ഫിനിക്‌സ്: വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ നാമത്തിൽ അരിസോണയിൽ സ്ഥാപിതമായ സെന്റ് തോമസ് മലങ്കര ഓർത്തഡോക്‌സ് ദേവാലയത്തിന്റെ ഉദ്ഘാടനവും, സമർപ്പണവും, ശുദ്ധീകരണ കർമ്മവും സെപ്റ്റംബർ 18, 19 തീയതികളിൽ ഭക്തി നിർഭരമായ രീതിയിൽ നടത്തപ്പെടുന്നു. വിശുദ്ധ കുർബ്ബാനയ്ക്കും കൂദാശ കർമ്മങ്ങൾക്കും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്താ അലക്‌സ്യോസ് മാർ യൗസേബിയോസ് മുഖ്യ കാർമ്മികത്വം വഹിക്കും.

സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകിട്ട് 5.30ന് ദേവാലയത്തിന്റെ കവാടത്തിൽ നിന്ന് മുത്തുക്കുടകളുടെയും, ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടെയും അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്വീകരിച്ച് ആനയിക്കുന്നതും തദവസരത്തിൽ മെത്രാപ്പൊലീത്താ സഭാ പതാക ഉയർത്തി കർമ്മങ്ങൾക്ക് തുടക്കം കുറിക്കുന്നതുമായിരിക്കും. അതെത്തുടർന്ന് സന്ധ്യാ നമസ്‌ക്കാരം, കൂദാശയുടെ ഒന്നാം ഭാഗം എന്നിവ നടക്കും. അതിനുശേഷം അത്താഴവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ കൂദാശയുടെ രണ്ടാം ഭാഗം പൂർത്തീകരിച്ച ശേഷം വിശുദ്ധ കുർബ്ബാനയും, തുടർന്ന് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ പൊതുസമ്മേളനവും അതിനുശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ചരിത്രത്തിന്റെ ഏടുകളിൽ എന്നെന്നും സ്മരിക്കപ്പെടുന്ന ഈ ധന്യമുഹൂർത്തങ്ങൾ ഒരു വേറിട്ട അനുഭവമാക്കി മാറ്റുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് ഇടവക ഭരണസമിതിയുടെയും കൂദാശ കമ്മറ്റിയുടെയും നേതൃത്വത്തിൽ നടന്നു വരുന്നത്. ദേവാലയത്തിന്റെ കൂദാശ കർമ്മങ്ങളിൽ പങ്കുകൊണ്ട് അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും അഭ്യുദയകാംഷികളെയും കുടുംബസമേതം സാദരം ക്ഷണിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫാ. സ്ലോമോ ജോർജ്ജ് (വികാരി) 480 643 9770, ഷാജൻ എബ്രഹാം (ട്രഷറർ) 480 664 8341, ബിനു തങ്കച്ചൻ (സെക്രട്ടറി) 480 452 6215, ജോൺ തോമസ് (കൂദാശ കമ്മറ്റി കൺവീനർ) 480 246 0978, ഷിബു തോമസ് (ബിൽഡിങ് കമ്മറ്റി കൺവീനർ) 512 984 3452.