കണ്ണൂർ: യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹെബിന്റെ കൊലയാളികളെ പിടികൂടണമെന്ന ആവശ്യം ശക്തിപ്പെടുമ്പോൾ അഞ്ച് വർഷം മുമ്പ് കൊല്ലപ്പെട്ട എം.എസ്.എഫ്. പ്രവർത്തകൻ അരിയിൽ ഷുക്കൂറിന്റെ കൊലപാതകവും സിപിഎമ്മിനെതിരെ വീണ്ടും ചർച്ചയാകുന്നു. ഷുക്കൂറിന്റെ കൊലപാതകം സംബന്ധിച്ച് സിപിഎം എംഎ‍ൽഎയായ എ.എൻ. ഷംസീറിന്റെ പ്രതികരണമാണ് ഇപ്പോൾ കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങുന്നതും ഈ പഴയ കേസിനെ ഒരിക്കൽ കൂടി ചർച്ചയാക്കുന്നതും.

ഷുക്കൂർ വധക്കേസിൽ സിപിഎമ്മിന് ഒരു പങ്കുമില്ലെന്ന് നേരത്തെ ആവർത്തിച്ച് പറഞ്ഞ പാർട്ടി നിലപാടിന് വിരുദ്ധമായാണ് ഷംസീറിന്റെ വെളിപ്പെടുത്തൽ ഉണ്ടായത്. പാർട്ടിക്ക് ബന്ധമില്ലെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലെന്ന ഷംസീറിന്റെ വെളിപ്പെടുത്തൽ ഏറ്റെടുത്ത് മുസ്ലിം ലീഗും അവരുടെ പോഷക സംഘടനകളും രംഗത്തിറങ്ങിയിരിക്കയാണ്. ഷുക്കൂർ കൊലക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരണമെന്ന് അവർ സിപിഐ.(എം) നോട് ആവശ്യപ്പെട്ടിരിക്കയാണ്. എന്തിനാണ് ഇരുപതുകാരനായ ആ ചെറുപ്പക്കാരനെ കൊലപ്പെടുത്തിയത് എന്ന് വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.

ഗൂഢാലോചന സിബിഐ അന്വേഷിക്കുന്നതിനിടെ വെളിപ്പെടുത്തൽ

ഷുഹൈബിന്റെ കൊലപാതകത്തിൽ പാർട്ടിക്കു ബന്ധമില്ലെന്ന സിപിഎം നിലപാട് ആവർത്തിക്കുന്നതിനിടയിലാണു ചാനൽ ചർച്ചയിൽ ഷുക്കൂർ കൊലക്കേസിനെക്കുറിച്ചു പരാമർശമുണ്ടായത്. 'ഷുക്കൂറിന്റേത് ആസൂത്രിതമായ കൊലപാതകമായിരുന്നില്ല. ആൾക്കൂട്ടം ആക്രമിച്ചതാണ്. അതൊരു ആൾക്കൂട്ട മനഃശ്ശാസ്ത്രമായിരുന്നു. അതിനെ ഞങ്ങൾ ന്യായീകരിച്ചിട്ടില്ല. പാർട്ടിക്കു ബന്ധമില്ലെന്നു പറഞ്ഞിട്ടുമില്ല' ഷംസീർ പറഞ്ഞു. ഈ വീഡിയോ സോഷ്യൽ മീഡിയയും ഏറ്റെടുക്കുകയാണ്. ഇതോടെ സിപിഎം വെട്ടിലാവുകയും ചെയ്തു.

എംവി നികേഷ്‌കുമാർ നയിച്ച ന്യൂസ് നൈറ്റ് ചർച്ചയിലാണ് തലശേരിയിൽ നിന്നുള്ള സിപിഐഎം എംഎൽഎയായ ഷംസീർ, അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഐഎമ്മിന് പങ്കുള്ളതായി വെളിപ്പെടുത്തിയത്. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാൻ വൈകുന്ന വിഷയമായിരുന്നു ന്യൂസ് നൈറ്റ് ചർച്ച ചെയ്തത്. ഈ ചർച്ചയിൽ കോൺഗ്രസ് നേതാവ് കെ സുധാകരനുമായി നടത്തിയ സംവാദത്തിനിടെയാണ് അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഐഎമ്മിന് പങ്കുണ്ടെന്ന് പറഞ്ഞത്.

2012 ഫെബ്രുവരിയിലാണു മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന തളിപ്പറമ്പ് അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ സഞ്ചരിച്ച വാഹനം ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചതിനു പകരമായി ഷുക്കൂറിനെ സമീപത്തെ പാർട്ടിഗ്രാമത്തിൽ സിപിഎം പ്രവർത്തകർ തടഞ്ഞുവച്ചു വിചാരണ ചെയ്തു കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇത് സിപിഎം നടത്തിയ വധശിക്ഷയാണെന്ന് പോലും വിവാദം ഉയർന്നു. ഈ സംഭവമാണ് പാർട്ടിക്ക് അറിയാമായിരുന്നുവെന്ന് ഷംസീർ സമ്മതിക്കുന്നത്. ഇതോടെ വിഷയം വലിയ ചർച്ചയായി.

ഇതിന് പിന്നാലെ അരിയിൽ ഷുക്കൂർ വധവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചക്കിടെ പുതിയ വെളിപ്പെടുത്തൽ നടത്തിയ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ എൻ. ഷംസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. കൊലപാതകത്തിൽ എംഎൽഎമാരായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർക്കുള്ള പങ്ക് ഷംസീറിനെ ചോദ്യം ചെയ്താൽ പുറത്തു വരും. ചാനൽ ചർച്ചയുടെ സിഡിയുമായി ഈ ആവശ്യം ഉന്നയിച്ച് സിബിഐയെ സമീപിക്കും. സിപിഎമ്മിന് സംഭവത്തിൽ പങ്കില്ലെന്നും രാഷ്ട്രീയ പ്രേരിതമായ ആരോപണമാണിതെന്നുമായിരുന്നു ഇതുവരെ അവർ പറഞ്ഞിരുന്നതെന്ന് ഫിറോസ് പറയുന്നു.

ചാനൽ ചർച്ചക്കിടെ നടത്തിയ വെളിപ്പെടുത്തലോടെ കൊല നടത്തിയ പ്രതികളെ കുറിച്ച കൃത്യമായ വിവരങ്ങൾ ഷംസീറിന് അറിയാമെന്ന് വ്യക്തമായിരിക്കുകയാണ്. കൊല നടത്തുക മാത്രമല്ല, അതേറ്റെടുക്കുക എന്ന ഭീകര സംഘടനകളുടെ ശൈലി സിപിഎം അനുകരിക്കാൻ തുടങ്ങിയതിന്റെ സൂചന കൂടിയാണിത്. ആരാച്ചാർ പാർട്ടിയായി മാറിയിരിക്കുകയാണ് അവർ. പാർട്ടി നടത്തുന്ന കൊലപാതക കേസുകളിലെ പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയാണ് സ്പെഷൽ ഫണ്ടെന്ന പേരിൽ പണം സ്വരൂപിക്കുന്നത്. തങ്ങളുടെ മേധാവിത്വം ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്ന മനോഭാവമാണ് കൊലപാതക രാഷ്ട്രീയത്തിന് പിന്നിലെന്നും അതിന് പ്രത്യയശാസ്ത്രമൊന്നുമില്ലെന്നും ഫിറോസ് കുറ്റപ്പെടുത്തി.

വെളിപ്പെടുത്തലിൽ വെള്ളംകുടിക്കുക പി ജയരാജനും ടി വി രാജേഷും

എംഎസ്.എഫ്. പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധക്കേസിൽ ഏതന്വേഷണവും നേരിടുമെന്നാണ് ടി.വി. രാജേഷ് എംഎ‍ൽഎയും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും മുമ്പ് പറഞ്ഞത്. ഷുക്കൂർ വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരാൻ 2016 ഫെബ്രുവരി എട്ടിന് ഹൈക്കോടതിയുടെ സിഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. ഉത്തരവിനെതിരെ അപ്പീൽ ഹർജിയിൽ ടി.വി. രാജേഷും പി.ജയരാജനവും ഉൾപ്പെടെ ഉള്ളവർ പ്രതികളാക്കപ്പെട്ടവരുടെ അഭിപ്രായമറിഞ്ഞ ശേഷം വേണം അന്വേഷണം എന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയിരുന്നു. എന്നാൽ പ്രതികളുടെ അഭിപ്രായം അറിഞ്ഞ ശേഷം അന്വേഷണമെന്ന നിലപാട് ശരിയല്ലെന്നാണ് ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയത്.

കേരളത്തെ നടുക്കിയ താലിബാൻ മോഡൽ കൊലപാതകമായിരുന്നു തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ അബ്ദുൾ ഷുക്കൂറിന്റേത്. 2012 ഫെബ്രുവരി 20ന് സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാജനും കല്ല്യാശ്ശേരി എംഎൽഎ. ടി.വി.രാജേഷും സഞ്ചരിച്ച വാഹനം പട്ടുവത്തെ അരിയിൽ എന്ന സ്ഥലത്തു വച്ച് അക്രമിക്കപ്പെട്ടിരുന്നു. മുസ്ലിം ലീഗ്-സിപിഎം. സംഘർഷം നിലനിന്നിരുന്ന പ്രദേശത്ത് ഇവർക്കു നേരെ അക്രമം നടന്നു. തുടർന്ന് രാജേഷും ജയരാജനും തളിപ്പറമ്പ് ആശുപത്രിയിൽ ചികിത്സ തേടി.

നേതാക്കളുടെ വാഹനം തടഞ്ഞ് അക്രമിച്ച പ്രതികളെ തേടി സിപിഎം. പ്രവർത്തകർ ഇറങ്ങി. നൂറോളം പ്രവർത്തകർ അരിയിൽ പ്രദേശം അരിച്ചു പെറുക്കി. മൊബൈൽ ഫോൺ വഴി ആക്രമിച്ചവരുടെ ചിത്രങ്ങൾ പാർട്ടി പ്രവർത്തകർ പരസ്പരം കൈമാറി. ഒടുവിൽ ഷുക്കൂറിനേയും മറ്റ് നാല് പേരേയും കണ്ടെത്തി. ഷുക്കൂറാണ് അക്രമങ്ങളുടെ നായകനെന്ന് കരുതി പാർട്ടി പ്രവർത്തകർ ചെറുകുന്ന് -കീഴറ പ്രദേശങ്ങളിൽ നിന്നും കുതിച്ചെത്തി. ഷുക്കൂറും കൂട്ടുകാരേയും കണ്ടതോടെ ഓടിച്ചിട്ടു പിടിക്കാൻ ശ്രമിച്ചു. ഭയന്നോടിയ ഷുക്കൂറും കൂട്ടരും മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടിൽ അഭയം തേടി.

60 ലേറെ ആളുകൾ വീടു വളഞ്ഞ് വീട്ടുടമയെ ഭീഷണിപ്പെടുത്തിയ ശേഷം ഓരോരുത്തരെയായി പിടികൂടി വയലിൽ കൊണ്ടുവന്ന് ചവിട്ടിയും ഇരുമ്പു വടി കൊണ്ട് അടിച്ചും മർദ്ദന മുറകൾ അഴിച്ചു വിട്ടു. ഷുക്കുറൊഴിച്ച് മറ്റുള്ളവർ കഷ്ട്ിച്ച് രക്ഷപ്പെട്ടെങ്കിലും ഷുക്കൂർ അവിടെ വച്ചു തന്നെ കൊല്ലപ്പെടുകയായിരുന്നു. ബന്ദിയാക്കപ്പെട്ടവരെ രക്ഷിക്കാനോ തുടർന്ന് പ്രശ്നത്തിൽ ഇടപെടാനോ പൊലീസ് തയ്യാറായിരുന്നില്ല. ഈ സംഭവത്തിൽ രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഷുക്കൂറിന്റെ ഉമ്മ ആത്തിക്കയുടെ പരാതി പ്രകാരമാണ് സിബിഐ. കേസ് ഏറ്റെടുത്തത്.