വാഷിംങ്ടൺ: അമേരിക്കയിലെ സ്‌കൂളുകളിൽ നടക്കുന്ന ആക്രമണം തടയാൻ അദ്ധ്യാപകർക്ക് തോക്കു നൽകണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്‌ളോറിഡയിലെ സ്‌കൂളിൽ നടന്ന പോലെയുള്ള അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത് ഉപകരിക്കുമെന്നും ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസിൽ ഫ്‌ളോറിഡ അക്രമത്തിൽ രക്ഷപ്പെട്ട വിദ്യാർത്ഥികളും, മരിച്ചവരുടെ മാതാപിതാക്കളും ഉൾപ്പെട്ട വികാര നിർഭരമായ യോഗത്തിൽ സംസാരിക്കുമ്പോഴാണ് ട്രംപിന്റെ പ്രസ്താവന.

പരിശീലനം ലഭിച്ച അദ്ധ്യാപകരോ സുരക്ഷ ജീവനക്കാരോ ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള അക്രമങ്ങൾ ഫലപ്രദമായി തടയാമെന്നും ഇവർക്ക് പ്രത്യേകം പരീശീലനം നൽകണമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ അഭിപ്രായത്തോട് ചില മാതാപിതാക്കൾ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു.

അദ്ധ്യാപകർക്ക് നിരവധി ഉത്തരവാദിത്തങ്ങളുണ്ടെന്നും. ആയുധ പരിശീലനവും,സുരക്ഷ ചുമതലയും ഏൽപ്പിച്ച് അവരിൽ അധിക സമ്മർദ്ദം ഏൽപ്പിക്കരുതെന്നും മാതാപിതാക്കൾ പറഞ്ഞു. ഫ്‌ളോറിഡ വെടിവെപ്പിനെ തുടർന്ന് അമേരിക്കയിലെങ്ങും പ്രതിഷേധം ശക്തമാണ്. ചെവ്വാഴ്ച ഓട്ടോമാറ്റിക് തോക്കുകളിലുപയോഗിക്കുന്ന ബംപ് സ്റ്റോക്കുകൾ നിരോധിക്കാൻ ട്രംപ് നീതി ന്യായ വിഭാഗത്തിന് നിർദ്ദേശം നൽകിയിരുന്നു.