കണ്ണൂർ: സ്വർണ്ണ കടത്ത് കേസിലെ പ്രതിയും സിപിഎം സൈബർ സഖാവുമായി അറിയപ്പെടുന്ന അർജുൻ ആയങ്കിയ്‌ക്കെതിരെ പൊലീസ് നടത്തുന്നത് ജയിലിൽ അടയ്ക്കാതെ നാടുകടത്താനുള്ള നീക്കം. കണ്ണൂരിൽ നിന്ന് അർജുൻ ആയങ്കിയെ മാറ്റുന്നതിന് വേണ്ടിയാണ് കാപ്പ നിയമത്തിലെ വകുപ്പുകൾ പൊലീസ് ഉപയോഗിക്കുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ അന്തിമ തീരുമാനം എടുക്കൂ. ഈ മാസം 20ന് കണ്ണൂർ ഡിഐജിക്ക് മുന്നിൽ ഹാജരാകാൻ ആയങ്കിക്ക് പൊലീസ് നോട്ടീസ് നൽകി. വിശദ തെളിവെടുപ്പ് നടത്തിയാകും ഡിഐജി അന്തിമ തീരുമാനം എടുക്കുക.

കാപ്പയിൽ കളക്ടർക്കും ഡിഐജിക്കും നടപടി എടുക്കാൻ അധികാരമുണ്ട്. ജയിൽ അടയ്ക്കാൻ കളക്ടറുടെ അനുമതിയാണ് വേണ്ടത്. ഇവിടെ കണ്ണൂർ എസ് പിയുടെ കാപ്പാ റിപ്പോർട്ട് കിട്ടിയത് ഡിഐജി രാഹുൽ ആർ നായർക്കാണ്. ഡിഐജിക്ക് കാപ്പ ചുമത്തുന്നവരെ ജയിലിൽ അടയ്ക്കാനുള്ള ഉത്തരവ് ഇടാനാകില്ല. ക്രമസമാധാന നില ചൂണ്ടിക്കാട്ടി ആ ജില്ലയിൽ നിന്ന് മാറി നിൽക്കാനേ പ്രതിയോട് ആവശ്യപ്പെടാൻ കഴിയൂ. അതിനുള്ള നടപടി ക്രമങ്ങളാണ് പുരോഗമിക്കുന്നത്. കാപ്പയിലെ സെക്ഷനുകൾ ഇതിനുള്ള അവകാശം മാത്രമേ ഡിഐജിക്ക് നൽകുന്നുള്ളൂ.

ഈ മാസം 20ന് ഹാജരാകാനാണ് നോട്ടീസ് നൽകിയിട്ടുള്ളത്. വിശദീകരണം നൽകാൻ അന്ന് എത്തിയില്ലെങ്കിൽ ഒരു അവസരം കൂടി നൽകും. അയങ്കയിക്കായി അഭിഭാഷകർക്കും വിശദീകരണവുമായി ഡിഐജിക്ക് മുമ്പിലെത്താം. വിശദീകരണം നൽകാൻ ആരും എത്തിയില്ലെങ്കിൽ എസ് പിയുടെ ശുപാർശ അതേ പടി ഡിഐജി അംഗീകരിക്കും. സാധാരണ ഗതിയിൽ ആയങ്കി ഡിഐജിക്ക് മുമ്പിൽ ഹാജരായി വിശദീകരണം നൽകാനാണ് സാധ്യത. കൂടുതൽ ആർക്കെതിരേയും കാപ്പ ചുമത്തുന്നതിനുള്ള ശുപാർശ ഡിഐജിക്ക് മുമ്പിൽ ഇല്ലെന്നതാണ് വസ്തുത.

കരിപ്പൂർ സ്വർണക്കടത്ത് കേസ് മുഖ്യ പ്രതിയായ അർജുൻ ആയങ്കിക്കെതിരേ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോയാണ് ഡി.ഐ.ജി രാഹുൽ നാഹുൽ ആർ.നായർക്ക് ശുപാർശ നൽകിയത്. സ്വർണക്കടത്ത് ക്വട്ടേഷൻ കേസുകളുള്ള അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. ഓപ്പറേഷൻ കാവലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടി അർജുൻ ആയങ്കിക്കെതിരേ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് നടപടി.

സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാൻ പി.ജയരാജന്റെ കൂടെ നിന്ന് ഫോട്ടോയെടുത്ത് അതുപയോഗിച്ചാണ് ആയങ്കിയും ആകാശ് തില്ലങ്കരിയും അടക്കമുള്ള സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനം എന്നായിരുന്നു ഡിവൈഎഫ്ഐയുടെ ആരോപണം. ഒരാളെ കൊല്ലാനും പാർട്ടി ഇവരെ പറഞ്ഞുവിട്ടില്ലെന്നും ഭീഷണി വേണ്ടെന്നും ഡിവൈഎഫ്ഐ നേതാവ് മനുതോമസ് പ്രതികരിച്ചിരുന്നു. എന്നാൽ അനാവശ്യമായി ദ്രോഹിച്ചാൽ പലതും തുറന്ന് പറയാൻ ഞാനും നിർബന്ധിക്കപ്പെടുമെന്ന് പറഞ്ഞ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അർജുൻ ആയങ്കി രംഗത്ത് വന്നിരുന്നു. തുടർന്നാണ് അടിയന്തരമായി ആയങ്കിക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പൊലീസിനെ സമീപിച്ചത്.

കണ്ണൂർ ജില്ലയിലെ വിവിധ രാഷ്ട്രീയ സംഘർഷങ്ങളിൽ പ്രതിയായിരുന്ന അർജുൻ ആയങ്കി ലഹരി കടത്തുകാരുമായി അടുത്തതോടെയാണ് ഡിവൈഎഫ്ഐയുമായി അകലുന്നത്. 2021 ജൂൺമാസം അർജുൻ ആയങ്കിയെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഓഗസ്റ്റിൽ കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം നൽകി. ആകാശ് തില്ലങ്കേരിയുടെ അതിവിശ്വസ്തനാണ് ആയങ്കി. ഈ രണ്ടു പേരും സിപിഎമ്മിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ആയങ്കിയെ കാപ്പയിൽ കുടുക്കി കണ്ണൂരിൽ നിന്ന് പുറത്താക്കാനുള്ള നീക്കം. സിപിഎം തീരുമാനമാണ് എസ് പിയുടെ റിപ്പോർട്ടിൽ പ്രതിഫലിക്കുന്നതെന്ന സൂചനകളുണ്ട്.