അരിസോണ: ചൊവ്വാഴ്ച രണ്ടു പേർക്കു കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതോടെ അരിസോണയിൽ അഞ്ചാം പനി പടരുന്നത് ആശങ്കയ്ക്കു വഴിതെളിച്ചിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ. ഈ മാസം തന്നെ നൂറുകണക്കിന് ആൾക്കാർ അഞ്ചാം പനിയുടെ പിടിയിലായിട്ടുണ്ടെന്ന് കരുതുന്നതായി പബ്ലിക് ഹെൽത്ത് അധികൃതർ വ്യക്തമാക്കി.

അഞ്ചാം പനി പടരുന്നത് പ്രതിസന്ധിക്ക് വഴി തെളിച്ചിരിക്കുകയാണെന്നാണ് അരിസോണ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് സർവീസസ് ഡയറക്ടർ വിൽ ഹംബിൾ വ്യക്തമാക്കുന്നത്. 2008-ൽ സംസ്ഥാനത്ത് അഞ്ചാം പനി പടർന്നതിനെക്കാൾ ഭയാനകമായിട്ടായിരിക്കും ഇത്തവണ അഞ്ചാം പനി പടർന്നു പിടിക്കുന്നത്. ഓരോ ദിവസവും അഞ്ചാം പനി ബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്.
ചൊവ്വാഴ്ച അഞ്ചാം പനി ബാധിച്ച് ചികിത്സ തേടിയെത്തിയ രണ്ടു പേർക്കും ഡിസ്‌നിലാൻഡിലേക്കുള്ള യാത്രയ്ക്കു ശേഷമാണ് അസുഖം പിടിപെടുന്നത്. ഇവർക്ക് അഞ്ചാം പനി ബാധിച്ചതോടെ അത് ഇരുനൂറോളം കുട്ടികളെയും ബാധിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും പബ്ലിക് ഹെൽത്ത് അധികൃതർ ആശങ്കപ്പെടുന്നു. അഞ്ചാം പനിയുടെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങുന്നതിനു മുമ്പു തന്നെ അസുഖം മറ്റുള്ളവരിലേക്ക് പടർന്നിരിക്കും.

എംഎംആർ വാക്‌സിന്റെ രണ്ടു ഡോസ് ലഭിച്ചാലോ അഞ്ചാം പനിയിൽ നിന്ന് പൂർണ സംരക്ഷണം ലഭിക്കുകയുള്ളൂ. ഒരു ഡോസ് എടുത്തവർക്ക് രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണ്. പനിക്കൊപ്പം കണ്ണു ചുവക്കുക, കണ്ണിൽ നിന്നു വെള്ളം വരിക, ചുമ, മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പിന്നീട് ശരീരത്ത് ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും. രോഗം പിടിപെട്ടതിന് 12 ദിവസത്തിനു ശേഷം മാത്രമാണ് ലക്ഷണങ്ങൾ പുറത്തുകാണിക്കുകയുള്ളൂ.

ക്രിസ്മസിനു മുമ്പ് ഡിസ്‌നി ലാൻഡിൽ നിന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടതെന്നാണ് കരുതുന്നത്. കഴിഞ്ഞാഴ്ച കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് 59 കേസുകൾ കണ്ടെത്തിയിരുന്നു. വാഷിങ്ടൺ, ഉട്ടാ, കൊളറാഡോ, ഒറീഗോൺ തുടങ്ങിയ സ്ഥലങ്ങളിലും അഞ്ചാം പനി പടർന്നു പിടിച്ചിട്ടുണ്ട്.