കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. ജൂലൈ അറുവരെയാണ് കസ്റ്റഡി കാലാവധി.രാമനാട്ടുകരയിൽ കടത്ത് സ്വർണം പിടികൂടാനെത്തിയ ക്വട്ടേഷൻ സംഘം അപകടത്തിൽപ്പെട്ട ദിവസം അർജുൻ കരിപ്പൂരിൽ എത്തിയതിന്റെ അടക്കം തെളിവ് പുറത്ത് വന്നതോടെയായിരുന്നു അന്വേഷണം അർജുനിലേക്ക് നീങ്ങിയത്.

അതേസമയം അർജുൻ ആയങ്കിക്ക് സ്വർണക്കടത്ത് കേസിൽ പങ്കില്ലെന്ന വാദവുമായി അഭിഭാഷകൻ രംഗത്തെത്തി. സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അർജുൻ കസ്റ്റംസിനോട് സമ്മതിച്ചിട്ടില്ല. എന്നാൽ ഇതിന് വിരുദ്ധമായ വാർത്തകളാണ് പുറത്തുവരുന്നതെന്നും അഭിഭാഷകൻ പ്രതികരിച്ചു.

അർജുൻ ആയങ്കി പാസ്പോർട്ട് നശിപ്പിച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ പാസ്പോർട്ട് പോലും ഇല്ലാത്തയാളാണ് അർജുൻ. സ്വർണം കടത്തുന്ന കാര്യം അറിയാമെന്ന് അർജുൻ കസ്റ്റംസിന് മൊഴി നൽകിയിട്ടില്ലെന്നും കുടുക്കാനുള്ള ശ്രമം നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അർജുനെ ജാമ്യത്തിലിറക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കടം നൽകിയ പണം വിദേശത്ത് നിന്നെത്തിയ ആളിൽ നിന്നും തിരികെ വാങ്ങാനാണ് കരിപ്പൂരിൽ എത്തിയതെന്നാണ് അർജുൻ പറയുന്നത്. മൊഴി വിശ്വാസയോഗ്യമല്ലെന്നും സ്വർണ്ണക്കടത്തിൽ അർജുൻ പങ്കെടുത്തതിന്റെ തെളിവ് ഉണ്ടെന്നുമാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഫോൺ രേഖകൾ അടക്കം ഇത് വ്യക്തമാക്കുന്ന തെളിവാണെന്നും കസ്റ്റംസ് അറിയിക്കുന്നു.

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയെന്ന് സംശയിക്കുന്നയാളാണ് അർജുൻ ആയങ്കി. ഇന്നലെയാണ് അർജുനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.