയും ശേഷിക്കുന്ന സമയം പൂർണ്ണമായി സാമൂഹ്യരാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേണ്ടി ചിലവഴിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അരിതയെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. മണ്ഡലത്തിൽ അരിതയ്ക്കുള്ള സ്വീകാര്യത കൂടിയാണ് സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് നയിച്ചത്.
സ്വന്തം മണ്ഡലത്തിൽ പരിചയമുള്ള സ്ഥാനാർത്ഥി എന്ന നിലയിലാണ് അരിതയെ പരിഗണിച്ചിരിക്കുന്നത്. മണ്ഡലത്തിലെ ഓരോ സ്ഥലവും സുപരിചിതയാണ്. പ്രതിഭ ഹരി എതിർ സ്ഥാനാർത്ഥിയാകുമ്പോൾ മണ്ഡലത്തിൽ മത്സരം പൊടിപാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015ൽ മത്സരിച്ചതു കൃഷ്ണപുരം ഡിവിഷനിൽ അരിത വിജയിച്ചു കയറിയത്. 15 വർഷത്തോളമായി വിദ്യാർത്ഥിയൂത്ത് കോൺഗ്രസ് പ്രവർത്തനരംഗത്തുള്ള വ്യക്തിയാണ് അവർ. ജില്ലാപഞ്ചായത്തിലേക്കു മത്സരിച്ചത് ആ സംഘടനാ പരിചയം വച്ചാണ്.
അച്ഛനുള്ള അംഗീകാരമാണ് എനിക്കു കിട്ടിയ സ്ഥാനങ്ങളെല്ലാം. സ്ഥാനാർത്ഥിയായതടക്കം അച്ഛനെയാണ് കൂടുതൽ സന്തോഷിപ്പിക്കുന്നതെന്നണ് അരിത പറയുന്നത്. അച്ഛനൊപ്പം പരിപാടികൾക്കുപോയാണു തുടക്കം. സ്കൂളിലും കോളജിലും കെഎസ്യു പ്രവർത്തകയായിരുന്നു. ഡിഗ്രിക്കു പ്രൈവറ്റായി കേരള യൂണിവേഴ്സിറ്റിക്കു കീഴിലാണു പഠിച്ചത്. അപ്പോഴും സജീവമായി വിദ്യാർത്ഥി സംഘടനാപ്രവർത്തകയായിരുന്നു. അങ്ങനെയാണു ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കുന്നതും ജയിക്കുന്നതും. അച്ഛനെ സഹായിച്ചാണു ക്ഷീരകർഷകയാകുന്നതും.
അച്ഛനു ബൈപാസ് ശസ്ത്രക്രിയ വേണ്ടിവന്നപ്പോൾ പശുക്കളുടെ പരിപാലനം മുഴുവൻ ഏറ്റെടുക്കേണ്ടി വന്ന ജീവിത സാഹചര്യമാണ് അരിതയുടേത്. രാവിലെ നാലരഅഞ്ചുമണിക്കെഴുന്നേറ്റാലേ കൃത്യസമയത്തു സൊസൈറ്റിയിൽ പാലെത്തിക്കാനാകൂ. പിന്നെ വീടുകളിലും വിതരണമുണ്ട്. ഇതെല്ലാം തീർത്ത് കൃത്യമായി ജില്ലാപഞ്ചായത്തിൽ അടക്കം എത്തിയിരുന്നു അരിത.
എം ലിജു മത്സരിക്കുമെന്ന് കരുതിയിടത്താണ് ഇക്കുറി അരിത മത്സരിക്കുന്നത്. ലിജു അമ്പലപ്പുഴയിലേക്ക് മാറുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ