കോഴിക്കോട്: അർജുൻ ആയങ്കിയെ വെറുമൊരു ഡിവൈഎഫ് ഐയുടെ മുൻ നേതാവാക്കി വിവാദത്തിൽ നിന്ന് തടിയൂരാൻ സിപിഎം ശ്രമം. അതിനിടെ ആയങ്കിയുടെ കള്ളക്കടത്ത് ബന്ധത്തിൽ സിപിഎമ്മിനേ നേരത്തെ പരാതി കിട്ടിയെന്നാണ് സൂചന. കാസർകോട്ടുള്ള ഒരു സംഘത്തിനെത്തിച്ച സ്വർണം അർജുന്റെ നേതൃത്വത്തിൽ തട്ടിയെടുത്തെന്ന പരാതിയുമായി ചിലർ തന്റെ അടുത്തെത്തിയെന്നു ജില്ലയിലെ പ്രധാന നേതാവു കഴിഞ്ഞയാഴ്ച ജില്ലാ കമ്മിറ്റി യോഗത്തെ അറിയിച്ചിരുന്നു. രാമനാട്ടുകര അപകടം നടക്കുന്നതിന് ദിവസങ്ങൾക്കു മുൻപായിരുന്നു ഈ യോഗം.

എന്നാൽ ഇക്കാര്യം സിപിഎം പരസ്യമായി പറയില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആകാശ് തില്ലങ്കേരിയും സംഘങ്ങളും തലവേദനയായി സിപിഎം തിരിച്ചറിഞ്ഞിരുന്നു. അന്ന് ഈ മേഖലയിൽ ഡിവൈഎഫ് ഐ ജാഥയും നടത്തി. ക്വട്ടേഷൻ സംഘത്തിനും സ്വർണ്ണ കടത്തിനും എതിരെയായിരുന്നു ഈ ജാഥ. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇവരെല്ലാം വീണ്ടും സിപിഎമ്മിനോട് ചേർന്നു നിന്നു. കണ്ണൂരിലെ പാർട്ടി പ്രവർത്തനത്തിലും സജീവമായി എന്നതാണ് വസ്തുത. ഈ സാഹചര്യമാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്.

അതിനിടെ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് തിരയുന്ന അർജുൻ ആയങ്കി വിമാനത്താവള ടെർമിനലിനു പുറത്ത് കാത്തുനിൽക്കുന്ന ചിത്രം പുറത്തായി. അപകടം നടന്ന 21 ന് പുലർച്ചെ സ്വർണവുമായി കസ്റ്റംസിന്റെ പിടിയിലായ മുഹമ്മദ് ഷഫീഖിന് അർജുൻ അയച്ച ചിത്രവും പുറത്തുവന്നു. ഈ ചിത്രത്തിൽ അർജുൻ ധരിച്ച അതേ ഷർട്ട് തന്നെയാണ് ടെർമിനലിനു പുറത്തു കാത്തുനിൽക്കുന്ന ചിത്രത്തിലുമുള്ളത്. കാരിയർക്ക് പെട്ടെന്നു തിരിച്ചറിയാനായി സ്വർണം കൈമാറുന്ന ദിവസം ധരിക്കുന്ന ഷർട്ട് തന്നെ ധരിച്ച ചിത്രം അർജുൻ അയച്ചുനൽകിയതാവാനാണു സാധ്യതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഇത് സ്വർണ്ണ കടത്ത് സംഘത്തിന്റെ പതിവ് രീതിയാണെന്നും വിലയിരുത്തുന്നു. കൊടുവള്ളിയിലേക്ക് കൊണ്ടു വന്ന സ്വർണ്ണമാണ് ആയങ്കിക്ക് കാരിയർ കൈമാറാൻ ഒരുങ്ങിയത്. ഇതിന് പിന്നിലെ ഗൂഢാലോചനയും അന്വേഷണ പരിധിയിലേക്ക് കസ്റ്റംസ് കൊണ്ടു വന്നിട്ടുണ്ട്.

കൊടുവള്ളി സംഘത്തിനു വേണ്ടിയാണ് ഷഫീഖ് സ്വർണം കൊണ്ടുവന്നതെങ്കിലും അർജുനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. അർജുൻ എത്തിയതെന്നു സംശയിക്കുന്ന ചുവന്ന കാർ വിമാനത്താവളത്തിനു പുറത്തു നിർത്തിയിട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം സിപിഎം ഗൗരവത്തോടെ കാണുന്നുണ്ട്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ സ്ഥിരം സന്ദർശകനായിരുന്ന അർജുന് സ്വർണക്കടത്തുമായി ബന്ധമുണ്ടായിരുന്നുവെന്നു നേതൃത്വത്തിന് അറിയാമായിരുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു. രാമനാട്ടുകര അപകടത്തിനു കാരണമായ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇയാളുടെ പേരു പുറത്തുവന്നതിനു തൊട്ടുപിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി പത്രസമ്മേളനം വിളിച്ചു സ്വർണക്കടത്തു സംഘങ്ങളെ തള്ളിപ്പറഞ്ഞതിനു കാരണം ഇതാണെന്നും കരുതുന്നു.

അർജുനും സംഘവും സ്വർണം തട്ടിയെടുത്തെന്ന പരാതിയുമായി 3 മാസം മുൻപു കൊടുവള്ളിയിൽ നിന്നുള്ള മറ്റൊരു സംഘം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയെന്നു പറയുന്ന ഒരു ശബ്ദസന്ദേശം പ്രചരിക്കുന്നുണ്ട്. ഇതിന്റെ ആധികാരികത വ്യക്തമല്ല. പാർട്ടിയുമായി ആയങ്കയിക്ക് ബന്ധമില്ലെന്ന് വരുത്താനാണ് സിപിഎം ശ്രമം. എന്നാൽ ആയങ്കി റെഡ് വാളണ്ടിയറായി സിപിഎം ജാഥയിൽ പങ്കെടുത്ത ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആകാശ് തില്ലങ്കേരിയും റെഡ് വാളണ്ടിയറായിരുന്നു. പാർട്ടിയുമായി ബന്ധമില്ലാത്തവർക്ക് ഇങ്ങനെ വാളണ്ടിയറാകാൻ കഴിയില്ല. അതുകൊണ്ട് തന്നെ ക്വട്ടേഷൻ സംഘത്തിന് എതിരെ ശക്തമായ നടപടി സിപിഎം എടുക്കും.

ഈ സാഹചര്യത്തിലാണ് അർജുൻ ഉപയോഗിച്ചിരുന്ന കാറിന്റെ രജിസ്റ്റേഡ് ഉടമയായ കണ്ണൂർ ചെമ്പിലോട് മേഖലാ സെക്രട്ടറി സി.സജേഷിനെ പാർട്ടി നിർദേശ പ്രകാരം ഡിവൈഎഫ്‌ഐ പുറത്താക്കി. ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ള മുഴുവൻ പാർട്ടിക്കാരെയും കണ്ടെത്തി നടപടിയെടുക്കാനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ക്വട്ടേഷൻ സംഘവുമായി ഒരുതരത്തിലും ബന്ധപ്പെടരുതെന്ന് അണികൾക്കു കർശന നിർദ്ദേശം നൽകാനും 4 കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

ക്വട്ടേഷൻ സംഘങ്ങളെ തള്ളിപ്പറഞ്ഞുള്ള ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം. ഷാജറിന്റെ ഫേസ്‌ബുക് പോസ്റ്റിനു കീഴെ അതേ നേതാവും അർജുനും നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ആളുകൾ പ്രതികരിച്ചത്. ഈ ചിത്രം എപ്പോഴത്തേതാണെന്നു വ്യക്തമല്ല. ഫേസ്‌ബുക്കിൽ സിപിഎം ഉന്നത നേതാക്കളുമായുള്ള ചിത്രങ്ങളും പാർട്ടിക്കൊടിയും വൊളന്റിയർ വേഷവും മുദ്രാവാക്യങ്ങളുമായി നിറഞ്ഞുനിൽക്കുന്ന അർജുന് 44,186 ഫോളോവേഴ്‌സുണ്ട്; ആകാശ് തില്ലങ്കേരിക്ക് 58,643 പേരും. ഏറെയും സിപിഎം പ്രവർത്തകരോ അനുഭാവികളോ ആണ്. ഇരുവരുടെയും സൗഹൃദ വലയത്തിൽ സിപിഎം നേതാക്കളും ജനപ്രതിനിധികളുമുണ്ട്.

ഈമാസം 21നു കോഴിക്കോട് വിമാനത്താവളത്തിൽ 2.33 കിലോഗ്രാം സ്വർണവുമായി പിടിയിലായ മുഹമ്മദ് ഷഫീഖ് അത് അർജുനു കൈമാറാനുള്ളതായിരുന്നുവെന്നു മൊഴി നൽകിയിരുന്നു. നാളെ കൊച്ചിയിലെത്താൻ കസ്റ്റംസ് അർജുനു നോട്ടിസ് നൽകിയിട്ടുമുണ്ട്. സ്വർണം തട്ടിയെടുക്കാൻ അർജുന്റെ കാറിനെ പിന്തുടരുന്നതിനിടെയാണ് ചെർപ്പുളശേരിയിൽനിന്നുള്ള സംഘത്തിലെ 5 പേർ അപകടത്തിൽ മരിച്ചതെന്നു പൊലീസ് പറയുന്നു.