കണ്ണൂർ: രാമനാട്ടുകര സ്വർണ കവർച്ചാ ആസൂത്രണക്കേസിലെ മുഖ്യപ്രതിയായി കസ്റ്റംസ് കരുതുന്ന അർജുൻ ആയങ്കി കീഴടങ്ങി. കണ്ണൂരിലെ ഒരു പ്രമുഖ അഭിഭാഷകൻ മുഖേനെയാണ് ചോദ്യം ചെയ്യലിന് കസ്റ്റംസിന് മുൻപിൽ ഹാജരായത്. താൻ ചോദ്യം ചെയ്യാൻ എത്തുമെന്ന് ഫെയ്‌സ് ബുക്കിലൂടെ അർജുൻ അറിയിച്ചിരുന്നു.  കേസ് പൊലീസും അന്വേഷിക്കുന്നുണ്ട്.

അർജുനുമായി യാതൊരു ബന്ധവും പാർട്ടി പുലർത്തില്ലെന്നു സി.പി. എം തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാർട്ടിയിലെ ചില നേതാക്കൾക്കും പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്നവർക്കും സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം കാരണം അത്ര വേഗമൊന്നും പാർട്ടിക്ക് തടിയൂരിപ്പോകാൻ കഴിയില്ല. അതുകൊണ്ടു തന്നെ അർജുൻ കസ്റ്റംസ് ചോദ്യം ചെയ്യലിൽ ആരുടെയൊക്കെ പേര്് വെളിപ്പെടുത്തുമെന്ന കാര്യത്തിൽ സി.പി. എമ്മിന് ആശങ്കയുണ്ട്. ഇതിനിടെയാണ് അർജുൻ ആയങ്കി അഭിഭാഷകർക്കൊപ്പം ചോദ്യം ചെയ്യലിന് എത്തുന്നത്.

ചുവന്ന ഷർട്ടിട്ട് ചുള്ളൻ ലുക്കിലാണ് ആയങ്കി ചോദ്യം ചെയ്യിലന് എത്തിയത്. ആത്മവിശ്വാസം മുഖത്തുണ്ടെന്നതും ദൃശ്യങ്ങളിൽ വ്യക്തം. തനിക്ക് കേസിൽ പങ്കില്ലെന്നാണ് അർജുൻ ആയങ്കിയുടെ വാദം. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ കസ്റ്റംസ് വാറണ്ട് പുറപ്പെടുവിക്കും. നല്ല നിയമോപദേശം വാങ്ങിയ ശേഷമാണ് അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തും മുമ്പ് തന്നെ പ്രിവന്റീവ് കമ്മറ്റി ഓഫീസീൽ എത്തിയത്. കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നാണ് കൊച്ചിയിൽ എത്തിയതെന്നാണ് സൂചന.

രാമനാട്ടുകരയിൽ അഞ്ച് പേർ കാറപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വർണ്ണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അർജുൻ ആയങ്കിയിലേക്കും എത്തിയത്. കൂടാതെ പങ്കാളിത്തം സംബന്ധിച്ച ശബ്ദരേഖയും പുറത്തുവന്നിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലൂടെ കള്ളക്കടത്ത് സ്വർണം കടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങൾ അന്നേ ദിവസം എത്തിയിരുന്നു. സംഭവദിവസം അർജുൻ ആയങ്കിയും കരിപ്പൂരിൽ എത്തിയതിന്റെ തെളിവ് പുറത്തുവന്നിരുന്നു. കടത്തിക്കൊണ്ടുവന്ന സ്വർണം വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് പിടികൂടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്. 

മൂന്ന് കൊല്ലത്തിലധികമായി സിപിഎമ്മിന്റെയോ ഡിവൈഎഫ്ഐയുടെയോ മെമ്പർഷിപ്പിലോ പ്രവർത്തന മേഖലയിലോ ഇല്ലാത്തയാളാണ് ഞാൻ എന്നും യാതൊരുവിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാതെ ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നു എന്നതുകൊണ്ട് എനിക്കെതിരെയുള്ള ഏതെങ്കിലും ആരോപണങ്ങൾക്ക് മറുപടി പറയാൻ ആ പാർട്ടി ബാധ്യസ്ഥരല്ല. എന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ എന്റെ വ്യക്തിപരമായ ഇഷ്ട്ടമാണെന്നും അർജുൻ ആയങ്കി വിശദീകരിച്ചിരുന്നു. മാധ്യമങ്ങൾ പടച്ചുവിടുന്ന അർദ്ധസത്യങ്ങൾ വളരെ രസകരമായി വീക്ഷിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ക്ഷമിക്കുക. കൂടുതൽ കാര്യങ്ങൾ വഴിയേ പറയാം-ഇതായിരുന്നു ഫെയ്‌സ് ബുക്കിലൂടെ അർജുൻ വിശദീകരിച്ചത്. കൊടി സുനിയുടേയും ആകാശ് തില്ലങ്കേരിയുടേയും അടുത്ത അനുയായിയാണ് അർജുൻ.

കൊടുവള്ളി ഗ്യാങ്ങിനെതിരെ കണ്ണൂർ ലോബി എത്തിയതാണ് രാമനാട്ടുകര അപകടത്തിന് വഴിവച്ചത്. പാനൂർ മേഖലയിലെ ചില പ്രാദേശിക നേതാക്കൾ ഇപ്പോഴും കൊടിസുനിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. അർജുൻ ആയങ്കിയുമായി അടുത്ത ബന്ധം പുലർത്തിയ ഡി.വൈ. എഫ്. ഐ ബ്ലോക്ക് നേതാവിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ കണ്ണംവള്ളിയിൽ പാർട്ടിക്കാരനായ മുൻ പ്രവാസിയായ യുവാവിനും സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

വരും ദിനങ്ങളിൽ പാനൂർ മേഖലയിലെ നിരവധി പേരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കാനാണ് കസ്റ്റംസിന്റെ നീക്കം. ചാല കൊയ്യോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും മൊയാരം ബ്രാഞ്ച് അംഗവുമായ സി.സജേഷും ഇപ്പോൾ ഒഒളിവിലാണ്. ഇയാളുടെ ഉടമസ്ഥതയിലുള്ള ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാർ രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂരിലെത്തിയതിന്റെ സി.സി.ടി. വി ദൃശ്യങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. അർജുൻ ആയങ്കിയാണ് കാറോടിച്ചിരുന്നത്.

എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഒരു രോഗിയെ കൊണ്ടുപോകാൻ വേണ്ടിയാണ് കാർ വിട്ടുനൽകിയതെന്നാണ് സജേഷ് പൊലിസ് നൽകിയ മൊഴി.