- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പുരിൽ എത്തിയത് സ്വർണം മോഷ്ടിക്കാൻ; എല്ലാ സഹായവും ചെയ്തതുകൊടി സുനിയും ഷാഫിയും; ഇരുവർക്കും പ്രതിഫലവും നൽകി; ടിപി കേസ് പ്രതികൾക്കെതിരെ നിർണ്ണായക മൊഴി; ആറ്റിൽ എറിഞ്ഞ ഫോൺ കണ്ടെത്താൻ കസ്റ്റംസ്; അർജുൻ ആയങ്കിയുടേത് മോഷ്ടാവ് മാത്രമാകാനുള്ള ശ്രമം
കൊച്ചി: കരിപ്പൂർ സ്വർണക്കടത്തു ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കി ക്രിമിനൽ മനോഭാവം പുലർത്തുന്ന കള്ളക്കടത്തുകാരനെന്നു കസ്റ്റംസ്. ടി. പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കെതിരെ അർജുൻ ആയങ്കിയുടെ മൊഴിയും കസ്റ്റംസിന് കിട്ടിയിട്ടുണ്ട്. സ്വർണം പൊട്ടിക്കാൻ ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അർജുൻ ആയങ്കി വെളിപ്പെടുത്തിയതായാണ് വിവരം. കൊടി സുനി, ഷാഫി തുടങ്ങിയവരുടെ സഹായം ലഭിച്ചതായാണ് അർജുന്റെ മൊഴി.
കസ്റ്റംസിന് നൽകിയ മൊഴിയിലാണ് ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അർജുൻ വ്യക്തമാക്കിയത്. ഇരുവർക്കും തക്കതായ പ്രതിഫലം നൽകി. ഒളിവിൽ കഴിയാൻ കൊടി സുനിയുടേയും ഷാഫിയുടേയും സഹായം ലഭിച്ചെന്നും അർജുൻ പറഞ്ഞു. അതേസമയം, അർജുൻ ആയങ്കിയുമായുള്ള തെളിവെടുപ്പ് തുടങ്ങുകയാണ് കസ്റ്റംസ്. കണ്ണൂരിൽ എത്തിച്ചാണ് തെളിവെടുപ്പ്. സിപിഎം നിയന്ത്രണത്തിലേക്കുള്ള പാർട്ടി ഗ്രാമത്തിലേക്ക് പരിശോധന കടക്കുമോ എന്നതാണ് നിർണ്ണായകം.
ആയങ്കിയിൽ നിന്ന് നഷ്ടപ്പെട്ടെന്ന് പറയുന്ന സ്മാർട്ട് ഫോൺ വീണ്ടെടുക്കുകയാണ് തെളിവെടുപ്പിന്റെ ലക്ഷ്യം. ഇതിലെ വാട്സ്ആപ്പ് ചാറ്റുകളും വോയ്‌സ് ക്ലിപ്പുകളും കേസിൽ കൂടുതൽ പേരുടെ ഇടപെടൽ തെളിയിക്കുന്നതാകുമെന്ന നിഗമനത്തിലാണ് കസ്റ്റംസിന്റെ നീക്കം. സ്വർണക്കടത്തിന്റെ പ്രവർത്തനരീതി പുറത്തു കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. അർജുന്റെ അഴീക്കോട്ടെ വീട്ടിലും തെളിവെടുപ്പ് നടക്കും. ഈ മാസം ആറ് വരെയാണ് അർജുന്റെ കസ്റ്റഡി കാലാവധി.
ചോദ്യം ചെയ്യലിനോടു സഹകരിക്കാത്ത അർജുനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. കൂട്ടുപ്രതി മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡി തിങ്കളാഴ്ച തീരും. കള്ളക്കടത്തു കേസുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കു നൽകുന്ന മൊഴികൾക്ക്, മജിസ്‌ട്രേട്ടിനു മുൻപാകെ നൽകുന്ന മൊഴികൾക്കു സമാനമായ നിയമപരിരക്ഷയുണ്ട്. അർജുനേയും ഷെഫീഖിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ പദ്ധതി.
കള്ളക്കടത്തു തടയൽ നിയമപ്രകാരം (കോഫെപോസ) ഒരു വർഷം കരുതൽ തടങ്കലിൽ സൂക്ഷിച്ചേക്കാവുന്ന കേസിൽ സ്വർണക്കടത്തു കുറ്റാരോപണം അർജുൻ പൂർണമായി നിഷേധിക്കുകയാണ്. പൊലീസ് അന്വേഷിക്കേണ്ട സ്വർണക്കവർച്ചാക്കുറ്റം മാത്രമേ ഏറ്റെടുക്കാനാവൂ എന്നാണ് അർജുന്റെ നിലപാട്. സംഭവദിവസം താൻ കൊല്ലപ്പെടേണ്ടതായിരുന്നുവെന്നും, ഭാഗ്യം കൊണ്ടാണു രക്ഷപ്പെട്ടതെന്നും അർജുൻ ആവർത്തിച്ചു പറയുന്നു.
രാമനാട്ടുകരയിൽ 5 പേരുടെ മരണത്തിനു വഴിയൊരുക്കിയ സ്വർണക്കടത്തു നടന്ന ജൂൺ 21 നു മുൻപുള്ള ദിവസങ്ങളിലും അർജുൻ ആയങ്കിയുടെ സംഘം കരിപ്പൂർ വിമാനത്താവളത്തിന്റെ പരിസരത്ത് എത്തിയിരുന്നു. ചോദ്യം ചെയ്യലിനു നേരിട്ടു ഹാജരായ സി. സജേഷും ഇക്കാര്യം സ്ഥിരീകരിക്കുന്ന മൊഴികൾ നൽകിയിട്ടുണ്ട്. അർജുന്റെ ബെനാമിയാണു സഹകരണബാങ്ക് ജീവനക്കാരനായ സി. സജേഷെന്നാണു കസ്റ്റംസിന്റെ നിഗമനമെങ്കിലും അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല.
കള്ളക്കടത്തു കേസിൽ അറസ്റ്റിലായ പ്രതിയുടെ മൊഴികൾ കൊണ്ടുമാത്രം അർജുനെതിരായ കുറ്റം തെളിയിക്കാൻ കസ്റ്റംസിനു കഴിയില്ല. മൊഴികൾ സാധൂകരിക്കുന്ന തെളിവുകളും കണ്ടെത്തണം. സുപ്രധാന തെളിവായ മൊബൈൽ ഫോൺ നശിപ്പിച്ച ശേഷമാണ് അർജുൻ ചോദ്യം ചെയ്യലിനെത്തിയത്. ഷഫീഖുമായി അർജുൻ നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും വോയ്സ് ക്ലിപ്പിങ്ങുകളും പ്രധാന തെളിവാണ്.
ഇതുപോലെ മറ്റാരെല്ലാമായാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇടപെട്ടതെന്ന് മനസിലാക്കാനാണ് നശിപ്പിച്ചെന്ന് പറയുന്ന ഫോൺ കണ്ടെത്താനുള്ള ശ്രമം. സ്വർണക്കടത്തിന് അർജുനു കീഴിൽ കൂടുതൽ യുവാക്കൾ പ്രവർത്തിച്ചിരുന്നു. ഇവരിലേക്കും അന്വേഷണം നീളുമെന്നാണ് വിവരം.
മറുനാടന് മലയാളി ബ്യൂറോ