- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ഫോൺ നശിപ്പിച്ചതു 'ലീഡറുടെ' ഉപദേശം അനുസരിച്ചെന്ന് അർജുൻ ആയങ്കി; ബന്ധുബലമുള്ള രാഷ്ട്രീയക്കാരനെ കുറിച്ച് ഒന്നും സ്ഥിരീകരിക്കാതെ കസ്റ്റംസ്; കൊടി സുനിയേയും സംഘത്തേയും കുടുക്കാൻ ശ്രമമെന്ന പരോക്ഷ ആരോപണവുമായി പാർട്ടി പത്രവും
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ നശിപ്പിച്ചതു 'ലീഡറുടെ' ഉപദേശം അനുസരിച്ചെന്ന് അർജുൻ ആയങ്കി വെളിപ്പെടുത്തി. അർജുന്റെ 'ലീഡറെ' കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചു. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് രഹസ്യമായി സൂക്ഷിക്കുകയാണ്. രാഷ്ട്രീയ ബന്ധങ്ങളുള്ള ഉന്നതനാണ് ഇയാളെന്നാണ് സൂചന.
രാഷ്ട്രീയക്കാരായ ചിലരുമായി അർജുൻ ആയങ്കി ഫോണിൽ സംസാരിച്ചത് സംബന്ധിച്ച വിവരങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇവയിലൂടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഉന്നതരിലേക്കും കടന്നുകയറാനാണ് കസ്റ്റംസിന്റെ നീക്കം. ഉന്നതബന്ധം സ്ഥിരീകരിച്ചതോടെ നടപടികൾ രഹസ്യമാക്കാൻ ഉന്നതതല നിർദേശവും ലഭിച്ചിട്ടുണ്ട്.
കൊലക്കേസുകളിൽ അടക്കം പ്രതിയായ ലീഡറുടെ ബന്ധുബലവും വിപുലമാണ്. അതുകൊണ്ട് തന്നെ കരുതലോടെ മുമ്പോട്ട് പോകാനാണ് തീരുമാനം. അതിനിടെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ കൈ പൊള്ളിയ കേന്ദ്ര ഏജൻസികൾ രാമനാട്ടുകര സ്വർണക്കവർച്ചാക്കേസും സിപിഐ എമ്മിനെതിരെ ആയുധമാക്കുന്നുവെന്ന ആരോപണം ദേശാഭിമാനി ഉയർത്തുന്നുണ്ട്.
കേസ് കസ്റ്റംസ് ഏറ്റെടുത്തതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു. കരിപ്പൂർ വിമാനത്താവളംവഴി പുറത്തെത്തിയ രണ്ടരക്കിലോ സ്വർണം തട്ടാനുള്ള ശ്രമത്തിൽ അപകടമുണ്ടായി അഞ്ചുപേർ മരിച്ചതാണ് സംഭവം പുറത്തറിയാൻ കാരണമായത്. സ്വർണം വിമാനത്താവളത്തിന് പുറത്ത് കടക്കണമെങ്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായമുണ്ടാകണം. ഈവഴിയിൽ ഒരന്വേഷണവും നടത്തിയിട്ടില്ല. നേരത്തേ കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം നടക്കുന്നുണ്ടെന്നും ദേശാഭിമാനി പറയുന്നു.
കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തെ സഹകരിപ്പിക്കാതെ കൊച്ചി യൂണിറ്റ് കേസ് ഏറ്റെടുത്തതിലും ദുരൂഹത ഉയർന്നിട്ടുണ്ട്. സാമ്പത്തിക വിചാരണക്കോടതി കൊച്ചിയിൽ മാത്രമേയുള്ളൂവെന്നാണ് ഇതിനുള്ള ന്യായീകരണം. അർജുൻ ആയങ്കിയുടെ ബിനാമിയെന്ന് കസ്റ്റംസ് കോടതിയിൽ പറഞ്ഞ സി സജേഷിനെ ചോദ്യംചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. മണിക്കൂറുകൾ ചോദ്യം ചെയ്തെങ്കിലും സജേഷിനെ വിട്ടയക്കേണ്ടിവന്നു.
തുടർന്ന്, ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ബന്ധിപ്പിക്കാൻ അന്വേഷണം ആരംഭിച്ചു. എന്നാൽ, വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊടി സുനി ഉൾപ്പെടെയുള്ള പ്രതികൾ അർജുൻ ആയങ്കിയുമായി ബന്ധപ്പെടുന്നത് എങ്ങനെയെന്ന് വിശദീകരിക്കാനായിട്ടില്ല. ചോദ്യംചെയ്യലിന് ഹാജരാകാനായി ജയിലിലേക്ക് നോട്ടീസ് അയക്കാനാണ് കസ്റ്റംസ് നീക്കമെന്നാണ് പാർട്ടി പത്രത്തിന്റെ കുറ്റപ്പെടുത്തൽ.
ഇതിനിടെയാണ് അർജുന്റെ ലീഡറിലേക്കും കസ്റ്റംസ് അന്വേഷണം കൊണ്ടു പോകുന്നത്. സംഭവത്തിനു ശേഷം മാധ്യമ പ്രവർത്തകർ കാണാതെ ഒളിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഫോൺ പുഴയിൽ വീണെന്നായിരുന്നു ആദ്യ മൊഴി. എന്നാൽ ഫോൺ നഷ്ടപ്പെട്ടതായി പറയുന്ന വളപട്ടണം പുഴയോരത്തു നടത്തിയ തെളിവെടുപ്പിനു ശേഷമാണ് അർജുൻ വസ്തുതകൾ വെളിപ്പെടുത്താൻ തുടങ്ങിയത്.
നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലും മുഖ്യപ്രതി കെ.ടി. റമീസ് കസ്റ്റംസിന്റെ പിടിയിലാകും മുൻപു നിർണായക തെളിവുകൾ അടങ്ങിയ മൊബൈൽ ഫോൺ തീയിട്ടു നശിപ്പിച്ചിരുന്നു. ഇതിന് സമാനമായ തെളിവ് നശിപ്പിക്കലാണ് അർജുനും നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ