കൊച്ചി: കരിപ്പൂർ സ്വർണ്ണ കടത്ത് കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം. മൂന്ന് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് വ്യവസ്ഥയുണ്ട്. സംസ്ഥാനം വിട്ടു പോകാനും പാടില്ല. രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കുകയും വേണം.

നേരത്തെ രണ്ട് തവണ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അർജുൻ ആയങ്കി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ചെന്നും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. തനിക്കെതിരെ പുതിയ തെളിവുകളൊന്നും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ഇതാണ് കോടതി അംഗീകരിച്ചത്.

ടി.പി വധക്കേസ് പ്രതികളായ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും സഹായത്താൽ അർജുൻ ആയങ്കി കള്ളക്കടത്തു നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണക്കള്ളക്കടത്ത് നടത്തിയതിൽ പ്രതിക്ക് വ്യക്തമായ പങ്കുണ്ടെന്നുമാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കേസിൽ ഇഴിഞ്ഞ ജൂൺ 28നാണ് അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സിപിഎമ്മിന്റെ സൈബർ പോരാട്ട മുഖത്തെ പ്രധാനിയായിരുന്നു അർജുൻ ആയങ്കി.

അർജുൻ ആയങ്കിക്ക് സ്വർണ്ണക്കടത്ത് മാത്രമല്ല കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കുന്ന പണിയും ഉണ്ട്. ഇതിനായി കണ്ണൂരിൽ ഇയാൾക്ക് ക്വട്ടേഷൻ സംഘങ്ങളുടെ പിന്തുണ ഉണ്ടായിരുന്നതായും കസ്റ്റംസ് നേരത്തെ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആകാശ് തില്ലങ്കരിയുടെ അടുത്ത അനുയായിയാണ് അർജുൻ ആയങ്കി.