കണ്ണൂർ: മെയ് ഒന്നാം തീയ്യതി ഞാനൊരു പത്രസമ്മേളനം നടത്താൻ ആലോചിക്കുന്നു, താല്പര്യമുള്ള ചാനലുകാർ ബന്ധപ്പെടുക ....... നമ്പർ സഹിതമാണ് അർജുൻ ആയങ്കിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. കരിപ്പൂർ സ്വർണ്ണ കടത്ത് കേസിലെ പ്രതിയുടെ ഈ പോസ്റ്റിന് താഴെ സിപിഎം സൈബർ സഖാക്കൾ കടന്നാക്രമണം നടത്തുന്നുമുണ്ട്. എന്നാൽ പിന്തുണച്ച് പോസ്റ്റിടുന്നവരുമുണ്ട്. കണ്ണൂരിലെ പ്രധാനി ആകാശ് തില്ലങ്കേരിയുടെ അതിവിശ്വസ്തനാണ് അർജുൻ ആയങ്കി. തില്ലങ്കേരിക്കും ആയങ്കിക്കും എതിരെ സിപിഎം ഔദ്യോഗിക നേതൃത്വം ചില തീരുമാനങ്ങൾ എടുത്തതായി സൂചനയുണ്ട്. ഇതിന് പിന്നാലെണ് ആയങ്കിയുടെ പോസ്റ്റ് എത്തിയത്. അതുകൊണ്ട് തന്നെ സിപിഎം വിരുദ്ധത പറയുകയാകും ലക്ഷ്യമെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ.

പിണറായിയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് അടുത്ത് ആർ എസ് എസുകാരൻ പ്രതി ഒളിവിൽ താമസിച്ചത് വലിയ വാർത്തയായിരുന്നു. ആകാശ് തില്ലങ്കേരിക്കും അർജുൻ ആയങ്കിക്കുമെതിരെ ഡി.വൈ. എഫ്. ഐ പൊലിസിൽ പരാതി നൽകിയിരുന്നു. സംഘടനാ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസിനെതിരെ നവമാധ്യമങ്ങളിലൂടെ ദുഷ് പ്രചാരണം നടത്തിയെന്നാണ് ഇവർക്കെതിരെയുള്ള പരാതി. ഡി.വൈ. എഫ്. ഐ കണ്ണൂർ ജില്ലാസെക്രട്ടറി എം. ഷാജറാണ് അസി.കമ്മിഷണർ പി.പി സദാനന്ദന് പരാതി നൽകിയത്. ഇതിന് പിന്നാലെ ചിലതു പറയുമെന്ന് ആയങ്കിയും വിശദീകരിക്കുന്നു. ഇത് സിപിഎം നേതൃത്വത്തിനെതിരെ ആയിരിക്കുമെന്നാണ് സോഷ്യൽ മീഡിയാ ചർച്ച.

ലഹരി-ക്വട്ടേഷൻ സ്വർണക്കടത്ത് സംഘങ്ങൾക്കെതിരെ ഡി.വൈ. എഫ്. ഐ ക്യാംപയിൻ സംഘടിപ്പിച്ചതിന്റെ വിരോധത്തിൽ സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിന് പുറത്താക്കിയവർ അപവാദപ്രചരണം നടത്തിയെന്നാണ് സിപിഎം യുവജന സംഘടനയുടെ പരാതി. ഡി.വൈ. എഫ്. ഐ ജില്ലാപ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്തായ മനുതോമസിനെ പോലുള്ളവരാണ് മാധ്യമപ്രവർത്തകർക്ക് ഡി.വൈ.എഫ്്.ഐ ജില്ലാസമ്മേളനത്തിൽ നടന്ന ചർച്ചയെ കുറിച്ചുള്ള വാർത്തകൾ ചോർത്തിക്കൊടുക്കുന്നുവെന്നും ഇവന്റെയൊക്കെ കോൾ ലിസ്റ്റ് തപ്പിനോക്കിയാൽ ഇക്കാര്യം മനസിലാകേണ്ടവർക്ക് മനസിലാകുമെന്നാണ് ആകാശ് തില്ലങ്കേരി പോസ്റ്റിട്ടിരിക്കുന്നത്.

ഇതിനു സമാനമായ പോസ്റ്റ് കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയും ഇപ്പോൾ ജാമ്യത്തിൽ കഴിയുന്നയാളുമായ അർജുൻ ആയങ്കിയിടുകയും ആകാശിനെ പിൻതുണയ്ക്കുകയും ചെയ്തുവെന്നാണ് ഷാജർ നൽകിയ പരാതി. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ചില നേതാക്കൾക്കുള്ള ബന്ധം പാർട്ടിക്ക് കളങ്കമായി എന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. മുൻ പാർട്ടി പ്രവർത്തകരായ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവർ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ആരോപണങ്ങളിൽ ഇവർക്ക് സംരക്ഷണം ഒരുക്കുന്നത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് നേരത്തെയും വിമർശനം ഉയർന്നിരുന്നു.

നേരത്തെ ഇവരെ സംഘടനയിൽ നിന്നും സിപിഎം പുറത്താക്കുകയും ചെയ്തിരുന്നു. സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐയും രംഗത്തെത്തിയിരുന്നു. രാമനാട്ടുകര ക്വട്ടേഷൻ സംഘം പാർട്ടിയെ ഉപയോഗിക്കുന്നു. ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകില്ല. തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചർച്ച ചെയ്യണമെന്നായിരുന്നു പാർട്ടി മുഖപത്രത്തിൽ സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ എഡിറ്റ് പേജിൽ എഴുതിയ ലേഖനത്തിലെ രൂക്ഷ വിമർശനം.

ഷൂഹൈബ് വധക്കേസിലെ ഒന്നാം പ്രതിയും പാർട്ടിയുടെ സൈബർ പോരാളികളിലെ മുൻനിരക്കാരനുമായ ആകാശ് തില്ലങ്കേരിയുമായി സിപിഎമ്മിന് ഒരു ബന്ധവും ഉണ്ടാകില്ലെന്ന സൂചനകശളെങ്കിലും ഇരുവരെയും തില്ലങ്കേരിയെ പിന്തുണയ്ക്കുന്ന നിരവധിപേർ സിപിഎമ്മിൽ ഇപ്പോഴുമുണ്ട്. ജാമ്യത്തിൽ ഇറങ്ങിയ ആകാശ് വീണ്ടും സിപിഎം ഗ്രൂപ്പുകളിൽ സജീവമായി. ഇതിനിടെ ആകാശിന്റെ ഇടപെടൽ പാർട്ടിക്ക് ഭീഷണിയായി മാറുന്നുവെന്ന തിരിച്ചറിവ് സിപിഎമ്മിലെ ഔദ്യോഗിക നേതൃത്വത്തിന് ഉണ്ടായി. ഇതോടെ വീണ്ടും ആകാശ് തില്ലങ്കേരിയെ മാറ്റി നിർത്തി. എന്നാൽ പിന്നീട് സിപിഎമ്മിന് വേണ്ടി സൈബർ സഖാവായി തുടരുകയാണ് ആകാശ് തില്ലങ്കേരി. പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള പോസ്റ്ററുകൾ അടക്കം ഷെയർ ചെയ്തിരുന്നു.

പി ജയരാജന്റെ ചാമ്പിക്കോ.. വീഡിയോ അടക്കം ഷെയർ ചെയത്ാണ് ആകാശ് തില്ലങ്കേരി സംഘടനയുമായി ചേർന്നു നിൽക്കുന്നത്. പാർട്ടിക്കു പുറമെ സ്വന്തമായി ക്വട്ടേഷൻ ടീം വളർത്തിയെടുത്തുന്നു എന്നതാണ് ആകാശിന് മേൽ പാർട്ടി അന്ന് ചുമത്തിയ കുറ്റം. ഇതിനു പുറമെ മാസം ലക്ഷങ്ങളുടെ വരുമാനവും നടപടിക്ക് കാരണമായി എന്നാണ് വിവരം. മട്ടന്നൂർ എയർപോർട്ട് കേന്ദ്രീകരിച്ച് സകലവിധ ക്വട്ടേഷൻ ജോലികളും പാർട്ടിക്കതീതമായി ആകാശ് നടത്തിയിരുന്നുവെന്നും ഇതുവഴി ലക്ഷങ്ങൾ മാസവരുമാനം ഉണ്ടാക്കിയെന്നും ആരോപിച്ചാണ് ആകാശിനെ പാർട്ടി ഔദ്യോഗിക നേതൃത്വം അകറ്റി നിർത്തിയത്.

കണ്ണൂർ ജില്ലയിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ അക്രമത്തിനെതിരായി നടത്തിയ രണ്ട് ജാഥകൾ ആകാശിനെക്കുറിച്ച് വ്യക്തമായ ധാരണ അണികൾക്കു നൽകാനായിരുന്നു.