- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഷൈല്ലോക്ക് ആകുന്ന റിസോർട്ട് ഉടമയിൽ നിന്നും കാരുണ്യം വിതറുന്ന പോട്ടർമാരിലേക്കുള്ള ദൂരം: സമൂഹത്തിലെ നന്മ തിരിച്ചറിയാനുള്ള രണ്ട് സംഭവങ്ങൾ
ഒരു 120 രൂപയുടെ കഥയാണിത്... സമൂഹത്തിന്റെ രണ്ടറ്റത്തുള്ളവർ പണത്തെ എങ്ങനെ നോക്കികാണുന്നു എന്ന കൗതുകമുള്ള കഥ... ആതിഥ്യമര്യാദരാമന്മാരെന്നും പിടിച്ചുപറി ഭീകരന്മാർ എന്നും നാം പൊതുവെ മുൻവിധിയോടെ കാണാറുള്ള രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലെ പ്രതിനിധികളിൽ നിന്നും, എനിക്കുണ്ടായ രണ്ട് വ്യത്യസ്താനുഭവങ്ങളുടെ കഥ... ജീവിതത്തിന്റെ അത്ഭുതകരമായ വകഭേദങ
ഒരു 120 രൂപയുടെ കഥയാണിത്... സമൂഹത്തിന്റെ രണ്ടറ്റത്തുള്ളവർ പണത്തെ എങ്ങനെ നോക്കികാണുന്നു എന്ന കൗതുകമുള്ള കഥ... ആതിഥ്യമര്യാദരാമന്മാരെന്നും പിടിച്ചുപറി ഭീകരന്മാർ എന്നും നാം പൊതുവെ മുൻവിധിയോടെ കാണാറുള്ള രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലെ പ്രതിനിധികളിൽ നിന്നും, എനിക്കുണ്ടായ രണ്ട് വ്യത്യസ്താനുഭവങ്ങളുടെ കഥ... ജീവിതത്തിന്റെ അത്ഭുതകരമായ വകഭേദങ്ങളെക്കുറിച്ചുള്ള നൂറുനൂറ് പാഠങ്ങൾ ഞങ്ങൾക്ക് പഠിപ്പിച്ചുതരുന്ന Arm of Joy (www.armofjoy.org) എന്ന സംരംഭത്തിലൂടെ തന്നെ അനുഭവിച്ചറിഞ്ഞ ഒരു ടോട്ടൽ കോൺട്രാസ്റ്റ് കഥ...
ഒന്നാമത്തെ സംഭവം നടക്കുന്നത് കോഴിക്കോട്ടെ ബേപ്പൂരിലുള്ള ഒരു ബീച്ച് റിസോർട്ടിൽ... ലുക്കീമിയ ബാധിതരായി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കുറെ പിഞ്ചുകുട്ടികളെയും, എപ്പോഴും കണ്ണ് നനഞ്ഞ് കിടക്കുന്ന അവരുടെ അമ്മമാരെയും കൂട്ടിയാണ് ഒരിക്കൽ ഞങ്ങൾ പ്രസ്തുത റിസോർട്ടിലെത്തിയത്. ഉച്ചഭക്ഷണത്തിനും, ശേഷം കുറച്ച് സമയം കുട്ടികൾക്ക് ഓടികളിക്കാനും മറ്റുമുള്ള സൗകര്യത്തിനുമായാണ് ഈ റിസോർട്ട് തന്നെ തിരഞ്ഞെടുത്തിരുന്നത്. റിസോർട്ട് ഉടമയായ സ്ത്രീരത്‌നത്തിനെ ആദ്യമേ ഫോണിൽ ബന്ധപ്പെട്ടപ്പോഴേ 'തലയൊന്നിന് 200 രൂപ' എന്ന് പറഞ്ഞിരുന്നു. ചില തലകൾ വെജ് മാത്രമേ കഴിക്കൂ എന്ന് പറഞ്ഞപ്പോൾ, 'നോ പ്രോബ്ലം സർ... അറേഞ്ച് ചെയ്യാം...' എന്ന് കോർപ്പറേറ്റ് സ്ലാങ്ങിലുള്ള മറുപടി...
അണുബാധയുണ്ടാവാതിരിക്കാനുള്ള മാസ്‌ക്കും കെട്ടി ആരുടേയും കരളലിയിക്കുന്ന ആ കുട്ടികളും അമ്മമാരും, പിന്നെ ഞങ്ങൾ കുറച്ച് സംഘാടകരും റിസോർട്ടിൽ വച്ച് ഭക്ഷണം കഴിക്കുന്നു... നോൺ വെജ് ബിരിയാണിയിലെ കുറച്ച് റൈസ് എടുത്ത് വേറെ പാത്രത്തിലാക്കി, വെറും അച്ചാറ് മാത്രം കൂടെ തന്ന്, വെജിറ്റേറിയൻകാരെ വേണ്ടുവോളം പരീക്ഷിച്ചപ്പോൾ തന്നെ റിസോർട്ട് ഉടമയുടെ ക്ലാസ് എത്രത്തോളം ഉണ്ടെന്ന് ഏകദേശം ബോധ്യപ്പെട്ടിരുന്നു... 75 പേർക്കായി പറഞ്ഞുവച്ച ഭക്ഷണത്തിനുള്ള 15,000 രൂപയുടെ ചെക്ക് നേരത്തെ എഴുതാതെ, ഉടമയുടെ അടുത്തേക്ക് ഞാൻ ചെന്നത്, ഒരൽപ്പം സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ എന്തെങ്കിലും ഡിസ്‌ക്കൗണ്ട് ചെയ്ത് തരുമായിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു... എന്നാൽ ഉടമയായ സ്ത്രീരത്‌നം മൊഴിഞ്ഞത് ഇങ്ങനെ, 'സർ, പറഞ്ഞതിലും 15 പ്ലേറ്റുകൾ അധികം വന്നിട്ടുണ്ട്... ഒരു ത്രീ തൗസന്റ് റുപ്പീസ് കൂടെ അധികം ആവും...'
'എന്റെ ചേച്ചീ... ഈ എട്ടും പത്തും വയസ്സുള്ള പാവം പിള്ളേർക്കായി വച്ച ബിരിയാണിയുടെ അളവൊന്നും കൂടി കാണില്ലല്ലോ, ഇങ്ങനെ പെർ ഹെഡ് നോക്കി, കൊന്ന് കൊല വിളിക്കാൻ...' എന്ന് ചോദിക്കാൻ നാവ് ചൊറിഞ്ഞെങ്കിലും, മിണ്ടിയില്ല... 18,000 രൂപ തന്നെ തികച്ച് കൊടുത്തു... കൈപ്പടയിൽ എഴുതിയ ഒരു മൂന്നാംകിട ബില്ലും തന്ന് ചേച്ചി വേഗം പോയി.
കഥ ഇവിടെ അവസാനിക്കുന്നില്ല. ഒരാഴ്ച കഴിഞ്ഞുണ്ട് ചേച്ചി പിന്നേയും വിളിക്കുന്നു. 'ഞങ്ങളുടെ സർവീസ് എങ്ങനെ ഉണ്ടായിരുന്നു' എന്ന് ചോദിക്കാനുള്ള Courtsey Call ആയിരിക്കും എന്ന് കരുതിയ എന്നെ, ഇത്തവണ ചേച്ചി ശരിക്കും ഞെട്ടിച്ച് കളഞ്ഞു. 'അതേ... സർ... അന്ന് ആ കുട്ടികൾ നാല് മിനറൽ വാട്ടർ ബോട്ടിൽസ് എടുത്തിരുന്നു.. അതിന്റെ ഒരു 120 റുപ്പീസ് കൂടെ പെന്റിങ്ങ് ഉണ്ട്...'
സാമൂഹിക പ്രതിബദ്ധതയും മണ്ണാങ്കട്ടയുമൊക്കെ അവിടെ നിക്കട്ടെ... ബിസിനസ് ടേംസിൽ സംസാരിച്ചാൽ തന്നെ, 18,000 രൂപയുടെ ബിൽ എമൗണ്ട് നെഗോസിയേഷൻ പോലുമില്ലാതെ സെറ്റിൽ ചെയ്ത ഒരു ക്ലൈന്റിനോടാണ്, ഇച്ചേച്ചി ഒരാഴ്ച കഴിഞ്ഞ് 120 രൂപ ചോദിക്കാൻ പിന്നേയും വിളിക്കുന്നത്.... പിറ്റേന്ന് തന്നെ അവരുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുകൊടുത്തു, റിസോർട്ടിന് ഔട്ട്സ്റ്റാന്റിങ്ങ് ആയിപ്പോയ ആ 120 ഉലുവ...
രണ്ടാമത്തെ സംഭവം നടക്കുന്നത് കണ്ണൂർ നഗരത്തിലെ ബസ് സ്റ്റാന്റിലാണ്... നഗരത്തിൽ നിന്നും ഏകദേശം അമ്പത് കിലോമീറ്റർ അകലെ, മാനസിക അസ്വാസ്ഥ്യത്തോടെ അലഞ്ഞുതിരിയുന്നവർക്കായി നടത്തുന്ന ഒരു ആശ്രമത്തിലേക്ക്, അവർക്ക് കിടക്കാനുള്ള 20,000 രൂപ വില വരുന്ന 16 ബെഡുകൾ എത്തിക്കേണ്ടതുണ്ടായിരുന്നു... കോഴിക്കോട് നിന്നും തലേ ദിവസം പോട്ടർട്ടർമാരോട് പറഞ്ഞ് ഏർപ്പാടാക്കി, പുലർച്ചയ്ക്കുള്ള ബസ്സിൽ കണ്ണൂരിലെത്തിച്ച റെക്‌സിൻ ബെഡുകൾ... ഇനി അത് ബസ്സിന്റെ മേലെ നിന്നുമിറക്കി, ട്രോളിയിൽ ബസ് സ്റ്റാന്റിന് പുറത്തെത്തിച്ച്, ജീപ്പിൽ കയറ്റി കൊണ്ടുപോവണം...
കയറ്റിറക്ക് തൊഴിലാളികൾ എന്ന് കേൾക്കുമ്പോഴേ നമുക്കൊക്കെ ഒരുതരം വൈക്ലബ്യം ആണല്ലോ... അൺലോഡിങ്ങും ലോഡിങ്ങും ഒക്കെ കഴിഞ്ഞ്, 'എത്രയായി ഏട്ടാ' എന്ന് കഴിയാവുന്നത്ര വിനയത്തിൽ ചോദിച്ചപ്പോൾ, പോർട്ടർമാരുടെ നേതാവായ ചേട്ടൻ സാമാന്യം സ്‌ട്രോങ്ങായി തന്നെ പറഞ്ഞു, '120 രൂപ'. പേഴ്‌സിൽ നിന്നും പണമെടുക്കുമ്പോൾ ചേട്ടന്റെ ചോദ്യം, 'ഏടേക്കാ?'. പണം കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു, 'ആലക്കോടിനടുത്ത് മാനസികരോഗികൾക്കുള്ള ഒരു ആശ്രമത്തിലേക്കാ...'. കൊടുത്ത നോട്ടുകളിൽ നിന്നും 20 രൂപ മടക്കി തന്ന് പോർട്ടർ ചേട്ടൻ അപ്പോൾ പറയുകയാണ്, 'ഇതാടെ വച്ചോ... ഒര് നല്ല കാര്യത്തിനല്ലേ...'
ഞാൻ പറഞ്ഞ ആശ്രമത്തിന്റെ കാര്യമൊക്കെ സത്യമാണോ എന്നുപോലും ഉറപ്പിക്കാൻ കഴിയുമായിരുന്നില്ല ആ പോർട്ടർ ചേട്ടന്... എന്നിട്ടും മറ്റൊന്നും ചിന്തിക്കാതെ ആ ചേട്ടൻ മടക്കി തന്ന 20 രൂപയുണ്ടല്ലോ... അതിന്റെ വിലയറിയാൻ, കാൻസർ ബാധിതരായ മാസ്‌ക്കിട്ട കുഞ്ഞുങ്ങൾ കുടിച്ചു പോയ വെള്ളത്തിന്റെ നാല് ബോട്ടലിന് കണക്ക് പറഞ്ഞ റിസോർട്ട് ചേച്ചിക്ക്, ഈ ജന്മം മുഴുവൻ മെനക്കെട്ടാലും കഴിയും എന്ന് തോന്നുന്നില്ല...
പ്രിയ സുഹൃത്തുക്കളെ, ഒരാൾ സമ്പന്നൻ ആവുന്നത്, കൈയിലുള്ള പണത്തിന്റെയോ പേരിലുള്ള സ്വത്തിന്റെയോ വലിപ്പത്തിലല്ല... എത്ര ചെറുതാണെങ്കിൽ പോലും, തന്നെ കൊണ്ടാവുന്ന ഒരു നന്മ ചെയ്യാനുള്ള മനസ്സിന്റെ വലിപ്പത്തിലാണ് ഒരു മനുഷ്യന്റെ സമ്പന്നത...
(ഫേസ്‌ബുക്കിൽ അതിവേഗം വൈറലായ ഈ കുറിപ്പ് എഴുതിയത് ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല. എങ്കിലും സമൂഹത്തിലെ രണ്ട് മുഖങ്ങൾ കാണിക്കാൻ വേണ്ടിയാണ് മറുനാടൻ ഈ കുറിപ്പ് ഷെയർ ചെയ്യുന്നത്. അനസ് വയനാട് എന്നയാളിൽ നിന്നുമാണ് ഞങ്ങൾ ഈ പോസ്റ്റ് എടുക്കുന്നത്).