- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്തിനു യുവാക്കളെ ആകർഷിച്ചത് രാഷ്ട്രീയ പാർട്ടിയുടെ പേരിൽ; അർജുൻ ആയങ്കിയെ സംരക്ഷിക്കുന്നതുകൊടി സുനിയും ഷാഫിയും; ഭാര്യ അമലയുടെ മൊഴിയും അർജുന് എതിര്; ഷാഫിയുടെ വീട്ടിൽ നിന്നും ഇലക്ടോണിക് തെളിവുകൾ കണ്ടെടുത്തു; ഏഴു ദിവസം കൂടി ആയങ്കിയെ കസ്റ്റഡിയിൽ വേണെന്ന് കസ്റ്റംസ് കോടതിയിൽ
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വിശദ അന്വേഷണം വേണമെന്ന് കസ്റ്റംസ് കോടതിയിൽ. കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ ഏഴു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. സിപിഎമ്മിലേക്ക് വിരൽചൂണ്ടിക്കൊണ്ടാണ് ചില വാദങ്ങൾ കസ്റ്റംസ് കോടതിയിൽ ഉന്നയിച്ചത്. കസ്റ്റഡി കാലാവധി തീർന്നതിനെത്തുടർന്ന് അർജുൻ ആയങ്കിയെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കേസിലെ അന്വേഷണ പുരോഗതി കസ്റ്റംസ് കോടതിയിൽ അറിയിച്ചത്.
ടിപി ചന്ദ്രശേഖരനെ വധിച്ച കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനി, ഷാഫി എന്നിവരുടെ സംരക്ഷണം അർജുന് ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു. രാഷ്ട്രീയ പാർട്ടിയെ മറയാക്കിയാണ് കള്ളക്കടത്തു നടത്തിയത്. പ്രത്യേക പാർട്ടിയുടെ ആളെന്നു പ്രചരിപ്പിച്ച് കള്ളക്കടത്തിലേക്കു യുവാക്കളെ ആകർഷിച്ചു. ഇതിനായി സോഷ്യൽ മീഡിയയെ ഉപയോഗിച്ചു. സാമൂഹിക വിരുദ്ധപ്രവർത്തനത്തിന് ഉപയോഗിച്ചു. ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണം വേണമെന്നും കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്താൻ അർജുൻ ആയങ്കിയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. അടുത്ത ദിവസം ഷാഫിയേയും അർജുൻ ആയങ്കിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം.
അർജുൻ ആയങ്കി നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വർണക്കടത്ത് സംഘത്തെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞു, എന്നാൽ ഷാഫി നൽകിയ മൊഴി ഇതിന് വിരുദ്ധമാണ്. കാർ വാങ്ങാനായി ഭാര്യയുടെ അമ്മ പണം നൽകിയെന്നാണ് അർജുൻ ആയങ്കി മൊഴി നൽകിയത്. എന്നാൽ ഇന്നലെ ഭാര്യ കസ്റ്റംസിന് നൽകിയ മൊഴിയിൽ തന്റെ അമ്മ അങ്ങനെയൊരു പണം നൽകിയിട്ടില്ലെന്നാണ് അറിയിച്ചത്. ഇങ്ങനെ അർജുൻ ആയങ്കി നൽകിയ പരസ്പര വിരുദ്ധമായ മൊഴികളിൽ കൂടുതൽ വ്യക്തത തേടിയാണ് കൂടുതൽ ചോദ്യം ചെയ്യാൻ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടത്.
കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ 'ലീഡറുടെ' ഉപദേശ പ്രകാരം നശിപ്പിച്ചെന്ന് അർജുൻ ആയങ്കി മൊഴി നൽകിയിരുന്നു. കസ്റ്റംസിന് നൽകി മൊഴിയിലാണ് ഫോൺ നശിപ്പിച്ചതായി അർജുൻ സമ്മതിച്ചത്. സ്വർണക്കടത്തും കവർച്ചയും ആസൂത്രണം ചെയ്യുന്ന സംഘത്തിലെ മുതിർന്ന അംഗങ്ങളുടെ നിർദ്ദേശം സ്വീകരിക്കാൻ ഉപയോഗിച്ചിരുന്ന ഫോണാണ് അർജുൻ നശിപ്പിച്ചത്. നേരത്തെ ഫോൺ പുഴയിൽ കളഞ്ഞെന്നാണ് അർജുൻ പറഞ്ഞിരുന്നത്.
വളപട്ടണം പുഴയോരത്തു നടത്തിയ തെളിവെടുപ്പിനു ശേഷമാണ് അർജുൻ ഫോൺ നശിപ്പിച്ചതായി വ്യക്തമാക്കിയത്. അർജുന്റെ 'ലീഡറെ' കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചു. ഫോൺ നശിപ്പിച്ചതോടെ ഇതിലൂടെ നടത്തിയ വാട്സാപ് സന്ദേശങ്ങളുടെയും വിളികളുടെയും വിശദാംശങ്ങൾ കണ്ടെത്തുക ദുഷ്കരമായിട്ടുണ്ട്.
രാമനാട്ടുകര അപകടത്തിനു ശേഷം ഒളിവിൽപോയ അർജുൻ സംരക്ഷകരെ മുഴുവൻ ബന്ധപ്പെട്ടതും നിർദ്ദേശങ്ങൾ സ്വീകരിച്ചതും വാട്സാപ്, ടെലിഗ്രാം ആപ്പുകൾ വഴിയാണ്. ഇതു സംബന്ധിച്ച മൊഴികൾ ലഭിച്ചാലും അർജുന്റെ 'ലീഡർ' അടക്കമുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്താൽ മാത്രമേ ശാസ്ത്രീയ തെളിവുകൾ വീണ്ടെടുക്കാൻ കഴിയൂ. അർജുനും കാരിയർ മുഹമ്മദ് ഷഫീഖും തമ്മിലുള്ള സംസാരവും സന്ദേശങ്ങളും ഷഫീഖിന്റെ ഫോണിൽ നിന്നു കസ്റ്റംസ് വീണ്ടെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ