ബെംഗളൂരു: 32 മലയാളി നഴ്‌സുമാരെ അർമേനിയയിലേക്ക് കടത്താൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ. ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും ടോണി ടോം (40) എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വ്യാജ കോഴ്‌സ് വാഗ്ദാനം ചെയ്താണ് ഇയാൾ 32 മലയാളി നഴ്‌സുമാരെ അർമേനിയയിലേക്കു കടത്താൻ ശ്രമിച്ചത്. എന്തിനാണ് ഇയാൾ നഴ്‌സുമാരെ അർമേനിയയിലേക്ക് കടത്താൻ ശ്രമിച്ചതെന്ന കാര്യത്തിൽ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പൊലീസ്.

ബാംഗ്ലൂർ വിമാനത്താവളത്തിലെത്തിയ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിലാണ് നഴ്‌സുമാർ രക്ഷപ്പെട്ടത്. അർമേനിയയിൽ ഇല്ലാത്ത കോഴ്‌സ് വാഗ്ദാനം ചയ്താണ് ഇയാൾ 32 മലയാളി നഴ്‌സുമാരെയും അർമേനിയയിലേക്ക് കടത്താൻ ശ്രമിച്ചത്. എന്നാൽ ഇതിന് പിന്നിലെ ഉദ്ദേശം എന്തെന്ന് വ്യക്തമല്ല. എറണാകുളം കോതമംഗലം സ്വദേശിയും മംഗളൂരു കങ്കനാടിയിൽ ഹോപ്‌സിൻ എജ്യുക്കേഷൻ ഇന്റർനാഷനൽ എന്ന സ്ഥാപനം നടത്തുകയാണ് ടോണി ടോം. ഇയാളുടെ കൂടെയുണ്ടായിരുന്ന 32 നഴ്‌സുമാരെ മൊഴിയെടുത്തശേഷം പൊലീസ് വിട്ടയച്ചു. ഇയാൾക്കെതിരെ മനുഷ്യക്കടത്തിനു കേസെടുത്തു.

ജർമൻ ഭാഷാ കോഴ്‌സിനെന്നുപറഞ്ഞാണ് നഴ്‌സുമാരെ അർമീനിയയിലേക്ക് കൊണ്ടുപോകാനിരുന്നതെന്നും അതുവഴി ജർമനിയിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്നും ബംഗളൂരു നോർത്ത് ഡിവിഷൻ ഡെപ്യൂട്ടി കമീഷണർ കാലാ കൃഷ്ണസ്വാമി പറഞ്ഞു. വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിന് സംശയം തോന്നി പൊലീസിൽ അറിയിക്കുകയായിരുന്നു. എമിഗ്രേഷൻ വിഭാഗത്തിന്റെ പരാതിപ്രകാരമായിരുന്നു അറസ്റ്റ്.

ജർമൻ ഭാഷ പഠിച്ചാൽ വിദേശത്തെ ആശുപത്രികളിൽ നല്ല ജോലിസാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ടോം പത്രങ്ങളിൽ പരസ്യം നൽകിയാണ് നഴ്‌സിങ് ബിരുദ വിദ്യാർത്ഥികളെ അപേക്ഷകരായി കണ്ടെത്തിയത്. അർമീനിയയിലേക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനായി പലരും പോകാറുണ്ടെങ്കിലും ഒരേ സ്ഥലത്തുനിന്ന് യു.ടി.എം.എയിലേക്ക് ഇത്രയേറെ പേർ ഒന്നിച്ചുപോകുന്നത് ആദ്യമായാണ്. ഇതാണ് എമിഗ്രേഷൻ അധികൃതർക്ക് സംശയത്തിനിടയാക്കിയത്.

യൂണിവേഴ്‌സിറ്റി ഓഫ് ട്രഡീഷനൽ മെഡിസിൻ ഓഫ് അർമേനിയയിൽ (യുടിഎംഎ) ജർമൻ ഭാഷാ പഠന കോഴ്‌സിൽ ചേർക്കാമെന്നു പറഞ്ഞാണു യുവതികളെ വിമാനത്താവളത്തിൽ എത്തിച്ചത്. ജർമൻ പഠിച്ചാൽ ജർമനിയിൽ പെട്ടെന്നു ജോലി കിട്ടുമെന്നു വിശ്വസിപ്പിച്ച് മുൻകൂറായി ഏകദേശം നാലുലക്ഷം രൂപയാണ് ഓരോരുത്തരിൽനിന്നും വാങ്ങിച്ചത്. എമിഗ്രേഷൻ അധികൃതർ അന്വേഷിച്ചപ്പോൾ യുടിഎംഎയിൽ ജർമൻ കോഴ്‌സ് ഇല്ലെന്നു മനസ്സിലായതിനെ തുടർന്നാണ് അറസ്റ്റ്. യുവതികളെ സ്വദേശങ്ങളിലേക്കു തിരിച്ചയച്ചു.

മംഗളൂരുവിലെ നഴ്‌സിങ് പഠനകാലത്താണ് ഇവരെ ടോണി സമീപിച്ചത്. നഴ്‌സുമാരെ അർമേനിയയിൽ എത്തിക്കാൻ ശ്രമിച്ചത് എന്തിനായിരുന്നെന്ന് അറിയാൻ ചോദ്യംചെയ്യൽ തുടരുമെന്നു പൊലീസ് അറിയിച്ചു. മനുഷ്യക്കടത്തുമായി ബന്ധമുണ്ടോ നേരത്തെ ഇതു പോലെ മലയാളി നഴ്‌സുമാരെ ഇയാൾ അർമേനിയയിലേക്കോ മറ്റേതെങ്കിലും രാജ്യത്തേക്കോ കടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. ഇയാൾ ഇതുവരെ വിദേശ രാജ്യങ്ങളിലേക്ക് കടത്തിയിട്ടുള്ള ആളുകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.