- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലയത്തിലെ കഷ്ടപാടുകൾക്കിടയിൽ മൊട്ടിട്ടത് പഠനത്തോടുള്ള പ്രണയം; ട്യൂഷൻ എടുത്തും തേയില ചാക്ക് ചുമന്നും മുമ്പോട്ട് നീങ്ങി; ബിടെക്കിന് ശേഷം ടിസിഎസിൽ ചേർന്നത് ദാരിദ്രം മാറ്റാൻ; അച്ഛനും അമ്മയും യെസ് മൂളിയപ്പോൾ ആ ലക്ഷ്യവും നേടി; അർജുൻ പാണ്ഡ്യൻ ഐഎഎസ് ഇനി സ്വന്തം നാട്ടിൽ
തൊടുപുഴ: ഇടുക്കി ഹൈറേഞ്ചിലെ ഒരു ലയത്തിൽ ജീവിതം ആരംഭിച്ചു സിവിൽ സർവീസ് നേടിയ അർജുൻ പാണ്ഡ്യൻ. നിശ്ചയദാർഢ്യമുണ്ടെങ്കിൽ സിവിൽ സർവീസ് സ്വപ്നം സാക്ഷാത്ക്കരിക്കാൻ സാമ്പത്തിക പരാധീനതകൾ തടസ്സമാകില്ലെന്നു തെളിയിക്കുകയാണ് അർജുന്റെ ജീവിതം. ഇനി അർജുൻ ഇടുക്കിയിൽ ഉണ്ടാകും. ജില്ലാ വികസന കമ്മീഷണറായി ഇടുക്കിയിൽ വീണ്ടും എത്തുകയാണ് ഈ സിവിൽ സർവ്വീസുകാരൻ. മാനന്തവാടി സബ് കലക്ടർ ആയിരിക്കെയാണ് മാറ്റം.
ഏലം കർഷകൻ സി.പാണ്ഡ്യന്റെയും അങ്കണവാടി അദ്ധ്യാപിക ഉഷയുടെയും മകനാണ് ഈ സിവിൽ സർവ്വീസുകാരൻ. നൂറ്റാണ്ടുകൾക്കു മുൻപ് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽനിന്നു തോട്ടം ജോലികൾക്കായി ഹൈറേഞ്ചിലേക്കു കുടിയേറിയവരാണ് പൂർവികർ. കഷ്ടതകൾക്കിടയിലും എങ്ങനേയും പഠിക്കണമെന്നത് മാത്രമായിരുന്നു കൊച്ചു പാണ്ഡ്യന്റെ ചിന്ത. അതിന് വേണ്ടി പാടുപെട്ടു. ഒടുവിൽ ഐഎഎസും സ്വന്തമാക്കി.
കാവക്കുളത്തെ വീട്ടിൽനിന്ന് 10 കിലോമീറ്റർ അകലെ പീരുമേട്ടിലെ സ്‌കൂളിൽ എത്തിയായിരുന്നു അർജുന്റെ പ്രാഥമിക വിദ്യാഭ്യാസം. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി കൊച്ചു പ്രായത്തിലേ അർജുൻ കുട്ടികൾക്ക് ട്യൂഷൻ എടുത്തു. അവധിദിവസങ്ങളിൽ തേയിലച്ചാക്ക് ചുമന്നു. തിരുവനന്തപുരം കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു പഠനത്തിനു ശേഷം കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ ബിടെക് പൂർത്തിയാക്കി. പിന്നെ സിവിൽ സർവ്വീസ് പഠനം.
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ അർജുൻ കുട്ടികൾക്ക് ട്യൂഷൻ എടുത്തു പണം കണ്ടെത്തി. അവധിദിവസങ്ങളിൽ തേയിലച്ചാക്ക് ചുമന്നു. തിരുവനന്തപുരം കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു പഠനത്തിനു ശേഷം കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ ബിടെക് പൂർത്തിയാക്കി. മിക്ക സഹപാഠികളും എംടെക്കിനു ചേർന്നപ്പോൾ അർജുന് ആവശ്യം പെട്ടെന്നൊരു ജോലിയായിരുന്നു. വീട്ടുകാരെ സഹായിക്കണം. സാമ്പത്തികമായി കരകയറ്റണം.
ഇതിനിടെ ടിസിഎസിൽ ജോലി കിട്ടിയിരുന്നു. എന്നാൽ മനസ്സിൽ തൃപ്തി തോന്നിയില്ല. എംടെക് പഠിക്കുന്നതിനേക്കാൾ താൽപ്പര്യം സിവിൽ സർവ്വീസിനോടായി. അങ്ങനെ പഠനം ഗൗരവത്തോടെ എടുത്തു. ആദ്യത്തെ 3 മാസം അവധിയെടുത്തായിരുന്നു തിരുവനന്തപുരത്തെ പഠനം. എത്ര കഷ്ടപ്പെട്ടാലും മകന് ഇഷ്ടമുള്ളത്രയും പഠിക്കാൻ മാതാപിതാക്കൾ പിന്തുണ നൽകി. ഇതോടെ ജോലി രാജിവച്ചു. പിന്നെ പൂർണ്ണ സമയ പഠനം. അതു വെറുതേയുമായില്ല.
2014ൽ ടിസിഎസിൽനിന്നു രാജിവച്ചു മുഴുവൻ സമയവും പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2016ൽ ഐഎഎസ് നേടി. 2019ൽ ഒറ്റപ്പാലം സബ് കലക്ടർ ആയി. പാലക്കാട് മെഡിക്കൽ കോളജിന്റെ സ്‌പെഷൽ ഓഫിസർ പദവിയും ഉണ്ടായിരുന്നു. വികസന പ്രശ്‌നങ്ങളിൽ ജനങ്ങൾക്കൊപ്പം അവരെ വിശ്വാസത്തിലെടുത്തു പ്രവർത്തിക്കാനാണ് ഈ ഐഎഎസുകാരന് താൽപ്പര്യം. മലയാറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. പി.ആർ.അനുവാണു ഭാര്യ.
''നമ്മുടെ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള സ്വപ്നങ്ങളേ കുട്ടിക്കാലത്തൊക്കെ കാണൂ. പക്ഷേ, കുറച്ചുകൂടി മുതിരുമ്പോൾ മനസ്സിലാകും, നമുക്ക് ഇനിയും ഉയരങ്ങളിൽ എത്താനുണ്ടെന്ന്. ആ നിമിഷത്തിൽ ഉചിതമായ തീരുമാനമെടുക്കുകയെന്നതാണു പ്രധാനം''- അർജുൻ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ