കണ്ണൂർ: രാമനാട്ടുകര സ്വർണ്ണക്കവർച്ച കേസിലെ പ്രധാനിയായ അർജുൻ ആയങ്കിക്ക് ടിപി വധക്കേസ് പ്രതി കൊടിസുനിയുടെ സംഘവുമായി ബന്ധം. കേന്ദ്ര ഏജൻസികൾ ഇക്കാര്യം കണ്ടെത്തി കഴിഞ്ഞു. ആയങ്കിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. 29ന് ആയങ്കി ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് പ്രതീക്ഷ. അതുണ്ടായില്ലെങ്കിൽ ആയങ്കിയ്‌ക്കെതിരെ സംയുക്ത ഓപ്പറേഷൻ കേന്ദ്ര ഏജൻസികൾ നടത്തും. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കൊടിസുനി ഇപ്പോൾ ജയിൽശക്ഷ അനുഭവിച്ചു വരികയാണ്. ജയിലിൽ കിടന്നുകൊണ്ടാണ് സംഘത്തെ നിയന്ത്രിക്കുന്നതെന്നാണ് കസ്റ്റംസ് കരുതുന്നത്.

സ്വർണ്ണക്കവർച്ചയിൽ കൊടിസുനി ഏതെങ്കിലും തരത്തിൽ പങ്കാളിത്തം വഹിച്ചോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. കൊടിസുനിയുടെ സംഘത്തിന് കവർച്ചയുമായുള്ള ബന്ധം തെളിയിക്കാനുള്ള പ്രാഥമിക വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇത് കസ്റ്റംസിനും കൈമാറിയെന്നാണ് സൂചന. അർജുന് കായികസംരക്ഷണം നൽകുന്നതുകൊടിസുനിയുടെ സംഘമാണെന്നും വിലയിരുത്തലുണ്ട്. മുടക്കോഴി മലയിലാണ് ഇപ്പോൾ അർജുനുള്ളതെന്നാണ് വിലയിരുത്തൽ. ഈ മേഖലയും കൊടി സുനിയുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

ഒളിവിൽ പോയിരിക്കുന്ന അർജുൻ ആയങ്കിയെ പുറത്തുകൊണ്ടുവരാനായാൽ കൊടി സുനി ബന്ധം തെളിയിക്കാമെന്നാണ് കസ്റ്റംസ് കരുതുന്നത്. അർജുൻ ആയങ്കി 12 തവണയെങ്കിലും സ്വർണം കടത്തിയെന്നാണ് കസ്റ്റംസ് സംശയം. അർജുൻ ആയങ്കി സ്വർണ്ണക്കടത്തിലൂടെ നേടുന്ന പണത്തിന്റെ ഒരു പങ്ക് നൽകിയതുകൊടിസുനിക്കാണെന്നും കസ്റ്റംസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

കോഴിക്കോട് വിമാനത്താവളം വഴി 2016 ൽ കടത്തിയ മൂന്ന് കിലോ സ്വർണം നല്ലളത്ത് വെച്ച് കൊള്ളയടിക്കപ്പെട്ട കേസിലും കൊടിസുനിയുടെ പേര് കേട്ടിരുന്നു. ഈ കേസിൽ പൊലീസ് ജയിലിൽ എത്തി കൊടിസുനിയെ ചോദ്യം ചെയ്തിരുന്നു. കേന്ദ്ര ഏജൻസികൾ ഇത് പരിശോധിച്ചിരുന്നില്ല. എന്നാൽ രാമനാട്ടുകരയിലെ അപകടക്കേസിൽ കസ്റ്റംസും പരിശോധന നടത്തുന്നുണ്ട്. ഇതോടെ സിപിഎമ്മും പ്രതിരോധത്തിലാണ്. എല്ലാ ക്വട്ടേഷൻ നേതാക്കളേയും തള്ളിപ്പറയുന്നത് സിപിഎം തുടരും. കൊടി സുനിയ്‌ക്കെതിരേയും പരസ്യ നിലപാട് എടുക്കും.

കേരളാ പൊലീസും കൊടി സുനിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊടി സുനി ഉൾപ്പെടെയുള്ളവരുടെ സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകൾ പുനന്വേഷിക്കുന്നു. രാമനാട്ടുകര സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം മുമ്പത്തെ കേസുകളും പുനരന്വേഷിക്കുന്നത്. പലപ്പോഴും രാഷ്ട്രീയ സമ്മർദ്ദം കൊണ്ടും പൊലീസിന്റെ അനാസ്ഥ കൊണ്ടും അന്വേഷണം വഴിമുട്ടിയ കേസുകളാണ് പുതിയ പശ്ചാത്തലത്തിൽ അന്വേഷിക്കുന്നത്.

കൊടി സുനി ജയിലിൽനിന്ന് ആസൂത്രണംചെയ്ത കോഴിക്കോട് നല്ലളത്ത് വച്ച് മൂന്നുകിലോ സ്വർണം തട്ടിയെടുത്ത സംഭവം, സ്വർണംവിറ്റു മടങ്ങുന്നവരിൽനിന്ന് തിരുനെല്ലിയിൽ വച്ച് അഞ്ചുകോടിരൂപ കവർന്ന കേസ് എന്നിവ ഉൾപ്പെടെ പുനരന്വേഷിക്കുന്നവയിൽ ഉൾപ്പെടും. ഇതിനു വേണ്ടി പ്രത്യേക സംഘത്തിൽ 12 അംഗ ടീമാണ് രൂപീകരിച്ചിട്ടുള്ളത്. തീവ്രവാദവിരുദ്ധ സ്‌ക്വാഡ് തലവൻ ഡിഐജി അനൂപ് കുരുവിള ജോണിനെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണക്കടത്തുകാരും കവർച്ചക്കാരും ഒരുപോലെ ക്വട്ടേഷൻസംഘങ്ങളെ ഉപയോഗപ്പെടുത്തുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ഇതോടൊപ്പം കള്ളക്കടത്ത് സ്വർണവും ഹവാലാപണവും തട്ടിയെടുക്കുന്ന സംഭവങ്ങളിൽ രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങൾകൂടി പങ്കാളികളായതോടെ വലിയ ക്രമസമാധാനപ്രശ്നമായി മാറിയിരിക്കയാണ്. രാമനാട്ടുകരയിൽ അഞ്ചുപേർ വാഹനാപകടത്തിൽ മരിച്ചതു സംബന്ധിച്ച അന്വേഷണമാണ് രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങളിലേക്ക് എത്തിയത്.